കൊച്ചി: കൊച്ചി കായല്‍ സമ്മേളനസ്മരണ ശതാബ്ദി സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയെ നേരില്‍ കാണാനും അദ്ദേഹത്തിന്റെ വാക്കു കേള്‍ക്കാനുമായി കെപിഎംഎസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ മറൈന്‍ ഡ്രൈവിലേക്ക് ഒഴുകിയപ്പോള്‍ എറണാകുളത്തെ ഏറ്റവും വലിയ മൈതാനം അക്ഷരാര്‍ഥത്തില്‍ ജനസാഗരമായി മാറി. കെപിഎംഎസ് പ്രവര്‍ത്തകര്‍ക്കായി സംഗമത്തിന്റെ സംഘാടകര്‍ പതിനായിരം കസേരകള്‍ ഒരുക്കിയിരുന്നെങ്കിലും ആര്‍ത്തിരമ്പിവന്ന ജനക്കൂട്ടത്തിനു മുന്നില്‍ ഈ സജ്ജീകരണങ്ങളൊന്നും ഒന്നുമല്ലാതായി മാറി.
ശനിയാഴ്ച രാത്രിമുതലേ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കെപിഎംഎസ് പ്രവര്‍ത്തകര്‍ ശതാബ്ദി സമ്മേളനത്തില്‍ പങ്കെടുക്കാനായി വ്യവസായ നഗരത്തില്‍ എത്തിയിരുന്നു. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നുള്ള കെപിഎംഎസ് പ്രവര്‍ത്തകരാണ് ഏറെയും ശനിയാഴ്ച എത്തിയത്. കെപിഎംസിന്റെ ശക്തികേന്ദ്രങ്ങളെന്നു വിശേഷിപ്പിക്കാവുന്ന തൃശൂര്‍ മുതലുള്ള തെക്കന്‍ ജില്ലകളില്‍നിന്ന് ഇന്നലെ രാവിലെ മുതല്‍തന്നെ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. പരിപാടിക്കെത്തുന്ന സ്ത്രീകളും പുരുന്മാരും പ്രത്യേക വേഷമണിഞ്ഞ് വരണമെന്നു കെപിഎംഎസ് നേതൃത്വത്തിന്റെ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. അതിനാല്‍ സ്ത്രീകള്‍ പച്ചബ്ലൗസും സെറ്റുസാരിയുമണിഞ്ഞും പുരുഷന്മാര് വെള്ളമുണ്ടും വെള്ളഷര്‍ട്ടും അണിഞ്ഞുമാണ് സമ്മേളനത്തിനെത്തിയത്.
ഉച്ചയോടെതന്നെ സമ്മേളന നഗരി സജീവമായിത്തുടങ്ങിയിരുന്നു. മലയാളത്തിലെ പ്രധാനപ്പെട്ട വാര്‍ത്താ ചാനലുകളുടെ ഒബി വാനുകള്‍ ഉച്ചക്കുമുമ്പുതന്നെ സമ്മേളന നഗരിയില്‍ സ്ഥാനം പിടിച്ചു. ഒരുമണിയോടെ കേരളത്തിന്റെ പല ഭാഗത്തുനിന്നായി എത്തിയ കെപിഎംസ് പ്രവര്‍ത്തകര്‍ മൈതാനത്തിന്റെ അങ്ങിങ്ങ് ചെറുസംഘങ്ങളായി കൂട്ടം കൂടി നിന്നെങ്കില്‍ ഒരു മണിക്കൂറിനു ശേഷം വിഐപി ഗ്യാലറിക്കു വെളിയിലുള്ള കസേരകളില്‍ പ്രവര്‍ത്തകര്‍ സ്ഥാനം പിടിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ രണ്ടു മണിക്കുശേഷം സമ്മേളന നഗരിയുടെ അന്തരീക്ഷം തന്നെ മാറി. പ്രവര്‍ത്തകരുടെ കൂടുതല്‍ വാഹനങ്ങള്‍ മറൈന്‍ ഡ്രൈവിലേക്ക് എത്തിക്കൊണ്ടിരുന്നു. തെക്കന്‍മേഖലയില്‍ നിന്നുള്ളവര്‍ക്ക് ഹൈക്കോര്‍ട്ട് ജംഗ്ഷനിലാണ് പാര്‍ക്കിംഗ് സൗകര്യമൊരുക്കിയതെങ്കില്‍ വടക്കുനിന്നു വന്നവര്‍ക്ക് ഗോശ്രീപാലത്തിനു സമീപമായിരുന്നു പാര്‍ക്കിംഗ് സ്ഥലം നല്‍കിയത്.
മൂന്നുമണിക്കുശേഷം മൈതാനത്തു പ്രവേശിക്കാനായി ഹൈക്കോടതി ജംഗ്ഷന് മുതല്‍ പ്രവേശത്തിനായുള്ള പ്രധാന കവാടം വരെ പ്രവര്‍ത്തകരുടെ നീണ്ടനിര തന്നെയുണ്ടായി. ഇതിനിടയില്‍ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ അകത്തെത്തിപ്പെടാന്‍ അല്പം പ്രയാസപ്പെട്ടു. കെപിഎംഎസിന്റെ മുദ്രാവാക്യം മുഴക്കിവന്ന മിക്ക പ്രവര്‍ത്തകരും നീലയും പച്ചയും കലര്‍ന്ന സംഘടനയുടെ കൊടിയും കയ്യില്‍ കരുതിയിരുന്നു. ചെറിയ കുട്ടികളുടെ കയ്യില്‍ നീല ബലൂണും കാണാമായിരുന്നു. കെപിഎംഎസ് എന്നെഴുതിയ നീലതൊപ്പിയും ഭൂരിപക്ഷം പ്രവര്‍ത്തകരുടെ ശിരസിലും ഇടംപിടിച്ചിരുന്നു.
മൂന്നര കഴിഞ്ഞപ്പോഴേക്കും സമ്മേളന നഗരിയിലെ ഇരിപ്പിടങ്ങള്‍ നിറഞ്ഞ് മൈതാനത്ത് തിക്കും തിരക്കുമായിത്തുടങ്ങി. നാലുമണിക്ക് മോദിയെത്തിയപ്പോഴേക്കും പരിപാടിക്കെത്തിയ പലര്‍ക്കും ഗ്രൗണ്ടില്‍ നില്ക്കാന് സ്ഥലം കിട്ടിയില്ല. അവര്‍ മറൈന്‍ ഡ്രൈവിലെ നടപ്പാതയില്‍ നിന്നാണ് സമ്മേളനം വീക്ഷിച്ചത്. ഇങ്ങനെ മറൈന്‍ ഡ്രൈവിലെ ഓരോ മണല്‍ത്തരിയും കായല്‍ സമ്മേളനസ്മരണ ശതാബ്ദി സംഗമത്തിന്റെ ആവേശം ഏറ്റുവാങ്ങിയപ്പോള്‍ ആവേശത്തിരയിളക്കമായിരുന്നു മൈതാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: