കൊച്ചി: ഇന്ത്യയിലെ വിശേഷിച്ച് കേരളത്തിലെ ശാസ്ത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തടസമായി നിന്നത് ജാതിവ്യവസ്ഥയാണെന്ന് പ്രമുഖ ചരിത്രകാരന് ഡോ.എം.ജി.എസ്. നാരായണന്. ഇക്കാരണത്താല്‍ അര്‍ഥശാസ്ത്രം എന്ന മൗലികഗ്രന്ഥത്തിനു പോലും ഇവിടെ കാര്യമായ പ്രചാരം ലഭിച്ചില്ല. ഉന്നതവര്ണങ്ങള്ക്കു മാത്രമുള്ള വിശുദ്ധഗ്രന്ഥമായാണ് അര്‍ഥശാസ്ത്രം പരിഗണിക്കപ്പെട്ടതെന്ന് അദ്ദേഹം നിരീക്ഷിച്ചു.
സിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയുടെയും തൃപ്പൂണിത്തുറ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹില്‍പാലസില്‍ നടക്കുന്ന ത്രിദിന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സംസ്കൃത പാരമ്പര്യവും നാട്യ പാരമ്പര്യവും അനസ്യൂതമായ നാട്യശാസ്ത്ര തുടര്‍ച്ചയുടെ തെളിവാണെന്ന് വ്യംഗ്യവ്യാഖു എന്ന ഒമ്പതാം നൂറ്റാണ്ടിലെ കൃതിയെ ആസ്പദമാക്കി ഡോ.കെ.ജി.പൗലോസ് അഭിപ്രായപ്പെട്ടു. കൂടിയാട്ടത്തിലെ വാചികാഭിനയം, ജ്യാമിതീയ ഗണിതം എന്നിവ കേരളത്തിന്റെ തനതായ വൈദികപാരമ്പര്യത്തില്‍ നിന്ന് ഉടലെടുത്തതാണെന്ന് സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ച പ്രൊഫ.സി.എന്‍.നീലകണ്ഠന് പറഞ്ഞു. രേഖപ്പെടുത്തിയ പ്രബന്ധങ്ങളേയും ഗ്രന്ഥങ്ങളേയും മാത്രം ആശ്രയിച്ചാണ് പൊതുവെ ജ്ഞാനസമ്പാദനം നടക്കുന്നതെന്നും എന്നാല്‍ സംസ്കാര പഠനത്തില്‍ വിപുലമായ നാട്ടുവഴക്കങ്ങളെ പരിഗണിക്കേണ്ടത് നിര്‍ണായകമാണെന്നും ബൗദ്ധപാരമ്പര്യത്തെ സംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ച ഡോ.അജു നാരായണന് ചൂണ്ടിക്കാട്ടി.
സെമിനാറിന്റെ രണ്ടാം ദിനമായ ഇന്നലെ ഡോ. രാധവല്ലഭ ത്രിപാഠി, ഡോ.കെ.മുത്തുലക്ഷ്മി, ഡോ.സി.രാജേന്ദ്രന്, ഡോ.പി.വി.രമാന്കുട്ടി, ഡോ.ധര്‍മരാജ് അടാട്ട്, ഡോ.ബി. വേണുഗോപാലപ്പണിക്കര്‍, ഡോ. കാര്‍മേല മാസ്ട്രാഞ്ചലോ, പ്രൊഫ. ജോര്‍ജ് സി.പോള്‍ എന്നിവരും പ്രബന്ധം അവതരിപ്പിച്ചു. വൈകീട്ട് നടന്ന സാംസ്കാരിക പരിപാടിയില്‍ എടപ്പാളിലെ വല്ലഭട്ട കളരിസംഘത്തിന്റെ കളരിപ്പയറ്റും ഉണ്ടായിരുന്നു. സെമിനാര്‍ ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: