കൊച്ചി: ചൈനയിലേയും ഇന്ത്യയിലേയും വര്‍ദ്ധിച്ച ഡിമാന്‍ഡ് മൂലം കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന്റെ വില്‍പ്പന പുതിയ റിക്കാര്‍ഡിട്ടു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ ഗോള്‍ഡ് ഡിമാന്‍ഡ് ട്രെന്‍ഡ്സ് റിപ്പോര്‍ട്ടാണിത്. ഏറ്റവുമധികം സ്വര്‍ണം വിറ്റഴിയുന്ന വിപണി ചൈനയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളിലും സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ദ്ധിച്ചു, പ്രത്യേകിച്ച് അമേരിക്കയില്‍. ആഭരണങ്ങള്‍, സ്വര്‍ണക്കട്ടി, നാണയം എന്നിവയ്ക്കെല്ലാം ഏറെ ആവശ്യക്കാരുണ്ടായി.
2013-ല്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡില്‍ 21 ശതമാനം വളര്‍ച്ചയുണ്ടായി. എന്നാല്‍, ഇടിഎഫ് വഴിയുള്ള പുറത്തേയ്ക്ക് ഒഴുകിയത് 881 ടണ്‍ ആയിരുന്നു. അതുകൊണ്ട് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നെറ്റ് ഡിമാന്‍ഡ് ഈ വര്‍ഷം 15 ശതമാനം കുറഞ്ഞ് 3756 ടണ്ണിലെത്തി.
സ്വര്‍ണക്കട്ടിയിലും നാണയത്തിലുമുള്ള ആഗോള വാര്‍ഷിക നിക്ഷേപം കഴിഞ്ഞ വര്‍ഷം 1289 ടണ്‍ ആയിരുന്നത് ഈ വര്‍ഷം 28 % വര്‍ദ്ധിച്ച് 1654 ടണ്‍ ആയി.
കഴിഞ്ഞ വര്‍ഷം ചൈനയും ഇന്ത്യയും സ്വര്‍ണക്കട്ടിയിലും നാണയത്തിലും നടത്തിയ നിക്ഷേപം യഥാക്രമം 38,16 % വീതം വര്‍ദ്ധിച്ചു. അമേരിക്കയില്‍ സ്വര്‍ണക്കട്ടിക്കും നാണയത്തിനുമുള്ള ഡിമാന്‍ഡ് 26 % കൂടി 68 ടണ്ണിലെത്തി. ടര്‍ക്കിയില്‍ 113 % വര്‍ദ്ധനയുമായി 102 ടണ്‍ ആയിരുന്നു ഡിമാന്‍ഡ്.
ഇതേസമയം ആഭരണങ്ങള്‍ക്കുള്ള ഡിമാന്‍ഡ് ചൈനയില്‍ 29 % വളര്‍ച്ചയുമായി 519 ടണ്ണില്‍നിന്ന് 669 ടണ്ണായി ഉയര്‍ന്നു. ഇന്ത്യയില്‍ 11 % വളര്‍ച്ചയുമായി 552 ടണ്ണില്‍നിന്ന് 613 ടണ്ണായി ഉയര്‍ന്നു. ആഗോളതലത്തില്‍ 2209 ടണ്‍ ആയിരുന്നു ആഭരണങ്ങളുടെ ഡിമാന്‍ഡ്. 2008-ലെ സാമ്പത്തികമാന്ദ്യത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
പടിഞ്ഞാറന്‍ ഇടിഎഫ് വിപണി ഒഴികെ ആഗോളതലത്തില്‍ എല്ലാ മേഖലകളിലും സ്വര്‍ണം 2013-ല്‍ വളരെ ശക്തമായിരുന്നുവെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജി മാനേജിംഗ് ഡയറക്ടര്‍ മാര്‍കസ് ഗ്രബ് പറഞ്ഞു. ഉപയോക്താക്കളുടെ വര്‍ഷമായിരുന്നു കടന്നുപോയത്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്ന് കിഴക്കന്‍ രാജ്യങ്ങളിലേയ്ക്ക് ഡിമാന്‍ഡ് വര്‍ദ്ധിച്ചുവരികയാണ്, പ്രത്യേകിച്ച് സ്വര്‍ണക്കട്ടി, നാണയങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 3864 ടണ്‍ ആയിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 21 % വളര്‍ച്ചയാണിത്. ആഭരണങ്ങളുടെ ഡിമാന്‍ഡ് 17 % വര്‍ദ്ധിച്ച് 2209 ടണ്ണിലെത്തിയപ്പോള്‍ സ്വര്‍ണക്കട്ടിയുടെയും നാണയങ്ങളുടെയും ഡിമാന്‍ഡ് 28 % ഉയര്‍ന്ന് 1654 ടണ്ണിലെത്തി.
ചൈനയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 32 % വര്‍ദ്ധിച്ച് 1066 ടണ്ണിലെത്തിയപ്പോള്‍ ഇന്ത്യയില്‍ 13 % വര്‍ദ്ധനയുമായി 975 ടണ്‍ ആയി. കഴിഞ്ഞ വര്‍ഷം 864 ടണ്‍ ആയിരുന്നു ഇന്ത്യയിലെ ഡിമാന്‍ഡ്. കഴിഞ്ഞ വര്‍ഷം ടര്‍ക്കിയില്‍ 60 ശതമാനവും തായ്ലന്ഡില് 73 % യുഎസില്‍ 18 % വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: