കൊച്ചി: ഗ്ലോബല്‍ ആയൂര്‍വ്വേദ ഫെസ്റ്റിവല്‍ 2014-ന്റെ ഉദ്ഘാടന ചടങ്ങില്‍ മൗറീഷ്യസ് പ്രസിഡന്റ് രാജ്കേശ്വര്‍ പുര്യാഗ് മുഖ്യാതിഥിയായിരിക്കും. ഫെബ്രുവരി 20-ന് കൊച്ചിയിലാണ് ഗ്ലോബല്‍ ആയൂര്‍വ്വേദ ഫെസ്റ്റിവെല്‍ നടക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജി.എ.എഫ് ഉദ്ഘാടനം ചെയ്യും. ഈ മാസം 17-ന് കൊച്ചിയിലെത്തുന്ന പുര്യാഗ് 21-ന് മടങ്ങുമെന്ന് ജി.എ.എഫ് 2014 ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.സി.സുരേഷ് കുമാര്‍ പറഞ്ഞു. മൗറീഷ്യസ് പ്രസിഡന്റിന് പുറമെ ശ്രീലങ്കന്‍ മന്ത്രിമാരായ സലിന്ത ദിസ്സനായകെ, എച്ച്.എം.ഡി.ഡി.ഹെറാത്ത്, ബി.എസ്.ബി.യേല്ഗാമ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. പൊതുജന ആരോഗ്യത്തില്‍ ആയൂര്‍വ്വേദത്തിന്റെ പങ്ക് എന്നതാണ് ഇത്തവണത്തെ ജി.എ.എഫിന്റെ മുഖ്യ പ്രമേയം.
ശ്രീലങ്ക, ബ്രസീല്‍, ജപ്പാന്, നേപ്പാള്‍, ഹംഗറി, ജര്‍മനി തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നായി 350-ഓളം പ്രഭാഷകര്‍ ഫെസ്റ്റിവെലിനെത്തും. കേരളത്തിന്റെ പരമ്പരാഗത ആയൂര്‍വ്വേദത്തെ ഉപയോഗിക്കുന്ന ആശുപത്രികള്‍,ആയൂര്‍വ്വേദ സ്ഥാപനങ്ങള്‍, എന്നിവിടങ്ങളിലെ പ്രതിനിധികളും ഉണ്ടാകും.
ട്രഡീഷണല്‍-കോംപ്ലിമെന്ററി-ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്റെ (ടി.സി.എ.എം) അന്തര്‍ദേശീയ പബ്ലിക് പോളിസിയില്‍ ഗവേഷകനും ഉപദേശകനുമായ ഡോ.ജെറി ബൊഡേക്കര്‍, ഇറ്റലിയിലെ ആയൂര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന് പ്രസിഡന്റ് ഡോ.അന്റോണിയൊ മൊറാന്‍ഡി, ഓസ്ട്രേലിയയിലെ കോംപ്ലിമെന്ററി മെഡിസിന് രംഗത്തെ ഉജ്ജ്വല വ്യക്തിത്വമായ മാര്‍ക് കൊഹെന്‍ എന്നിവര്‍ പ്രഭാഷകരായെത്തുന്നുണ്ട്. ഗ്ലോബല്‍ ആയുര്‍വ്വേദ ഫെസ്റ്റിവലിന്റെ രണ്ടണ്ടാംപതിപ്പ് ആയുര്‍വേദ കൂട്ടായ്മകളുടെ എക്കാലത്തെയും വലിയ സമ്മേളനമായിരിക്കും. സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ) കേരളഗവണ്മെന്റ്, എ.എം.ഒ.ഐ, എ.എം.എച്ച്.എ, കെ.ഐ.എസ്.എം, എ.ഡി.എം.എ തുടങ്ങിയ ആയുര്‍വേദ കൂട്ടായ്മകള്‍ സംയുക്തമായാണ് ജി.എ.എഫ് 2014 സംഘടിപ്പിക്കുന്നത്. 35 രാജ്യങ്ങളില്‍ നിന്നായി 400-ഓളം പ്രതിനിധികള്‍ ഫെസ്റ്റിവെലില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: