ന്യൂദല്‍ഹി: മലയാളി മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ വധശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഭീകരവാദ വിരുദ്ധ നിയമമായ സുവ പ്രതികള്‍ക്കെതിരെ ചുമത്തുമെങ്കിലും വധശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ ഒഴിവാക്കാന്‍ ദല്‍ഹിയില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. ഇറ്റാലിയന്‍ നാവികരെ പൂര്‍ണ്ണമായും രക്ഷിക്കുന്നതിനുള്ള പ്രഹസന നടപടികളാകും കേസിന്റെ വിചാരണ വേളയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് ഇതോടെ വ്യക്തമായി.
ആഭ്യന്തര,നിയമ,വിദേശകാര്യ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരാണ് അടിയന്തിരയോഗം ചേര്‍ന്ന് കേസില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ തീരുമാനിച്ചത്. നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തുന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനമറിയി ക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗം നടന്നത്. അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍വതിയും യോഗത്തില്‍ പങ്കെടുത്തു.
എന്‍ഐഎ അന്വേഷിച്ച കേസായതിനാല്‍ കുറ്റപത്രത്തില്‍ സുവ നിയമം ഒഴിവാക്കാനാവില്ലെന്ന് ആഭ്യന്തര വകുപ്പ് നിലപാട് അറിയിച്ചു. എന്നാല്‍ ഭീകരവാദ വിരുദ്ധ നിയമം ചുമത്തിയാല്‍ വധശിക്ഷ ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്നും ഇതു ഇന്ത്യ ഇറ്റലിക്ക് നല്കിയ ഉറപ്പിന്റെ ലംഘനമാകുമെന്നും വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. ഇതേ തുടര്‍ന്ന് അറ്റോര്‍ണി ജനറലാണ് സുവ നിയമം നിലനിര്‍ത്തിക്കൊണ്ടുതന്നെ വധശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകള്‍ കുറ്റപത്രത്തില്‍ ഒഴിവാക്കണമെന്ന നിയമോപദേശം നല്‍കിയത്. കേസിലെ വിചാരണ നടക്കുമ്പോള്‍ പ്രോസിക്യൂഷന് പ്രതികളുടെ വധശിക്ഷ ആവശ്യപ്പെടേണ്ടെന്നും യോഗം തീരുമാനിച്ചു.
സുവയ്ക്കൊപ്പം ഐപിസി പ്രകാരമുള്ള വകുപ്പുകളും ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ചുമത്തുമെങ്കിലും വിചാരണയ്ക്കിടെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം വാദിഭാഗം ഉന്നയിക്കില്ലെന്ന ധാരണ വിദേശകാര്യമന്ത്രാലയത്തിന്റെ സമ്മര്‍ദ്ദപ്രകാരമാണ് യോഗം സ്വീകരിച്ചത്. തീവ്രവാദം, കടല്‍ക്കൊള്ള തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി രൂപീകരിച്ച എന്‍ഐഎ അന്വേഷിക്കുന്ന കേസിലെ കുറ്റപത്രത്തില്‍ സുവ ഒഴിവാക്കാനാവില്ലെന്ന് അറ്റോര്‍ണി ജനറലും യോഗത്തില്‍ അറിയിച്ചു. വധശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തി നാവികരെ വിചാരണയ്ക്ക് വിധേയമാക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചെങ്കിലും വിദേശകാര്യ മന്ത്രാലയത്തിന്റെ എതിര്‍പ്പാണ് തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
സുവ ചുമത്തുന്നതിനുള്ള തീരുമാനത്തിനെതിരെ ഇറ്റാലിയന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഫെബ്രുവരി 10ന് കോടതി പരിഗണിക്കും. സുവ ചുമത്തുമെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചതോടെ കേസില്‍ സുപ്രീംകോടതി നിലപാട് ഇറ്റലിക്ക് നിര്‍ണ്ണായകമാണ്. വധശിക്ഷ ലഭിക്കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ ഉറപ്പിന് കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ മാറ്റം സംഭവിക്കുന്ന സാഹചര്യത്തെ ഇറ്റലി ഭയക്കുന്നുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: