ബാംഗ്ലൂര്‍: മംഗള്‍യാന്റെ ജൈത്രയാത്ര നൂറാംദിനം പിന്നിട്ടു. ചൊവ്വാ പര്യവേക്ഷണത്തിന് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമാണ് മംഗള്യാന്. ഇന്നലെയാണ് ഐഎസ്ആര്‍ഒയുടെ പദ്ധതിയായ മംഗള്യാന് നൂറാം ദിനം പിന്നിട്ടത്. കഴിഞ്ഞ നവംബര്‍ അഞ്ചിന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ച മംഗള്യാന് ചൊവ്വയിലെത്തണമെങ്കില്‍ ഇനി 210 ദിവസംകൂടി സഞ്ചരിക്കേണ്ടതായുണ്ട്. ഇതോടെ ചൊവ്വയില്‍ ഉപഗ്രഹം എത്തിക്കുന്ന അപൂര്‍വം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടും.
മംഗള്യാന് ഇതിനകം 190 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചു കഴിഞ്ഞു. ചൊവ്വാ ഗ്രഹത്തെ ലക്ഷ്യം വച്ച് ഇനി 590 ദശലക്ഷം കിലോമീറ്റര്‍കൂടി സഞ്ചരിക്കണം. മംഗള്യാന് സാധാരണ നിലയില്‍ തന്നെയാണ് യാത്ര തുടരുന്നതെന്നും ഒരുതരത്തിലുള്ള ആശങ്കയ്ക്കും സ്ഥാനമില്ലെന്നും ചൊവ്വയുടെ ഉപരിതലത്തില്‍ പേടകം സുരക്ഷിതമായി ഇറങ്ങുമെന്നും ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒ അധികൃതര്‍ അറിയിച്ചു. ബംഗളൂരുവിനടുത്തുള്ള ബെയിലാളുവിലെ സാറ്റലൈറ്റ് ടെലിമെട്രി, ട്രാക്കിങ്, കമാന്റ് നെറ്റ്വര്‍ക്ക് എന്ന നിരീക്ഷണകേന്ദ്രമാണ് മംഗള്‍യാനുമായി ആശയവിനിമയം നടത്തി പ്പോരുന്നത്. ഉപഗ്രഹത്തിെന്റ സഞ്ചാരവേഗം, ഭ്രമണപഥം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ലഭിക്കുന്ന സിഗ്നലുകളിലൂടെ സാധിക്കും.
വിക്ഷേപണ ശേഷം അഞ്ചുതവണ മംഗള്യാന് ഭ്രമണപഥം വികസിപ്പിച്ചു. ഡിസംബര്‍ 11നായിരുന്നു ആദ്യമായി ഭ്രമണപഥം വികസിപ്പിച്ചത്. ചൊവ്വാ ഗ്രഹത്തില്‍ എത്തുന്നതിനു മുമ്പ് ഏപ്രില്‍, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി മൂന്നുതവണ കൂടി ഭ്രമണപഥം മംഗള്യാന് വികസിപ്പിക്കും.
ഐഎസ്ആര്‍ഒ മംഗള്‍യാനെ വിക്ഷേപിച്ചതിന് ശേഷം ഭ്രമണപഥം വികസിപ്പിക്കാനുള്ള നാലാമത്തെ ശ്രമം പരാജയപ്പെട്ടിരുന്നു. ഇത് ആദ്യം ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും തകരാറുകള്‍ പരിഹരിച്ച് പേടകം മുന്നോട്ട് പോകുകയായിരുന്നു. കോടിക്കണക്കിന് ജനതയുടെ വികാരവും പേറി സെപ്റ്റംബര്‍ 24 ന് മംഗള്യാന് ചൊവ്വയുടെ ഉപരിതലത്തില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: