മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കിരീടപോരാട്ടം മുറുകുന്നു. ലീഗിലെ 24 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആദ്യ മൂന്ന് സ്ഥാനക്കാരായ ബാഴ്സലോണയും റയല്‍ മാഡ്രിഡും അത്ലറ്റികോ മാഡ്രിഡും 60 പോയിന്റുമായി ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഗോള്‍ വ്യത്യാസത്തിന്റെ മുന്‍തൂക്കത്തില്‍ ബാഴ്സ ഒന്നാമതും റയല്‍ രണ്ടാമതും അത്ലറ്റികോ മൂന്നാമതും നില്ക്കുന്നു. കഴിഞ്ഞ സീസണില്‍ ബാഴ്സലോണ ഏറെക്കുറെ ഏകപക്ഷീയമായാണ് കിരീടം നേടിയിരുന്നത്. എന്നാല്‍ ഇത്തവണ മൂന്നുടീമുകള്‍ക്കും ഒപ്പത്തിനൊപ്പം സാധ്യതയാണ് നിലനില്‍ക്കുന്നത്. ലീഗില്‍ 14 മത്സരങ്ങളാണ് ബാക്കിയുള്ളത്.
ഇന്നലെ പുലര്‍ച്ചെ അവസാനിച്ച മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഗറ്റാഫെയെ തകര്‍ത്തതോടെയാണ് കിരീടപോരാട്ടം കനക്കുന്നത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്ഡായുടെ അഭാവത്തിലും ഉജ്ജ്വല വിജയമാണ് റയല്‍ സ്വന്തമാക്കിയത്. റയലിന് വേണ്ടി ജീസ് റോഡ്രിഗസ്, കരിം ബെന്‍സേമ, ലൂക്കാ മോഡ്രിച്ച് എന്നിവര്‍ ഗോളുകള്‍ നേടി.
മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ റയല്‍ മുന്നിലെത്തി. ഗരെത്ത് ബെയ്ല് തള്ളിക്കൊടുത്ത പന്തുമായി മുന്നേറി ബോക്സില്‍ പ്രവേശിച്ച ശേഷം ജീസ് രണ്ട് പ്രതിരോധക്കാര്‍ക്കിടയിലൂടെ പായിച്ച വലംകാലന്‍ ഷോട്ട് മുഴുനീളെ പറന്ന ഗറ്റാഫെ ഗോളിയെയും കീഴടക്കി വലയില്‍ പതിച്ചു. പിന്നീട് 20-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയുടെ പാസില്‍ നിന്ന് ഗരെത്ത് ബെയ്ല് ബോക്സിന് പുറത്തുനിന്ന് ഉതിര്‍ത്ത ഷോട്ട് ഗോളി രക്ഷപ്പെടുത്തി. 27-ാം മിനിറ്റില്‍ റയല്‍ ലീഡ് ഉയര്‍ത്തി. ഇടതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ചുകയറി ഏയ്ഞ്ചല്‍ ഡി മരിയ നല്കിയ ക്രോസ് നെഞ്ചില്‍ സ്വീകരിച്ച് നിലത്തിട്ടശേഷം പോസ്റ്റിന് മുന്നില്‍വച്ച് കരിം ബെന്‍സേമ നിറയൊഴിക്കുകയായിരുന്നു. 32-ാം മിനിറ്റില്‍ ബെയ്ലിന്റെ മറ്റൊരു ശ്രമവും പാഴായി. ഇതിനിടെ ഗറ്റാഫെയും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും റയല്‍ ഗോളിയെ കാര്യമായി പരീക്ഷിക്കാന്‍ കഴിഞ്ഞില്ല.
പിന്നീട് രണ്ടാം പകുതി ആരംഭിച്ച് അധികം കഴിയും മുന്നേ ഡി മരിയയുടെ ഒരു ശ്രമവും ഗറ്റാഫെ ഗോളി രക്ഷപ്പെടുത്തി. 66-ാം മിനിറ്റില്‍ റയല്‍ മൂന്നാം ഗോളും നേടി. മാഴ്സെലോ നല്കിയ പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് ലൂക്കാമോഡ്രിച്ച് ഉതിര്‍ത്തി ലോംഗ്റേഞ്ചറാണ് ഗറ്റാഫെ വലയില്‍ കയറിയത്. അതേസമയം ലീഗില്‍ നാലാം സ്ഥാനത്തുള്ള അത്ലറ്റികോ ബില്‍ബാവോക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. എസ്പാനിയോളാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബില്‍ബാവോയെ കീഴടക്കിയത്. മറ്റൊരു മത്സരത്തില്‍ ഗ്രനാഡ 1-0ന് റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തിയപ്പോള്‍ സെവിയ-വലന്‍സിയ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: