ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്ന് ക്ലാസ്സിക്ക് പോരാട്ടങ്ങള്‍ അരങ്ങേറും. ദ്വിപാദ നോക്കൗട്ട് റൗണ്ടിന്റെ ആദ്യപാദത്തില്‍ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ആഴ്സണലും നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും ഏറ്റുമുട്ടുമ്പോള്‍ മിലാനിലെ സാന്‍ സിരിനോയില് എസി മിലാനും അത്ലറ്റികോ മാഡ്രിഡുമാണ് കൊമ്പുകോര്‍ക്കുന്നത്.
ജര്‍മ്മന്‍ ബുണ്ടസ് ലീഗയില്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി കിരീടത്തിലേക്ക് മുന്നേറുന്ന ബയേണ്‍ മ്യൂണിക്ക് ആഴ്സണലിന് കനത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്. പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ആഴസണലിന് ഇന്നത്തെ പോരാട്ടം ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ വര്‍ഷം സ്വന്തം തട്ടകത്തില്‍ ബയേണിനോടേറ്റ 3-1ന്റെ തോല്‍വിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഗണ്ണേഴ്സ് ഇന്ന് സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം എഫ്എ കപ്പിന്റെ അഞ്ചാം റൗണ്ട് മത്സരത്തില്‍ ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ആഴ്സണല്‍ നിലവിലെ ചാമ്പ്യന്മാര്ക്കെതിരെ അങ്കത്തിനിറങ്ങുന്നത്. അതേസമയം ജര്‍മ്മന്‍ ലീഗില്‍ പരാജയമറിയാത്ത കുതിപ്പ് നടത്തുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ബയേണ്‍ ഇന്ന് കളത്തലിറങ്ങുന്നത്. 21 മത്സരങ്ങളില്‍ നിന്ന് 19 വിജയം സ്വന്തമാക്കിയപ്പോള്‍ രണ്ടെണ്ണത്തില്‍ സമനില വഴങ്ങി. ഈ സീസണില്‍ ആകെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ബയേണ്‍ തോല്‍വിയറിഞ്ഞിട്ടുള്ളത്. സീസണ് മുന്നോടിയായി നടന്ന ഡിഎഫ്ബി സൂപ്പര്‍ കാപ്പില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോടും ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും.
സ്പാനിഷ് ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മികച്ച ഫോമിലാണ്. ഡീഗോ കോസ്റ്റയും റൗള്‍ ഗാര്‍ഷ്യയും ഉള്‍പ്പെട്ട മുന്നേറ്റ നിരയാണ് അവരുടെ കരുത്ത്. എന്നാല്‍ ലാ ലീഗയിലും സ്പാനിഷ് കിംഗ്സ് കാപ്പിലുമായി ഒടുവില്‍ കളിച്ച അഞ്ചെണ്ണത്തില്‍ മൂന്നെണ്ണത്തിലും പരാജയമേറ്റുവാങ്ങാനായിരുന്നു അത്ലറ്റികോയുടെ വിധി.
എസി മിലാന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സീരി എയില്‍ ഒമ്പതാം സ്ഥാനത്താണ് അവര്‍. സൂപ്പര്‍താരം മരിയോ ബലോട്ടെല്ലിയിലാണ് അവരുടെ പ്രതീക്ഷ മുഴുവന്‍. എന്തായാലും സ്വന്തം തട്ടകത്തില്‍ വിജയത്തിനായി ആഴ്സണലും എസി മിലാനും ഇറങ്ങുന്നതോടെ ബയേണ്‍ മ്യൂണിക്കിനും അത്ലറ്റികോ മാഡ്രിഡിനും കനത്ത വെല്ലുവിളി ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: