കൊച്ചി: നാളികേരകൃഷിയിലും അനുബന്ധമേഖലകളിലും പ്രവര്‍ത്തിക്കുന്ന മികച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാളികേര വികസന ബോര്‍ഡ് നല്കുന്ന വിവിധ ദേശീയ അവാര്‍ഡുകളുടെ വിതരണം ഫെബ്രുവരി 11-ന് ദല്‍ഹിയില്‍ നടക്കും. പുസ നാഷണല്‍ അഗ്രിക്കള്‍ച്ചര്‍ സയന്‍സ് സെന്റര്‍ കോപ്ലക്സിലെ നാസ് ഹാളില്‍ വൈകിട്ട് 5.30 ന് നടക്കുന്ന അവാര്‍ഡുദാന ചടങ്ങ് കേന്ദ്ര കൃഷിമന്ത്രി ശരത് പവാര്‍ ഉദ്ഘാടനം ചെയ്യും.
കേന്ദ്രമന്ത്രിമാരായ പ്രൊഫ.കെ.വി.തോമസ്, താരിഖ് അന്‍വര്‍, ഡോ.ചരണ്‍ ദാസ് മഹന്ത്, കേന്ദ്ര കൃഷി സെക്രട്ടറി, ആശിഷ് ബഹുഗുണ ഐ.എ.എസ്, മൃഗ സംരക്ഷണ-ഫിഷറീസ് വകുപ്പു സെക്രട്ടറി അനൂപ്കുമാര്‍ താക്കൂര്‍, നാളികേര വികസന ബോര്‍ഡ് ചെയര്മാന് ടി.കെ.ജോസ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും. നാളികേര ബോര്‍ഡിന്റെ ഏറ്റവും പുതിയ സംരംഭങ്ങളെക്കുറിച്ച് ഒരു സെമിനാറും ക്രമീകരിച്ചിട്ടുണ്ട്. സെമിനാറില്‍ ടി.കെ.ജോസ് ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തും.
രണ്ടു വര്‍ഷത്തിലൊരിക്കല്‍ പ്രഖ്യാപിക്കുന്ന അവാര്‍ഡുകള്‍ ഇത്തവണ രാജ്യത്ത് 16 പേര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ദേശീയതലത്തില്‍ മികച്ച കേരകര്ഷകന് ബോര്‍ഡിന്റെ സ്ഥാപക ചെയര്‍മാനും പ്രശസ്ത കര്‍ഷകനുമായിരുന്ന യശ്ശ:ശരീരനായ എന്‍.ഐ.ദേവസ്സിക്കുട്ടിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരം, തെക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നിന്നും കിഴക്ക് – വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മികച്ച കേരകര്‍ഷകര്‍ക്കുള്ള പുരസ്കാരങ്ങള്‍ എന്നിവയും ചടങ്ങില്‍ വിതരണം ചെയ്യും.
കൂടാതെ മികച്ച കേരോല്പന്ന നിര്‍മ്മാതാവ്, ഗവേഷകന്, കേരാധിഷ്ഠിത കരകൗശല വിദഗ്ദ്ധന്, കേരോല്പന്ന കയറ്റുമതി വ്യാപാരി, കേരവികസന വിജ്ഞാന വ്യാപന പ്രവര്ത്തകന്, കേരവികസന സഹകരണ സംഘം/സര്‍ക്കാരേതര സംഘടന, തെങ്ങുകയറ്റക്കാരന് , നാളികേരോത്പാദക സംഘം, നാളികേര സംസ്ക്കരണ വനിതാ യൂണിറ്റ് എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: