തൃപ്പൂണിത്തുറ: ചുണ്ടില്‍ നിറഞ്ഞ പുഞ്ചിരിയും സ്നേഹനിര്‍ഭരമായ പെരുമാറ്റവുമായി തൃപ്പൂണിത്തുറയുടെ സൗഹൃദമേറ്റുവാങ്ങിയ എം. ഗോപിനാഥന് എന്ന കേസരി ഗോപിച്ചേട്ടന് ഇന്ന് നാടിന്റെ സമാദരണം.
ദശാബ്ദങ്ങള്‍ക്ക് മുമ്പ് തൃപ്പൂണിത്തുറയില്‍ വന്നിറങ്ങിയ എം. ഗോപിനാഥന് ഇന്ന് അറുപതിന്റെ നിറവിലാണ്. ക്ഷേത്രകാവല്ക്കാരന്, പത്രവിതരണക്കാരന്, ഇന്‍ഷുറന്‍സ് ഏജന്റ്, പൊതുപ്രവര്ത്തകന്, സംസ്കൃതഭാഷാ പ്രചാരകന് എന്നിങ്ങനെ ജീവിതത്തില്‍ പല വഴികളിലൂടെ സഞ്ചരിക്കുന്ന എം. ഗോപിനാഥന് തൃപ്പൂണിത്തുറയുടെ സാംസ്കാരികലോകത്ത് നിറസാന്നിധ്യമാണ്. ബാലഗോകുലത്തിന്റെയും വിവിധ സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിലാണ് അദ്ദേഹത്തെ ആദരിക്കുന്നത്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍എസ്എസ്) നിത്യശാഖാ പ്രവര്‍ത്തനങ്ങളിലൂടെ വികാസം പ്രാപിച്ച വ്യക്തിത്വം മുഖമുദ്രയാക്കിയ എം. ഗോപിനാഥനുള്ള ആദരവ് തനമനധനാദികള്‍ സമാജസേവനത്തിനര്പ്പിച്ച അടിസ്ഥാന പ്രവര്ത്തകന് ലഭിക്കുന്ന അംഗീകാരംകുടിയാകും. വിശ്വസംസ്കൃത പ്രതിഷ്ഠാനവുമായി ചേര്‍ന്ന് എം. ഗോപിനാഥന് നടത്തിയ സംഭാഷണ ശിബിരങ്ങളുടെ സംഘാടനത്തിലൂടെ നൂറിലേറെയാളുകളാണ് സംസ്കൃതത്തിന്റെ ലാളിത്യവും മാധുര്യവും അനുഭവിച്ചറിഞ്ഞത്. ആര്‍എസ്എസിന്റെ മുഖപത്രമായ കേസരിയുടെ വിതരണക്കാരനെന്നതിലുപരി അതിന്റെ പ്രചാരണപ്രവര്‍ത്തനം കൂടി ഏറ്റെടുത്ത ഗോപിനാഥന് തൊണ്ണൂറുകളില്‍ നടത്തിയ പ്രവര്‍ത്തനം പത്രപ്രവര്‍ത്തനരംഗത്ത് അദ്ദേഹം നടത്തിയ നിസ്വാര്‍ത്ഥ സേവനത്തിനുള്ള മാതൃകയാണ്. ഈ കാലയളവില്‍ തൃപ്പൂണിത്തുറയിലും സമീപ ഗ്രാമപ്രദേശങ്ങളിലുമായി മുന്നൂറോളം ഭവനങ്ങളിലാണ് അദ്ദേഹത്തിന്റെ സമ്പര്‍ക്കം ചെന്നെത്തിയത്. ഈ പ്രവര്‍ത്തനത്തിന്റെ ആകെത്തുകയാണ് കേസരി ഗോപിയെന്ന വിശേഷണം.
ബാലഗോകുലത്തിന്റെ അടിസ്ഥാന പ്രവര്ത്തകന് എന്ന നിലയില്‍ വളര്‍ന്നുവന്ന ഗോപിനാഥന് നിലവില്‍ ബാലഗോകുലം തൃപ്പൂണിത്തുറ നഗരത്തിന്റെകാര്യദര്ശിയാണ്. പൂര്‍ണാനദിക്ക് കിഴക്ക് പടിഞ്ഞാറ് തോണിക്കടവുകള്‍ മലിനീകരണത്തിന് വിധേയമാക്കപ്പെട്ടപ്പോള്‍ മേക്കര ബാലഗോകുലാംഗങ്ങളുമായി തോണിക്കടവിലേക്ക് നദീസംരക്ഷണ സന്ദേശയാത്ര നടത്തി നദീപൂജക്ക് നേതൃത്വം നല്കിയ എം. ഗോപിനാഥന് പൂര്‍ണാ സംരക്ഷണ പ്രസ്ഥാനത്തിന്റെ മുന്‍നിര പ്രവര്ത്തകന്മാരിലൊരാള്കൂടിയാണ്.
ജീവിതത്തിലെ ലാളിത്യം, പ്രതിസന്ധികളില്‍ തളരാതെ സ്വന്തമായി ഉയരുവാനുള്ള അടിയുറച്ച ആദര്‍ശനിഷ്ഠ, പ്രതിഫലയിച്ഛയില്ലാത്ത സ്നേഹം എന്നിവയാണ് കോട്ടയ്ക്കകം നിവാസികള്‍ക്ക് എം. ഗോപിനാഥനോടുള്ള വിശ്വാസത്തിന്റെ അടിസ്ഥാനം. ഇന്ന് വൈകിട്ട് 5.30 ന് ചക്കംകുളങ്ങര എന്‍എസ്എസ് സെന്‍ട്രല്‍ കരയോഗം ഹാളില്‍ മഹിതം 2014 എന്ന പേരില്‍ നടക്കുന്ന ആദരിക്കല്‍ ചടങ്ങ് തൃപ്പൂണിത്തുറ നഗരസഭാ ചെയര്മാന് ആര്. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം ജില്ലാ ഉപാധ്യക്ഷന്‍ ബി. വിദ്യാസാഗരന് സമാദരണ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: