ന്യൂദല്‍ഹി: ഏറ്റവും കഴിവുകെട്ട സര്‍ക്കാരെന്ന് തെളിയിച്ചുകൊണ്ട് ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വീണതോടെ അവസാനിച്ചത് ദുസ്വപ്നമാണെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി. കഴിഞ്ഞ 49 ദിവസങ്ങള്‍ വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിനെയാണ് കാണേണ്ടിവന്നത്. പ്രത്യേകമായ അജണ്ടയും പ്രത്യേക ആശയങ്ങളുമില്ലാതെ ക്ഷുദ്രരാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു ദല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ചെയ്തിരുന്നതെന്നും അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
ബുദ്ധിപരമായ രാഷ്ട്രീയം മാത്രമാണ് നടന്നത്, ഭരണം നടന്നില്ല. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരായിരുന്നു ദല്‍ഹിയിലേത്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നല്‍കിയത് ബിജെപിക്കാണ്. കോണ്‍ഗ്രസിനോടുള്ള വിരോധം മുതലാക്കി 28 സീറ്റുകളില്‍ ജയിച്ചു കയറിയ ആംആദ്മി പാര്‍ട്ടി സര്‍ക്കാരുണ്ടാക്കുന്നതിനായി കോണ്‍ഗ്രസിന്റെ തന്നെ പിന്തുണ തേടിയത് എഎപിയോടുള്ള അവമതിപ്പിനു കാരണമായി.
ഭരണപരമായി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വാഗ്ദാനങ്ങളിലൊന്നും സര്‍ക്കാര്‍ ഇടപെട്ടില്ല. കുടിവെള്ള വിതരണ സംവിധാനം വിപുലീകരിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തിരുന്നോ. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചോ. പുതിയ സ്കൂളുകളും കോളേജുകളും തുടങ്ങുന്നതിനേപ്പറ്റി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചോ. ദല്‍ഹി മെട്രോയുടെ അടുത്ത ഘട്ടത്തേപ്പറ്റിയോ കൂടുതല്‍ പിഡബ്ല്യൂഡി റോഡുകളുടെ നിര്മ്മാണത്തേപ്പറ്റിയോ ചെറുതായെങ്കിലും ആലോചിച്ചോ. ഇത്തരം അടിസ്ഥാന പ്രശ്നങ്ങളിലേക്കൊന്നും തിരിഞ്ഞുനോക്കാതെ മുന്നോട്ടു പോയതാണ് സര്‍ക്കാര്‍ വീഴാന്‍ കാരണം, അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ സമരം ചെയ്യുന്നതില്‍ മാത്രമാണ് ഭരണത്തിലിരിക്കുമ്പോഴും ശ്രമിച്ചത്. കേന്ദ്രആഭ്യന്തരമന്ത്രിക്കെതിരെ,ലഫ്.ഗവര്‍ണ്ണര്‍ക്കെതിരെ, പോലീസ് കമ്മീഷണര്‍ക്കെതിരെ, ആഫ്രിക്കന്‍ വനിതകള്‍ക്കെതിരെ എല്ലാം അവര്‍ സമരത്തിലായിരുന്നു. ഇതെല്ലാം ദിവസം കഴിയുംതോറും സര്‍ക്കാരിന്റെ ജനപ്രിയത നഷ്ടമാക്കിയിരുന്നു. ചൈനാക്കടയിലെ കാളയുടെ അവസ്ഥയായിരുന്നു എഎപിക്ക്.
തെരുവില്‍ ആണത് കൂടുതല്‍ ചേരുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ലോക്പാലില്‍ നിന്നും വലിയ വത്യാസങ്ങളൊന്നും എഎപി സര്‍ക്കാരിന്റെ ജനലോക്പാലിലും ഇല്ല. എന്നാല്‍ തെറ്റായ പ്രചാരണം നടത്തി മുന്നോട്ടു പോകുന്നതില്‍ മാത്രമാണ് എഎപി ശ്രമിച്ചത്. രാഷ്ട്രീയത്തിലെ വത്യസ്തതയെന്നവകാശപ്പെട്ട അവര്‍ക്ക് അതൊന്നും കാഴ്ചവയ്ക്കാനായില്ല. ജനങ്ങളുടെ വികാരങ്ങളെ മുതലെടുക്കുന്നതും വാചക കസര്‍ത്തുകൊണ്ട് ജനശ്രദ്ധ തിരിച്ചുവിടുന്നതും കള്ളം പ്രചരിപ്പിക്കുന്നതുമായ രാഷ്ട്രീയമാണ് അവര്‍ കാഴ്ച വെച്ചതെന്നും അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: