ന്യൂദല്‍ഹി: തത്സമയ വിസ ചട്ടങ്ങള്‍ കൂടുതല്‍ ഉദാരമാക്കി ടൂറിസം രംഗത്തിനു ഉണര്‍വേകാന്‍ ഇന്ത്യ. തത്സമയ വിസ( വിസ ഓണ്‍ അറൈവല്‍) ലഭിക്കുന്ന രാജ്യങ്ങളുടെ എണ്ണം 11ല്‍ നിന്നും 180 ആയി വര്‍ദ്ധിപ്പിച്ചതാണ് രാജ്യാന്തര വിനോദ സഞ്ചാരികള്‍ക്ക് ആകര്‍ഷകമായി മാറിയിരിക്കുന്നത്. ടൂറിസം രംഗത്ത് വന്‍കുതിപ്പിനു കാരണമാകുന്ന പദ്ധതി വരുന്ന ഒക്ടോബറോടെ ആരംഭിക്കുമെന്ന് കേന്ദ്ര ആസൂത്രണവകുപ്പ് മന്ത്രി രാജീവ് ശുക്ല അറിയിച്ചു.
നിലവില്‍ ഫിന്‍ലാന്റ്, ഫിലിപ്പീന്‍സ്,സിങ്കപ്പൂര്‍, ജപ്പാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു മാത്രമാണ് ഇന്ത്യ തത്സമയ വിസ അനുവദിക്കുന്നത്. എന്നാല്‍ ഇത് 180 രാജ്യങ്ങളിലേക്ക് വര്‍ദ്ധിപ്പിച്ചതോടെ രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കെല്ലാം വലിയ നേട്ടമാണുണ്ടാകുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി,പാക്കിസ്ഥാന്,ചൈന,അഫ്ഗാനിസ്ഥാന്,സോമാലിയ,ഇറാന്,ശ്രീലങ്ക,നൈജീരിയ,സുഡാന് തുടങ്ങിയ എട്ടു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തല്‍സമയ വിസ ലഭിക്കില്ല.
വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഓണ്‍ലൈന്‍ വഴി വിസയ്ക്ക് അപേക്ഷിക്കാവുന്ന ഇ.റ്റി.എ പദ്ധതിയും ഒക്ടോബറോടെ ആരംഭിക്കും. അപേക്ഷിച്ച് അഞ്ചു ദിവസത്തിനകം വിസ ലഭിക്കുന്ന പദ്ധതിയാണിത്. രാജ്യത്ത് എത്തുന്നതു മുതല്‍ 30 ദിവസമാണ് ഇ.ടി.എയുടെ കാലാവധി, പുതുതായി ആരംഭിക്കുന്ന വെബ്സൈറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിരക്കനുസരിച്ച് പണമടച്ച് വിസയ്ക്ക് അപേക്ഷിക്കാം. മൂന്നു ദിവസത്തിനകം വിസ അനുവദിച്ചു നല്‍കും.
കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ മുന്‍നിര്‍ത്തി കൊച്ചി, തിരുവനന്തപുരം അടക്കമുള്ള രാജ്യത്തെ ഒന്‍പത് പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലാണ് തത്സമയ വിസ പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. ദല്‍ഹി,മുംബൈ,കൊല്‍ക്കത്ത,ചെന്നൈ,ഹൈദ്രബാദ്,ഗോവ തുടങ്ങിയ വിമാനത്താവളങ്ങളിലും പദ്ധതി നടപ്പാക്കും. അഭ്യന്തര,വിദേശകാര്യ,ടൂറിസം വകുപ്പുകളുമായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് വിസ വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കാന്‍ തീരുമാനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: