ധര്‍മ്മത്തിന്റെ സാന്നിധ്യത്തെ വീണ്ടും ഭൂമിയില്‍ പ്രതിഷ്ഠിക്കുക എന്നതാണ് തന്റെ കര്‍മ്മത്തിന്റെ ലക്ഷ്യമെന്ന് തഥാതന് ജന്മഭൂമിയുടെ എം. ബാലകൃഷ്ണനോട്…
ഘനസാന്ദ്രമായ ആത്മീയ തേജസിന്റെ പ്രഭാവലയം പ്രസരിപ്പിക്കുന്ന ഋഷിസാന്നിധ്യം, ധരിച്ചിരിക്കുന്ന ശുഭ്രവസ്ത്രം പോലെ തന്നെ തെളിമയുള്ള വാക്കുകള്‍, ദര്‍ശന മാത്രയില്‍ത്തന്നെ മനസ്സടുപ്പമുണ്ടാക്കുന്ന സ്നേഹസമീപനം; ഇത് തഥാതന്. പാലക്കാടിന്റെ അതിര്‍ത്തി ഗ്രാമങ്ങള്‍ക്കടുത്ത് വണ്ടിത്താവളത്തിലെ തഥാതവൃന്ദത്തില് വെച്ച് ഒരു ഉച്ച നേരത്താണ് ദര്‍ശനഭാഗ്യം ഉണ്ടാവുന്നത്. വീശിയടിക്കുന്ന ചൂടുകാറ്റിനെയും പാലക്കാടിന് ചൂടിനെയും തണുപ്പിക്കുന്ന നിര്‍മ്മലമായ ആശ്രമാന്തരീക്ഷം. പ്രദര്ശനപരതയുടെ പളപളപ്പുകള്‍ എവിടെയുമില്ല. ശിഷ്യനും ആചാര്യനും ഭക്തനും സന്ദര്‍ശകനും തമ്മില്‍ അകലങ്ങളില്ല. പൂര്വ്വജന്മങ്ങളിലെവിടയോ വെച്ച് കണ്ട ചിരപരിചിതത്വം പോലെ മനസ്സുകള്‍ ഒന്നാവുന്നു. വിദേശികളും സ്വദേശികളുമെന്നില്ല. പണക്കാരനും പാവപ്പെട്ടവനുമില്ല. മതജാതി ഭേദങ്ങളില്ല. അറിവൊരു മഹാഭാരമാവാതെ അനുഭൂതിയുടെ ആഴങ്ങളില്‍ നിന്നും വരുന്ന വാക്കുകള്‍ മന്ത്രസമാനമായി പുറത്തുവരുന്നു….
തഥാതന് സംസാരിക്കുകയാണ്……
കാലത്തേയും ചരിത്രത്തെയും കടന്ന്, ഭൂതവും വര്‍ത്തമാനവും ഭാവിയും ഒരുപോലെ കണ്ട് ഉറന്നൊഴുകുന്ന, ഉള്ളുണര്‍ത്തുന്ന അറിവുകള്‍……
പാലക്കാട് കിണാശ്ശേരിയില്‍ നടക്കുന്ന ധര്‍മ്മസൂയ മഹായാഗത്തിന്റെ ഒരുക്കങ്ങളുടെ തിരക്കുകള്‍ക്കിടയിലായിരുന്നു ജന്മഭൂമിക്കു തഥാതന് സമയം അനുവദിച്ചത്……
യാഗത്തെക്കുറിച്ച് തന്നെയാണ് തഥാതന് പറഞ്ഞ് തുടങ്ങിയത്……
ഇത് മഹായാഗം; ജനകീയം
ധര്‍മ്മത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനുവേണ്ടിയാണ് ധര്‍മ്മസൂയ മഹായാഗം. ധര്മ്മസാന്നിധ്യത്തെ ഉയിര്ത്തെഴുന്നേല്പിച്ച് ഭൂമിയില്‍ പ്രതിഷ്ഠിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ജീവഹിംസ നടത്തി യജ്ഞസംസ്കാരം വഴിപിഴച്ചു പോയിരുന്നു. അതോടെ അത് രാക്ഷസീയമായി മാറി. ജീവികളെ കൊല്ലരുതെന്ന് ബുദ്ധന് പറഞ്ഞു. അഹിംസ പരമമായ ധര്‍മ്മമാണെന്ന് വേദം പറയുന്നു. ജീവികളെ കൊന്നൊടുക്കിക്കൊണ്ട് മനുഷ്യലോകത്തിന് മുന്നേറാനാവില്ല. പഴയതിനെ അതേപടി പുനരാവിഷ്കരിക്കുകയല്ല. പുതിയ അറിവുകള്‍ നാം നേടി. പുതിയ ആശയങ്ങള്‍. പഴയതില്‍ തന്നെ ഒതുങ്ങിക്കിടക്കുന്നത് ശരിയല്ല. വേണ്ടതിനെ സ്വീകരിക്കാനും വേണ്ടാത്തതിനെ തിരസ്കരിക്കാനും കഴിയണം. യഥാര്‍ത്ഥ യജ്ഞസംസ്കാരത്തിന്റെ ആവിഷ്കാരമാണ് ധര്‍മ്മസൂയ മഹായാഗം. അഹിംസാത്മകമായ മാനവബോധത്തിന്റെ ജനകീയ പ്രഖ്യാപനമാണ് ഈ പ്രപഞ്ച മഹായജ്ഞം. അഞ്ച് വര്‍ഷമായി, 2009ലെ മഹായാഗത്തിനുശേഷം തപോവരിഷ്ഠാശ്രമത്തില്‍ നടന്നുവരുന്ന യജ്ഞത്തിന്റെ തുടര്‍ച്ചയാണിത്. 1008 സാധകരും 10008 യജ്ഞാര്ത്ഥികളും അതില്‍ പങ്കുചേരുന്നു. വേദസംസ്കാരം മുഴുവന്‍ മനുഷ്യസമൂഹത്തിനുമുള്ളതാണ്, ഏതെങ്കിലും ഒരു വിഭാഗത്തിനുള്ളതല്ല. ഏറ്റവും താഴ്ന്നവരെന്ന് പറയപ്പെടുന്നവര്‍ മുതല്‍ ഉയര്‍ന്ന ബ്രാഹ്മണര്‍ക്ക് വരെ ഈ ഭൂമിയില്‍ ജനിച്ച ഏതൊരാള്‍ക്കും അര്‍ഹതപ്പെട്ടതാണ് വേദം.
യാഗം നശീകരണത്തിനല്ല;സൃഷ്ടിക്കാനാണ്
യാഗം എന്തെങ്കിലും കത്തിച്ച് നശിപ്പിക്കാനുള്ളതല്ല. കൃഷിക്കാര്‍ വിത്തിറക്കുന്നത് നശിപ്പിക്കാനല്ല. പുതിയ വിളവെടുപ്പിനാണ്. പുരോഗതിയിലേക്കുള്ള, വികസനത്തിലേക്കുള്ള യാത്രയാണത്. യജ്ഞം ധര്മ്മസംസ്കാരത്തിന്റെ പുനരാവിഷ്കാരത്തിനാണ്. മറഞ്ഞുകിടക്കുന്ന ധര്‍മ്മത്തെ പുനഃസ്ഥാപിക്കുകയെന്നതാണ് യജ്ഞത്തിലൂടെ സംഭവിക്കുന്നത്. വേദത്തെക്കുറിച്ചോ, യജ്ഞസംസ്കാരത്തെക്കുറിച്ചോ അറിവില്ലാതെയാകുമ്പോഴാണ് യജ്ഞം നശിപ്പിക്കുകയാണെന്ന യുക്തിരഹിതമായ ആശങ്കയുണ്ടാവുന്നത്. അതിന് അടിസ്ഥാനമില്ല.
ധര്‍മ്മസന്ദേശം, ധര്‍മ്മ സംസ്ഥാപനം
ഈ യാഗം ധര്‍മ്മസംസ്ഥാപനത്തിനാണ്. ധര്‍മ്മത്തെ പുതുതായി ഉണ്ടാക്കുകയല്ല. വേദസംസ്കാരത്തെ പുനഃസൃഷ്ടിക്കുകയാണത്. അന്ധകാരത്തിന്റെ മറനീക്കി ധര്‍മ്മമഹിമയെ വീണ്ടും ഭൂമിയില്‍ പ്രതിഷ്ഠിക്കാനാണ് ഈ യാഗം.
ഭൂമിയില്‍ ഉദ്ദേശ്യമില്ലാതെ ഒന്നും ജന്മമെടുക്കുന്നില്ല. ഓരോന്നിനും ഓരോ ചരാചരത്തിനും ഒരു ഉദ്ദേശ്യവും ലക്ഷ്യവും ഉണ്ട്. അത് പൂര്‍ത്തീകരിക്കുക എന്നതാണ് ഓരോന്നിന്റെയും അന്തിമ ലക്ഷ്യം. ആ ലക്ഷ്യപൂര്ത്തിക്കനുസൃതമായി മനുഷ്യര്‍ മാറണം. എന്നാല്‍ അതിനുതക്ക അറിവ് നല്‍കുന്നതല്ല ഇന്നത്തെ വിദ്യാഭ്യാസം. ജ്ഞാനത്തെ വികസിപ്പിക്കാനുതകുന്നതല്ല ഇന്നത്തെ വിദ്യാഭ്യാസം. തലമുറകള്‍ വഴിമാറിപ്പോകുന്നു. എല്ലാതലങ്ങളിലും ഇതനുഭവപ്പെടുന്നു. കലഹവും യുദ്ധവും അഴിമതിയുമെല്ലാം ഇതിന്റെ ഫലമായുണ്ടാകുന്നതാണ്. പ്രകൃതിയുടെ നാശത്തിനാണ് ഇത് വഴിവെക്കുന്നത്. എല്ലാ മാര്‍ഗ്ഗങ്ങളും നാം പരീക്ഷിച്ചു. അതെല്ലാം പരാജയമടഞ്ഞു. ഋഷിസംസ്കാരത്തെ ആശ്രയിക്കുക മാത്രമാണ് ഇനി മാര്‍ഗ്ഗം. അതിനുള്ള കൂട്ടായ്മയാണ് യാഗം. പൂര്‍വ്വിക ഋഷിസങ്കല്പങ്ങളുടെ പുനര്‍ജനിയാണ് മോചനത്തിനുള്ള വഴി. അതിന് കാലദേശങ്ങളോ മത-ജാതി ഭേദങ്ങളോ ബാധകമല്ല.
പ്രബുദ്ധ മാര്‍ഗ്ഗം
ശ്രീ ബുദ്ധനെ ശരിയായി മനസ്സിലാക്കാന്‍ നമുക്ക് കഴിഞ്ഞില്ല. യജ്ഞസംസ്കാരം വഴിപിഴച്ചപ്പോഴാണ് ബുദ്ധന് പിറന്നത്. അഹിംസയാചരിക്കാനുള്ള ആഹ്വാനം മുഴങ്ങി. എന്നാല്‍ അഹിംസായചരിച്ചുകൊണ്ട് യജ്ഞസംസ്കാരത്തെ പുനഃസൃഷ്ടിക്കാന്‍ പിന്നീട് ശ്രമങ്ങളുണ്ടായില്ല. തഥാതനിലൂടെ തെളിഞ്ഞുവരുന്നത് ആ യുഗപ്രക്രിയ ആണ്.
വേദ സമ്പര്‍ക്കം
ചെറുപ്പത്തിലേ ചുറ്റുമുള്ളതില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. ദേവീ ഉപാസകനായി തുടക്കം. ഈശ്വരാന്വേഷണത്തിന്റെ വഴിയില്‍ താന്ത്രിക ഉപാസകനായി. പിന്നീട് ധ്യാനത്തിന്റെ വഴിയിലൂടെയുള്ള യാത്രകള്‍. അന്വേഷണങ്ങള്‍; അറിവ് തേടിയുള്ള പ്രയാണം. കാശി യാത്ര കഴിഞ്ഞ് തപോവരിഷ്ടാശ്രമത്തില് തിരിച്ചെത്തുമ്പോള്‍ ഒരു ബ്രാഹ്മണാചാര്യന് പൂര്‍ണ്ണകുംഭവുമായി സ്വീകരിക്കാനെത്തുന്നു. ആ മഹാനുഭാവന്റെ പൂര്വ്വജന്മചരിത്രം മനസ്സില്‍ തെളിഞ്ഞു. ശ്രീബുദ്ധന്റെ കാലത്ത് ബൗദ്ധധര്‍മ്മത്തിലേക്ക് മാറിയ പുരോഹിതശ്രേഷ്ഠന്. വേദധര്‍മ്മങ്ങള്‍ ലോകത്ത് പുനര്‍ജനിക്കേണ്ട കാലത്ത് അങ്ങയില്‍ നിന്ന് തന്നെ വൈദികധര്‍മ്മത്തെ ഏറ്റെടുക്കാമെന്ന ബുദ്ധന്റെ വാക്കുകളെ യാഥാര്‍ത്ഥ്യമാവുകയാണ്. വേദാധ്യായനവും ശ്രീരുദ്രവും പിന്നീട് ആ വേദാചാര്യനെ മുന്‍നിര്‍ത്തിതന്നെ ആദ്യയജ്ഞവും. ബുദ്ധന്റെ വാക്കുകള്‍ സത്യമായി തീരുകയായിരുന്നു. ഗുരുകുല സമ്പ്രദായം വഴി വേദാദ്ധ്യായനം ഉണ്ടായിട്ടില്ല. എന്നാല്‍ അറിവിന്റെ ലോകത്തേക്ക് സ്വന്തമായ മാര്‍ഗ്ഗത്തില്‍ മുന്നോട്ട് പോയി. പൂര്‍വ്വ ഋഷികളുടെ വെളിപാട് ആര്‍ജിച്ചു. വേദാചാര്യന്റെ ശിക്ഷണം ഏറെ സഹായിച്ചു.
ഇത് പരിണാമദശ
മനുഷ്യന് പരിണമിക്കുകയാണ്. ആ ദശാസന്ധിയുടെ വ്യാകുലതകളും ആകുലതകളുമാണ് ഇന്ന് കാണുന്നത്. ശ്രേഷ്ഠമായ സംസ്കാരത്തിലേക്കുളള പരിണാമപ്രക്രിയയിലൂടെയാണ് ലോകം കടന്നുപോവുന്നത്. പുതിയ കാലഘട്ടം ഉരുത്തിരിയും. അത്തരമൊരു യുഗസന്ധ്യയാണത്. കാലശക്തി എല്ലാറ്റിനെയും ഇളക്കി പ്രതിഷ്ഠിക്കുന്നു. ഈ പ്രതിസന്ധിഘട്ടങ്ങളില്‍ മനുഷ്യരാശിക്ക് വഴി കാണിക്കാന്‍ മഹാപുരുഷന്മാര് ഭൂമിയില്‍ ജനിക്കുന്നു. സ്വാമി വിവേകാനന്ദന് അത്തരത്തില്‍ ഒരവതാരമായിരുന്നു. കാലത്താല്‍ നിശ്ചയിക്കപ്പെടുന്ന ഋഷിയുടെ പുനരവതാരങ്ങള്‍ ഇനിയും ഉണ്ടാവും. മണ്മറഞ്ഞ ഋഷിപരമ്പരയും കൂട്ടായ്മയും ഉണ്ടാവും. പുതിയ തലമുറയ്ക്ക് വഴികാട്ടുന്ന വൈദികസംസ്കാരം പുനരാനയിക്കും. അതിന്റെ തുടക്കമാണ് ധര്‍മ്മസൂയ മഹായാഗം.
ഇനി വേദസംസ്കാരത്തിന്റേത്
ലോകം മുഴുവന്‍ വൈദികസംസ്കാരം നിറയും. പുതിയ യുഗപ്പിറവിയ്ക്ക് പ്രപഞ്ചം കാതോര്‍ത്ത് നില്‍ക്കുകയാണ്. ധര്മ്മത്തിന് നാശമില്ല. സനാതനമായ സൃഷ്ടി താളമാണത്. അതിലാണ് പ്രപഞ്ചത്തിന്റെ ഉദ്ഭവവും നിലനില്‍പ്പും. ആ സംസ്കാരത്തിന്റെ പുനഃസ്ഥാപനമാണ് ഇനി നടക്കുക. തഥാതനിലൂടെ കാലമാവശ്യപ്പെടുന്നത് ആ പരിവര്‍ത്തനമാണ്. സ്വധര്‍മ്മത്തെ തിരിച്ചറിഞ്ഞ് സമൂഹത്തെ ഉദ്ധരിക്കുന്നതിന് പക്വതയുള്ള ഒരു തലമുറയുടെ പിറവിയാണാവശ്യം. ബോധവികാസത്തിന്റെ ആ പരിണാമത്തിലൂടെ ലോകം മുഴുവന്‍ വേദസംസ്കാരം വ്യാപിക്കും. ഇനി വേദസംസ്കാരത്തിന്റെ കാലമാണ്. അത് പ്രകൃതിയുടെ നിശ്ചയമാണ്. ആ നിശ്ചയമാണ് ധര്മ്മസൂത്രങ്ങളിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: