കൊച്ചി: ബാങ്ക് ജീവനക്കാരുടെ സൂചനാ പണിമുടക്ക് സാധാരണ ജനങ്ങളെ വലച്ചു. രണ്ടു ദിവസത്തെ സമരവും, ഒഴിവുദിനവും, അര്‍ദ്ധ പ്രവര്‍ത്തിദിനവും പിന്നിട്ടതോടെ ബാങ്കുകള്‍ക്ക് മൂന്നാറദിവസത്തെ പ്രവര്‍ത്തന സ്തംഭനമാണ് രാജ്യത്തുണ്ടായത്. ദൈനംദിന ധനകാര്യ ഇടപാടുകള്‍ സ്തംഭിക്കുകയും ചെയ്തു. ക്ലീയറിംഗ്,ഡിഡി, എംടി എന്നി സേവനങ്ങള്‍ തടസ്സപ്പെടുകയും ചെയ്തതോടെ സാമ്പത്തികരംഗത്ത് വന്‍ അനിശ്ചിതത്ത്വമാണ് സമരം മൂലമുണ്ടായത്. എടിഎമ്മുകളിലെ പണലഭ്യതയും നിലച്ചതോടെ സാധാരണക്കാര്‍ ഏറെവലഞ്ഞു.
ബാങ്ക് പണിമുടക്ക് സാധാരണജനങ്ങളെ ദുരിതത്തിലാഴ്ത്തിയപ്പോള്‍, വാണിജ്യ- വ്യവസായ മേഖലയിലെ കോടികളുടെ ഇടപാടുസ്തംഭനവും, സാമ്പത്തികരംഗത്ത് കോടികളുടെ നഷ്ടവുമാണുണ്ടാക്കിയത്. സമരത്തെ തുടര്‍ന്ന് രാജ്യത്തെ വിവിധ ക്ലീയറിങ്ങ് ഹൗസുകളിലായി 10 കോടിയോളം ചെക്കുകളാണ് കെട്ടിക്കിടക്കുന്നത്. ശരാശരി 7,40,000 കോടി രൂപയുടെ മൂല്യമാണ് ഇതിന് കണക്കാക്കുന്നത്. കൂടാതെ വായ്പതിരിച്ചടവ്, നിക്ഷേപങ്ങള്‍, ഇതര പണമിടപാടുകള്‍ അടക്കം 70,000 കോടിയിലെറെ രൂപയുടെ ഇടപാടുനഷ്ടം പ്രാഥമികഘട്ടമായി കണക്കാക്കപ്പെടുന്നുണ്ട്.
പ്രതിദിനം ശരാശരി ഒരു ലക്ഷം കോടിയോളം രൂപയുടെ ഇടപാടുകള്‍ നടക്കുന്ന ഓഹരി വിപണിയുടെ നല്ലൊരു വിഹിതവും ബാങ്കിങ്ങ് മുഖേനയാണ് നടക്കുന്നത്. ശമ്പള വര്‍ദ്ധന കമ്മറ്റിയുടെ 40 ശതമാനം വര്‍ധന നടപ്പിലാക്കണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ ബാങ്കിങ്ങ് അസോസിയേഷന് 5-10 ശതമാനം ശമ്പള വര്‍ധനവിനാണ് തയ്യാറായത്. യൂണിയന് ഭാരവാഹികളുമായി നടന്ന ചര്‍ച്ച പലവട്ടം പരാജയപ്പെട്ടതാണ് സമരത്തിന് മുന്നിട്ടിറങ്ങിയതെന്നും, ഇനിയും അവഗണന തുടര്‍ന്നാല്‍ അനിശ്ചിതകാല സമരത്തിന് തയ്യാറാകുമെന്നും യൂണിയന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ബാങ്കിന് പ്രവര്ത്തനസ്തംഭനത്തെ തുടര്‍ന്ന് വ്യവസായിക- വാണിജ്യ രംഗത്ത് ഇതിനകം 20,000 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വാണിജ്യ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ബാങ്ക് ജീവനക്കാരുടെ സമരം കേരളത്തില്‍ 400 കോടിരൂപയുടെ പ്രതിദിന നഷ്ടമുണ്ടാക്കിയതായാണ് വാണിജ്യ സംഘടനകള്‍ പറയുന്നത്. പ്രതിമാസ ശമ്പളം ലഭിക്കേണ്ട ദിനങ്ങളില്‍ നടന്ന ബാങ്ക് സമരം ഓട്ടേറെ സ്വകാര്യ മേഖലയിലെ ജീവനക്കാരെയും, തൊഴിലാളികളെയും വലച്ചു. നിക്ഷേപ കാലാവധി തീര്‍ന്നവയുടെ തുക ലഭിക്കുന്നതിനും, അത്യവശ്യകാര്യങ്ങള്ക്കായുള്ള ഇടപാടുകള്‍ നടത്താന്‍ കഴിയാതെയും സാധാരണ ജനങ്ങള്‍ ദുരിതത്തിലുമായി. ഓഹരി വിപണിയേയും പണിമുടക്ക് ബാധിച്ചു. സ്റ്റോക്ക എക്സേഞ്ചിന്റെ പ്രവര്‍ത്തനവും താളം തെറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: