കോട്ടയം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് പൂര്‍ണമായിരുന്നു. കെഎസ്ആര്‍ടി അധിക സര്‍വ്വീസ് നടത്തിയെങ്കിലും സ്വകാര്യ ബസ് സര്‍വ്വീസ് പൂര്‍ണമായും നിര്‍ത്തിവെച്ചിരുന്നു. ജില്ലയില്‍ ഇന്നലെ ഒരിടത്തും സ്വകാര്യബസ് സര്‍വ്വീസ് നടത്തിയില്ല.
വേതനം സംബന്ധിച്ച് ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ എടുത്ത തീരുമാനം ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പണിമുടക്ക്. പണിമുടക്കിനോടനുബന്ധിച്ച് ബസ് തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി.
സര്‍വ്വീസ് കുറവുള്ള പ്രദേശങ്ങളിലാണ് കെഎസ്ആര്‍ടിസി അധിക സര്‍വ്വീസ് നടത്തിയത്. എന്നാല്‍ ചില സ്ഥലങ്ങളിലേക്ക് ജീപ്പും, മിനി ബസുകളും സമാന്തര സര്‍വ്വീസുകള്‍ നടത്തിയത് യാത്രക്കാര്‍ക്ക് സഹായമായി. മെഡിക്കല്‍ കോളേജ്, ഏറ്റുമാനൂര്‍, പാമ്പാടി, മണര്‍കാട്, എന്നിവിടങ്ങളിലേക്കാണ് സമാന്തര സര്‍വ്വീസുകള്‍ നടത്തിയത്. ഇന്നലെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയായിരുന്നു പണിമുടക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: