കോട്ടയം : അക്ഷരനഗരിയില്‍ ഇന്ന് വയലിന്കമ്പികളില് സംഗീത രാകേന്ദു വിരിയും. സംഗീതപ്രേമികള്‍ക്ക് വിരുന്നായും മലയാള ചലച്ചിത്രഗാനരംഗത്തെ അതുല്യപ്രതിഭകള്‍ക്ക് അവരുടെ പാട്ടുകള്‍കൊണ്ട് പ്രണാമമര്പ്പിച്ചുകൊണ്ടും നടക്കുന്ന രാകേന്ദുസംഗീതോത്സവം ഇന്ന് 4.30-ന് കോട്ടയം സി.എം.എസ.് കോളേജില്‍ സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കോട്ടയം സി.കെ.ജീവന് സ്മാരക ട്രസ്റ്റും സി.എം.എസ്. കോളജും സംയുക്തമായി വിവിധ സംസ്ക്കാരിക സംഘടനകളുടെ സഹകരണത്തോടെയാണ് ഈ അപൂര്‍വ്വ സംഗീതവിരുന്ന് സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍ മലയാള സര്‍വകാലാശാലാ വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാര ജേതാവായ നാഗസ്വരവിദ്വാന്‍ തിരുവിഴ ജയശങ്കറെ ചടങ്ങില്‍ ആദരിക്കും. പാട്ടെഴുത്ത് 2014 പുസ്തക പ്രദര്‍ശനം അഡ്വ: കെ.സുരേഷ് കുറുപ്പ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഗായകനും ഗാനനിരൂപകനുമായ വി.ടി.മുരളിയുടെ രചനയുടെ തച്ചുശാസ്ത്രം, മഹാത്മാഗാന്ധി സര്‍വകാലാശാലാ സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടര്‍ ഡോ. പി.എസ്.രാധാകൃഷ്ണന് രചിച്ച ദൃശ്യഹര്‍ഷത്തിന്റെ സമയരേഖകള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. ചടങ്ങില്‍ 5.30-ന് പ്രൊഫ.സി.ആര്.ഓമനക്കുട്ടന് അനുസ്മരണപ്രഭാഷണം നടത്തും. സി.കെ.ജിവന് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡിജോ കാപ്പന് അദ്ധ്യക്ഷത വഹിക്കും.
ആദ്യദിനമായ നാദപൗര്ണ്ണമിയില് 6.30-ന് അനശ്വരഗായകരായ കെ.പി. ഉദയഭാനു, പി.ബി. ശ്രീനിവാസ്, മന്നാഡെ, ടി.എം. സൗന്ദരരാജന് എന്നിവര്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് വയലിന്വിദഗ്ദ്ധന് സി.എസ്. അനുരൂപും സംഘവും ഉപകരണ സംഗീതസമന്വയം ഒരുക്കും. അനുരൂപിനോടൊപ്പം പീറ്റര്‍ കോട്ടയം (കീ ബോര്‍ഡ്), ജോണ്സണ് തൃശ്ശൂര്‍, ഫെലിക്സ് ദേവസ്യാ (ഗിത്താര്‍), ജയിംസ് കോട്ടയം (ജാസ്), എം.ശ്രീജിത്ത് വെള്ളാട്ടഞ്ഞൂര്‍ (ഘടം) എന്നിവരും വേദിയിലെത്തും. പ്രവേശനം സൗജന്യമാണ് വിവരങ്ങള്‍ക്ക് : 9447912448, 9447300978.
പ്രതികരിക്കാൻ ഇവിടെ എഴുതുക: