പില്ക്കാലങ്ങളില് ലോകപ്രകമ്പകരായ മഹാസിദ്ധന്മാരും മഹാന്മാരായ അവതാരപുരുഷന്മാരും ഉണ്ടായിട്ടുണ്ട്. അവരുടെ സംഖ്യ വലുതാണ്. ഭാഗവതമനുസരിച്ച് അവതാരങ്ങള്‍ അനന്തരാണ്. ഭാരതത്തില്‍ ഏറ്റവുമധികം ആരാധിക്കപ്പെടുന്നത് രാമനും കൃഷ്ണനുമാണ്. വീരയുഗങ്ങളിലെ പ്രാചീനമായ ആരാധ്യമൂര്ത്തിയാണ് രാമന്; ഉടല്‍പൂണ്ട സത്യവും ധര്‍മവും. മാതൃകാപുത്രന്‍, മാതൃകാഭര്‍ത്താവ്, മാതൃകാപിതാവ്, എല്ലാറ്റിനും മേലെ മാതൃകാരാജാവ്. ഇങ്ങനെയാണ് രാമനെ വാല്മീകി മഹര്‍ഷി നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. രാമചരിതം ആലേഖനം ചെയ്യാന്‍ മഹാകവി പ്രയോഗിച്ച വാക്കുകളെക്കാള്‍ കൂടുതല്‍ പരിശുദ്ധിയും അര്ഥനിഷ്ഠയും സൗന്ദര്യവുമുള്ള വാക്കുകള്‍ ഉണ്ടാവുക വയ്യ. സീതയെക്കുറിച്ച് എന്തുപറയട്ടെ! പോയ കാലങ്ങളില്‍ ലോകത്തിലുണ്ടായ സാഹിത്യം മുഴുവന്‍ പരീക്ഷിക്കുക – വരുംകാലങ്ങളില്‍ ലോകത്തിലുണ്ടാകുന്ന സാഹിത്യവും പരീക്ഷിക്കാം എന്നാല്‍കൂടി ഞാന്‍ ഉറപ്പിച്ചുതീര്ത്തുപറയുന്നു – എന്നാലും മറ്റൊരു സീതയെ കണ്ടുകിട്ടില്ല. സീത നിസ്തുലയാണ്. എന്നെന്നേക്കുമായി അന്ന് ചിത്രീകരിക്കപ്പെട്ടതാണ് ആ സ്വഭാവം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: