മരട്: മധ്യകേരളത്തിലെ പ്രസിദ്ധമായ മരട് വെടിക്കെട്ട് ഇന്നും നാളെയും. മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്ര താലപ്പൊലിയുടെ ഭാഗമായി വടക്ക് – തെക്ക് ചേരുവാരങ്ങളാണ് മല്‍സര വെടിക്കെട്ട് നടത്തുന്നത്. ഇന്ന് രാവിലെ ക്ഷേത്ര ചടങ്ങുകളെ തുടര്‍ന്ന് 7.30ന് സ്പെഷ്യല്‍ കൂട്ടവെടിയോടെ വടക്കേ ചേരുവാരം താലപ്പൊലിക്ക് കാഹളം ഉയരും. വൈകീട്ട് നാലിനുള്ള പകല്‍പ്പൂരത്തില്‍ ഗജരത്നം ഗുരുവായൂര്‍ പത്മനാഭന് കൊട്ടാരത്തിലമ്മയുടെ തിടമ്പേറ്റും. ഗജരത്നം ഗുരുവായുര്‍ വലിയകേശവന്, മാതംഗരാജന്‍ ഗുരുവായുര്‍ ഇന്ദ്രസെന്‍, നന്തിലത്ത് അര്ജുനന്, നന്തിലത്ത് ഗോപാലകൃഷ്ണന്, നായരമ്പലം രാജശേഖരന്, കീഴൂട്ട് വിശ്വനാഥന് എന്നീ കരിവീരന്മാരും അണിനിരക്കും. മേള കലാനിധി പെരുവനം സതീശന് മാരാരുടെ നേതൃത്വത്തില്‍ മേജര്‍സെറ്റ് പഞ്ചവാദ്യം അരങ്ങേറും.
അകമ്പടിയായി വര്‍ണം വാരിവിതറി പകലമിട്ടുകളും ആകാശത്തിലേക്ക് ഉയരും. 6.30ന് കൂട്ടവെടി. ഏഴിന് നാദസ്വരം, ദീപാരാധന തുടര്‍ന്ന് കലവൂര്‍ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വര്‍ണാഭമായ മിനിവെടിക്കെട്ട്. പത്തന് പാണ്ടവത്ത് ശിവക്ഷേത്രത്തില്‍ നിന്നും താലപ്പൊലി എഴുന്നള്ളിപ്പില്‍ ഗുരുവായൂര്‍ വലിയ കേശവന്, ഗുരുവായൂര്‍ ഇന്ദ്രസെന്‍ എന്നീ ഗജവീരന്മാര് തിടമ്പേറ്റും. ചോറ്റാനിക്കര സുഭാഷ് നാരായണമാരാര്‍, കല്ലേക്കുളങ്ങര കൃഷ്ണവാര്യര്‍, തിച്ചൂര്‍ മോഹനന് തുടങ്ങിയവര്‍ നയിക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം അകമ്പടിയേകും. ക്ഷേത്ര നടപ്പുരയില്‍ 11 മണിക്ക് ചേറ്റാനിക്കര ഹരീഷ് മാരാരും പാര്‍ട്ടിയും തായമ്പകയില്‍ വിസ്മയം തീര്‍ക്കും. പുലര്‍ച്ചെ ഒരുമണിക്ക് പെരുവനം സതീശന് മാരാര്‍ നയിക്കുന്ന പാണ്ടിമേളത്തോടെ താലപ്പൊലി എഴുന്നള്ളിപ്പ് എത്തുന്നതിനെ തുടര്‍ന്നാണ് ഗംഭീര കരിമരുന്നു പ്രയോഗം.
തെക്കേചേരുവാരം താലപ്പൊലിയായ നാളെ രാവിലെ ക്ഷേത്ര ചടങ്ങുകളെ തുടര്‍ന്ന് 7.30ന് കൂട്ടവെടി. എട്ടിന് പറയ്ക്കെഴുന്നള്ളിപ്പ്. നാലുമണിക്ക് പകല്‍പ്പൂരത്തില്‍ ഈരാറ്റുപേട്ട അയ്യപ്പന് കൊട്ടാരത്തിലമ്മയുടെ തിടമ്പേറ്റും. ഗജരാജ വിസ്മയം ഒരുക്കി എടവനക്കാട് പരമേശ്വരന്, നെല്യക്കാട്ട് ശ്രീമഹാദേവന്, തൃപ്പൂണിത്തുറ ശ്രീഹരി, മധുരപ്പുറം കണ്ണന്, വലിയവീട്ടില്‍ ഗണപതി, ചെമ്പുകാവ് വിജയ്കണ്ണന് എന്നീ കരിവീരന്മാരും അണിനിരക്കും. മേളകലാരത്നം കിഴക്കൂട്ട് അനിയന്‍മാരാരും സംഘവും പാണ്ടിമേളമുതിര്ക്കും. ആകാശത്ത് ഉയരുന്ന പകല്‍ അമിട്ടുകള്‍ വര്‍ണം വിതറും. 6.30ന് കൂട്ടവെടി. 7.30ന് ദീപാരാധന, വൈക്കം ഗിരീഷ്കുമാറിന്റെ നാദസ്വരക്കച്ചേരി. തുടര്‍ന്ന് കലവൂര്‍ തങ്കപ്പന്റെ കരവിരുതില്‍ കമനീയമായ മിനി വെടിക്കെട്ട്. ഒന്‍പത് മണിക്ക് താലപ്പൊലി എഴുന്നള്ളിപ്പ്. ക്ഷേത്രനടപ്പുരയില്‍ പെരുവാരം സന്തോഷ്മാരാരും സംഘവും തായമ്പക. 9.45ന് പാണ്ടവത്ത് മഹാദേവ ക്ഷേത്രത്തില്‍ പൂജയും എഴുന്നള്ളിപ്പും. ഈരാറ്റുപേട്ട അയ്യപ്പന് തിടമ്പേറ്റും. ചോറ്റാനിക്കര വിജയന് മാരാര്‍, കലാമണ്ഡലം ശങ്കരവാര്യര് തുടങ്ങിയവര്‍ നയിക്കുന്ന മേജര്‍ സെറ്റ് പഞ്ചവാദ്യം അകമ്പടിയേകും. പുലര്‍ച്ചെ ഒരുമണിക്ക് കിഴക്കൂട്ട് അനിയന്മാരാര് നയിക്കുന്ന പാണ്ടിമേത്തോടെ താലപ്പൊലി എഴുന്നള്ളിപ്പ് എത്തുന്നതിനെ തുടര്‍ന്നാണ് തെക്കേ ചേരുവാരത്തിന്റെ ഗംഭീര കരിമരുന്നു പ്രയോഗം.
14ന് തെക്കേ ചേരുവാരം വേല. 15ന് വടക്കേ ചേരുവാരം വേല. പൂരം തിരുനാള്‍ ആഘോഷ ദിവസമായ 16ന് രാവിലെ ക്ഷേത്രചടങ്ങുകളെ തുടര്‍ന്ന് 11മണിക്ക് തിരുനാള്‍ സദ്യ. 6.30ന് നാദസ്വരം. ദീപാരാധനയില്‍ ഇരു ചേരുവാരങ്ങളുടെയും സംയുക്ത വെടിക്കെട്ട്. എട്ടുമണിക്ക് ഇരു ചേരുവാരങ്ങളുടെയും താലം വരവ്. ഒന്‍പത് മണിക്ക് വലിയ ഗുരുതിയോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: