ലണ്ടന്‍: കൂട്ടുകാരെന്റ കൈവിരലില്‍ മൃദുവായി സ്പര്ശിച്ചപ്പോള് ഡെന്നീസ് ആബോ സോറന്സെന്നിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി, ശബ്ദം ഇടറി… ഒരു സ്പര്‍ശനത്തിന്റെ അനുഭൂതി മുഴുവന്‍ ആബോയുടെ മുഖത്തുണ്ട്….
അങ്ങനെ ആബോ ചരിത്രത്തില്‍ ചേക്കേറി., ലോകത്താദ്യമായി സ്പര്ശനശേഷിയുളള, കൈയുടെ പല പ്രത്യേകതകളുമുള്ള കൃത്രിമക്കൈ (ബയോണിക് കൈ) ഘടിപ്പിച്ചയാളെന്ന ഖ്യാതിയും ഇനി ആബോയ്ക്ക് സ്വന്തം.
പത്തു വര്‍ഷം മുന്‍പ് പടക്കം പൊട്ടിക്കുമ്പോഴാണ് ആബോയ്ക്ക് ഇടതു കൈ നഷ്ടപ്പെട്ടത്. ഒറ്റക്കയ്യന്‍ എന്ന പേരുംവീണു. വിധിയെ ശപിച്ച് കഴിയുമ്പോഴാണ് ഇത്തരമൊരു ഭാഗ്യം മുപ്പത്താറുകാരനെ തേടിയെത്തുന്നത്. തോളിനു താഴെ ഭാഗത്തു വച്ചാണ് കൃത്രിമക്കൈ ഞരമ്പുകളുമായി യോജിപ്പിച്ചിരിക്കുന്നത്. കണ്ണുകള്‍ കെട്ടി, ഇയര്‍ പ്ലഗുകള്‍ വച്ച് ചെവികള്‍ അടച്ചാണ് കൃത്രിമക്കൈ കൊണ്ട് ആബോയെക്കൊണ്ട് ഓരോ വസ്തുക്കളും തൊടീച്ചത്. കൃത്രിമക്കൈ കൊണ്ട് ആബോ ഓരോ വസ്തുവും തൊട്ടറിഞ്ഞു. അയാള്‍ കൈയില്‍ നല്കിയ ഓറഞ്ചും സ്പര്‍ശിച്ച് തിരിച്ചറിഞ്ഞു.
പത്തു വര്‍ഷം മുന്‍പു വരെയുണ്ടായിരുന്ന ആ കഴിവ്, കൃത്രിമ കൈയിലൂടെ തിരിച്ചുകിട്ടിയപ്പോള്‍ അയാള്‍ ദൈവത്തിന് നന്ദി പറഞ്ഞു. കൈയില്‍ നല്കിയ വസ്തു മൃദുവാണോ, കടുപ്പമുള്ളതാണോ ചതുരമാണോ വട്ടമാണോ തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്രിമ കൈ കൊണ്ട് ആബോ തിരിച്ചറിഞ്ഞു.
ജനുവരി 26നാണ് റോമിലെ ജെമില്ലി ആശുപത്രിയില്‍ ആബോയെ ശസ്ത്രക്രിയക്ക് വിധേയനാക്കി, പ്രത്യേക തരം ഇലക്ട്രോഡുകള്‍ ഞരമ്പുകള്‍ക്കുള്ളില്‍ പിടിപ്പിച്ചത്. കനം തീരെക്കുറഞ്ഞ, കിറുകൃത്യമായ അളവിലുളള അവ ജര്‍മ്മനിയിലാണ് വികസിപ്പിച്ചെടുത്തത്. ഞരമ്പുകള്‍ വഴി വരുന്ന സിഗ്നലുകള്‍ ഇവ അതേപടി പകര്‍ത്തി കൃത്രിമ വിരലുകളിലേക്ക് എത്തിച്ചു. വിരലുകളില്‍ നിന്നു ലഭിച്ച സൂചനകള്‍ അപ്പാടെ തലച്ചോറിലേക്ക് മടക്കി വിടാനും അവയ്ക്ക് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: