ഹൂസ്റ്റണ്‍: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി മാനസിക വൈകല്യമുള്ളയാളെ വിവാഹ വാഗ്ദാനം നല്കിയ ശേഷം വധിച്ച കേസില്‍ സ്ത്രീയെ വധശിക്ഷക്കു വിധേയയാക്കി. യുഎസിലാണ് സംഭവം. അന്‍പത്തൊന്നുകാരിയായ സൂസന് ബസോയെയാണ് വധശിക്ഷക്ക് വിധേയയാക്കിയത്. വിഷം കുത്തിവച്ചാണ് ഇവരെ വധിച്ചത്. 1976ല്‍ വധശിക്ഷ പുനരാരംഭിച്ച ശേഷം യുഎസ് വധശിക്ഷക്കു വിധേയയാക്കുന്ന പതിന്നാലാമത്തെ സ്ത്രീയാണ് സൂസന്.
1998ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലൂയിസ് മുസ്സോ എന്നയാളെ വിവാഹ വാഗ്ദാനം നല്കി ന്യൂജഴ്സിയില്‍ നിന്നു ടെക്സസിലെത്തിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്.
ഇയാളുടെ പേരിലുണ്ടായിരുന്ന ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായാണ് ഇയാളെ കൊലപ്പെടുത്തിയത്. സിഗരറ്റ് കൊണ്ട് പൊള്ളിച്ചും ബെല്‍റ്റ് കൊണ്ട് മുറിവേല്പ്പിച്ചും ക്രൂരമായാണ് സൂസനും അഞ്ചു കൂട്ടാളികളും ചേര്‍ന്ന് ഇയാളെ കൊന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ച പൊലീസിന് ഹൂസ്റ്റണിനു സമീപം റോഡരികിലെ കുഴിയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: