ന്യൂദല്‍ഹി: വര്‍ഗ്ഗീയ കലാപങ്ങളില്‍ ഭൂരിപക്ഷ സമൂഹത്തിനെതിരെ മാത്രം നടപടി സ്വീകരിക്കുന്ന തരത്തില്‍ തയ്യാറാക്കി വിവാദമായി മാറിയ വര്‍ഗ്ഗീയ വിരുദ്ധ ബില്ല് രാജ്യസഭയില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. വിവിധ വിഷയങ്ങളില്‍ സഭയില്‍ ബഹളം നടക്കുന്നതിനിടെയാണ് കേന്ദ്രനിയമമന്ത്രി കപില്‍ സിബല്‍ ബില്ലവതരിപ്പിക്കാന്‍ ശ്രമിച്ചത്. ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കെടുക്കുന്ന കാര്യത്തില്‍ പ്രാഥമിക നടപടികള്‍ പോലും സ്വീകരിച്ചില്ലെന്നാരോപിച്ച് ബിജെപിയും ഇടതുപക്ഷമുള്‍പ്പെടെയുള്ള മറ്റു പ്രതിപക്ഷ കക്ഷികളും ബഹളമുണ്ടാക്കിയതോടെ സര്‍ക്കാര്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ബില്ല് സഭയില്‍ ചര്‍ച്ച ചെയ്യാന്‍ പോലും കൊള്ളില്ലെന്ന നിലപാട് മുഖ്യപ്രതിപക്ഷമായ ബിജെപി സ്വീകരിച്ചു. ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ് ബില്ലിലെ വ്യവസ്ഥകളെല്ലാം. ക്രമസമാധാന പാലനം സംസ്ഥാനങ്ങളുടെ അധികാര വിഷയമാണ്. ഇതിന്മേലുള്ള കടന്നുകയറ്റം അനുവദിക്കാനാവില്ലെന്ന പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്ലിയുടെ വാദത്തെ സിപിഎം നേതാവ് സീതാറാം യെച്ചൂരിയുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും പിന്തുണച്ചതോടെ സര്‍ക്കാര്‍ പിന്‍വലിയുകയായിരുന്നു. സിപിഐ,ഡിഎംകെ,എഐഎഡിഎംകെ,സമാജ് വാദി പാര്‍ട്ടി എന്നിവരും ബില്ലിനെ എതിര്‍ത്തു.
ശീതകാല സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിലെ ആദ്യ ദിനമായ ഇന്നലെ വിവിധ വിഷയങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. തെലങ്കാന ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ഇരുസഭകളും ആദ്യം 12 മണിവരെയും പിന്നീടും ബഹളം തുടര്‍ന്നതോടെ ഇന്നലത്തേക്ക് പൂര്‍ണ്ണമായും പിരിയുകയായിരുന്നു. തെലങ്കാന വിഷയത്തില്‍ ലോക്സഭയില്‍ സീമാന്ധ്രയില്‍ നിന്നുള്ള അംഗങ്ങള്‍ കോണ്‍ഗ്രസ് എംപിമാരുടെ നേതൃത്വത്തില്‍ ആദ്യം നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് തെലങ്കാന അനുകൂലികളും നടുത്തളത്തിലിറങ്ങി. ഇതോടെ ഇരുസഭകളും നിയന്ത്രണതീതമായി മാറി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ അവിടെനിന്നുള്ള അംഗങ്ങളും ബിജെപി അംഗങ്ങളും പ്രതിഷേധിച്ചു. സിഖ് കൂട്ടക്കൊലയേപ്പറ്റി രാഹുല്‍ഗാന്ധി നടത്തിയ വിവാദ അഭിമുഖത്തിലെ പ്രസ്താവനകള്‍ക്കെതിരെ ശിരോമണി അകാലിദള്‍ അംഗങ്ങളും ലോക്സഭയില്‍ പ്രതിഷേധിച്ചു. സ്പെക്ട്രം കേസില്‍ കനിമൊഴിക്കെതിരെ പുറത്തുവന്ന കൂടുതല്‍ ശക്തമായ തെളിവുകള്‍ ഉയര്‍ത്തിക്കാട്ടി എഐഎഡിഎംകെ അംഗങ്ങളും ബഹളമുണ്ടാക്കി. ഇരു സഭകളിലും വിവിധ വിഷയങ്ങളിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചത്. വരുംദിവസങ്ങളിലും സമാനമായ സ്ഥിതിഗതികള്‍ തന്നെയാരും പാര്‍ലമെന്റില്‍ സംഭവിക്കുകയെന്ന് ഉറപ്പാണ്. സര്‍ക്കാരിനെ ബില്ലുകള്‍ പാസാക്കി കയ്യടി വാങ്ങിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മൂന്നാംമുന്നണിയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പാര്‍ട്ടികള്‍ വ്യക്തമാക്കിക്കഴിഞ്ഞു. വോട്ടോണ്‍ അക്കൗണ്ട് പാസാക്കി ഫെബ്രുവരി 21നകം സഭ പിരിയും.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: