കൊച്ചി : മെട്രോ ഒന്നാംഘട്ട നിര്‍മ്മാണത്തിന് കേന്ദ്രം അനുവദിച്ച തുകയില്‍ ഇക്യൂറ്റി നിക്ഷേപം കൂട്ടുന്നതിന് കെഎംആര്‍എല്‍ കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ സാധ്യത. 462 കോടി രൂപയാണ് ഇടക്കാല ബജറ്റില്‍ കൊച്ചിന് മെട്രോക്ക് അനുവദിച്ചിരിക്കുന്നത്.
ഇതില്‍ 233.43 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയിലുള്ള ഓഹരി പങ്കാളിത്തമാണ്. 66.95 കോടി രൂപ പലിശ രഹിത വായ്പയും 161.79 കോടി പുറമെ നിന്നുള്ള വായ്പാ തുകയുമാണ്. സാധാരണ പലിശ രഹിത വായ്പകള്‍ ആരും തിരിച്ചടക്കാറില്ല . വായ്പ ഇനത്തില്‍ ലഭിക്കുന്ന തുകയില്‍ നിന്നും റിവേഴ്സ് എസ്റ്റിമേറ്റ് സംവിധാനം വഴി കൂടുതല്‍ ഇക്യൂറ്റി ആവശ്യപ്പെടാനാണ് സാധ്യത. പദ്ധതിയില്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനുള്ള മൊത്തം ഓഹരി 1002.23 കോടി രൂപയാണ്.
മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടാന്‍ കെ.എം.ആര്.എല്‍ 16-ാ മതു ഡയറക്ടര്‍ ബോര്‍ഡുയോഗം അനുമതി നല്‍കിയിരുന്നു. അതിനായി 323 കോടി രൂപ ചെലവും വിലയരുത്തി. എന്നാല്‍ ഇപ്പോള്‍ അനുവദിച്ചിട്ടുള്ള തുകയില്‍ 323 കോടി കണ്ടെത്തുന്നതിനെ കുറിച്ച് വ്യക്തത ഒന്നും ഉണ്ടായിട്ടില്ല. 2395.48 കോടി രൂപയാണ് അടുത്ത സാമ്പത്തിക വര്‍ഷത്തെ കൊച്ചിന് മെട്രോയുടെ പദ്ധതിച്ചെലവ് കണക്കാക്കിയിരുന്നത്. 323 കോടി ഇതിനു പുറമെയാണ്. പദ്ധതി തൃപ്പൂണിത്തുറവരെ നീട്ടുമ്പോഴുള്ള ആകെ ചെലവ് 2718.48 കോടി രൂപയാണ്.
ഫ്രഞ്ച് ധനകാര്യസ്ഥാപനമായ ഏജന്‍സ് ഫ്രാഞ്ചൈസ് ഡവലപ്മെന്റ് (എ.എഫ്.ഡി) യും കൊച്ചിന് മെട്രോ റയില്‍ ലിമിറ്റഡും (കെ.എം.ആര്.എല്‍) തമ്മില്‍ ഒന്നാം ഘട്ട പദ്ധതിനിര്മാണത്തിനാവശ്യമായ 1527 കോടി രൂപ (180 മില്ല്യണ്‍ ഡോളര്‍) വായ്പ എടുക്കുന്നതിനുളള പ്രോജക്ട് ഉടമ്പടിയാണ് ഒപ്പു വച്ചിട്ടുള്ളത്. ഇപ്പോള്‍ കേന്ദ്രം അനുവദിച്ച 462 കോടി കൂടി ചേര്‍ത്താല്‍ ആകെ 1989.48 കോടി രൂപയാണ് 2014-15 സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി ചെലവിലേക്ക് തുക കണ്ടെത്തിയിരിക്കുന്നത്. ബാക്കി വേണ്ടി വരുന്ന 729.48 കോടി രൂപയില്‍ മെട്രോ നിര്‍മ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതാനുള്ള പണം കേരള സര്‍ക്കാരാണ് നല്‍കേണ്ടത്.
പദ്ധതി പൂര്‍ത്തീകരിക്കുന്ന മുറക്കാണ് വായ്പകള്‍ അനൂവദിക്കുന്നത് എന്നതിനാല്‍ മൂന്നു വര്‍ഷത്തിന് ഇപ്പുറം മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടുന്നതിന് ആവശ്യമായി വരുന്ന തുകയെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയതിനേക്കാള്‍ കൂടുതല്‍ തുക അനുവദിച്ചതില്‍ സന്തോഷമുണ്ടെന്നാണ് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു.
കെ.എം.കനകലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: