കൊച്ചി: പച്ചാളം മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന് നഗരസഭാ കൗണ്‍സില്‍ അംഗീകരിച്ചു. 23 പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പോടുകൂടിയാണ് അജണ്ട പാസാക്കിയത്. പച്ചാളം പ്രദേശത്തിന്റെ ഭാവി വികസനങ്ങള്‍ക്ക് പ്രസ്തുത മേല്‍പ്പാലം തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം തീരുമാനത്തെ എതിര്‍ത്തത്. പച്ചാളം മേല്‍പ്പാലം സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി കൗണ്‍സില്‍ മുന്നോട്ട് വച്ച അജണ്ടയില്മേല് നടന്ന ചര്‍ച്ചയില്‍ ഇടതുപക്ഷം ഇടഞ്ഞുതന്നെ നിന്നു. കൗണ്‍സില്‍ മുമ്പാകെ വരുന്ന അജണ്ടകള്‍ എല്ലാ കമ്മറ്റി അംഗങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കണം കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടതെന്ന നിലപാടിലായിരുന്ന പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ടി.ജെ.വിനോദ് ഇക്കാര്യത്തില്‍ ജനാധിപത്യ മര്യാദകള്‍ പാലിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. പാലം എത്തരത്തിലായിരിക്കണം നിര്‍മിക്കുന്നത് എന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങള്‍ സ്ഥലം നേരില്‍ കാണണമെന്ന് നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നതായി പ്രതിപക്ഷ കൗണ്‍സിലര്‍ സി.എ.ഷക്കീര്‍ പറഞ്ഞു. ടൗണ്‍ പ്ലാനിംഗ് കമ്മറ്റി ചര്‍ച്ച ചെയ്ത ശേഷമേ ഫയല്‍ കൗണ്‍സില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കാവൂ എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ചെയര്മാന് തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടൗണ്‍ പ്ലാനിംഗ് കമ്മറ്റി കഴിഞ്ഞ 22-ാം തിയതി ഇക്കാര്യത്തില്‍ അംഗീകാരം നല്കാന് തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത് കളവാണെന്ന് കൗണ്‍സിലര്‍ ഷഫീഖ് പറഞ്ഞു. നിയമപരമായി കിട്ടിയ അവകാശം ഹനിച്ചുകൊണ്ടാണ് അജണ്ട പാസാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കമ്മറ്റി അംഗങ്ങളുടെ എല്ലാം സൗകര്യത്തിന് സൈറ്റ് ഇന്സ്പെക്ഷന് സാധ്യമല്ലെന്ന് ഭരണപക്ഷ കൗണ്‍സിലര്‍ പത്മദാസ് പറഞ്ഞു. 22-ാം തിയതി കൂടിയ കമ്മറ്റിയില്‍ പച്ചാളം മേല്‍പ്പാലം സംബന്ധിച്ച് ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
സൈറ്റ് ഇന്സ്പെക്ഷന് സമയത്ത് പ്രതിപക്ഷ അംഗമായ ഷക്കീര്‍ പോകാന്‍ തീരുമിനിച്ചിരുന്നതായും എന്നാല്‍ വ്യക്തിപരമായ കാരണത്താല്‍ അതിന് സാധിച്ചില്ലെന്ന് അഡ്വ. എം.അനില്‍ കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നതിനും എതിര്‍പ്പ് രേഖപ്പെടുത്തുന്നതിനും ആര്‍ക്കും അവകാശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
30 വര്‍ഷമായി പച്ചാളം ആര് ഒ ബി പ്രശ്നം നിലനില്‍ക്കുന്നതായും ഇപ്പോള്‍ പാലത്തിന്റെ വീതി 7.5 മീറ്ററായി കുറയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ബിജെപി കൗണ്‍സിലര്‍ ശ്യാമള എസ് .പ്രഭു പറഞ്ഞു. റെയില്‍വേ ഗേറ്റ്അട ഒഴിവാക്കുന്നതിന് വേണ്ടി മാത്രമുള്ള പാലമാണിത്. ഭാവി വികസനം മുന്നില്‍ കാണാതെയുള്ള തീരുമാനമാണിതെന്നും അവര്‍ പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മറ്റി എന്നത് ശുപാര്‍ശകള്‍ മുന്നോട്ട് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് മേയര്‍ ടോണി ചമ്മണി വ്യക്തമാക്കി. നഗരത്തില്‍ നടപ്പാക്കുന്ന വികസന പദ്ധതി ചര്‍ച്ചയിലൂടെ പാസാക്കണമെന്ന ജനാധിപത്യ വ്യവസ്ഥ അനുസരിച്ചാണ് കോര്പ്പറേഷന് പ്രവര്‍ത്തിക്കുന്നതെന്നും ആരേയും ഒളിച്ച് ഒന്നും പാസാക്കേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സന്ദര്‍ശന സമയത്തു കമ്മിറ്റിയംഗങ്ങള്‍ എല്ലാവരും ഇല്ലായിരുന്നുവ്ം ഉണ്ടായിരുന്നവര്‍ വിയോജിപ്പ് അറിയിച്ചിട്ടില്ല്ം ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്മാന് കെ ജെ സോഹന്‍ കൗസിലിനെ അറിയിച്ചു.അഭിപ്രായ വ്യത്യാസമുണ്ടായിരുുവെങ്കില് പ്രതിപക്ഷാംഗങ്ങള്‍ക്കു ഫോണിലൂടെ അറിയിക്കാമായിരുന്നുവ്ം സോഹന്‍ പറഞ്ഞു.സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനത്തിനു വിരുദ്ധമായി പ്രതിപക്ഷാംഗങ്ങള്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടോയെന്നു വ്യക്തമാക്കണൊവശ്യപ്പെട്ട് ടി. ജെ വിനോദും ലിനോ ജേക്കബ്ബും സോഹനെ പിന്തുണച്ചു. ജനാധിപത്യത്തെ ഇല്ലാതാക്കുന്ന നിലപാടാണിതെന്ന് പ്രതിപക്ഷ നേതാവ് കെ. ജെ ജേക്കബ്ബ് ആരോപിച്ചു.
ഭരണപക്ഷാംഗങ്ങള്‍ സംസാരിക്കുമ്പോള്‍ ഇടതുപക്ഷത്തെ ചിലര്‍ നിരന്തരം തടസ്സപ്പെടുത്തുകയാണെന്നും കൗണ്‍സില്‍ എല്ലാവര്ക്കും വേണ്ടിയുള്ളതാണെന്നും മേയര്‍ വ്യക്തമാക്കിയപ്പോള്‍ ഇതില്‍ ക്ഷുഭിതരായ പ്രതിപക്ഷാംഗങ്ങള്‍ മേയറുടെ ചേംബറിനടുത്തെത്തി ബഹളം ഉണ്ടാക്കി. ഇവരെ പ്രതിരോധിക്കാന്‍ ഭരണപക്ഷാംഗങ്ങളും രംഗത്തെത്തി. മേയറെ പുറത്ത് പോകാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ എന്‍.എ.ഷെഫീഖ് പറഞ്ഞു. ആരേയും ഭയപ്പെട്ട് ജീവിക്കില്ലെന്നും തെമ്മാടി ശൈലി അംഗീകരിക്കാന്‍ ആവില്ലെന്നും മേയര്‍ വ്യക്തമാക്കി. ഏറെ നേരത്തെ വാടാ പോടാ വിളികള്‍ക്കു ശേഷമാണ് സംഘര്‍ഷത്തിന് അയവുവന്നത്.
അതേസമയം ആര് ഒ ബി വിഷയത്തില്‍ രാഷ്ട്രീയ തീരുമാനമുണ്ടെന്ന് ഭരണപക്ഷാംഗമായ പ്രേംകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിനെ സംബന്ധിച്ച് ആര് ഒ ബി അജണ്ട പാസാക്കേണ്ടതുണ്ടെന്നും എന്നാല്‍ എല്‍ ഡിഎഫിന് പാസാക്കേണ്ട എന്ന നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ജനപക്ഷത്ത് നിന്നുകൊണ്ട് അജണ്ട പാസാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പ്രശ്നമാണിത്. അവൈലബിള്‍ കമ്മറ്റി പരിശോധന നടത്തി ആ കമ്മറ്റിയുടെ ശുപാര്‍ശ കൗണ്‍സില്‍ മുമ്പാകെ വരേണ്ടതായിരുന്നുവെന്നും പ്രേംകുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്മാന് കെ ജെ സോഹന്റെ നിലപാട് തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനം ചര്‍ച്ച ചെയ്ത് തീരുമാനിക്കാത്തതില്‍ പ്രതിഷേധമുണ്ടെന്ന് അനില്‍ കുമാര്‍ പറഞ്ഞു. കൗസിലര്‍മാരായ അഡ്വ.സുനില്‍കുമാര്‍,കെ വി മനോജ്,പത്മദാസ്്്, ഡെലീന പിന്‍ഹീറോ, ചന്ദ്രിക എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: