ന്യൂദല്‍ഹി: ദല്‍ഹിയിലെ ആംആദ്മി സര്‍ക്കാരും വൈദ്യുതി കമ്പനികളും തമ്മിലുള്ള പോരു മൂര്‍ച്ഛിച്ചതോടെ സാധാരണക്കാരന് ലഭിച്ചത് നിരക്കു വര്‍ദ്ധനവും വൈദ്യുതി മുടക്കവും. വൈദ്യുതി നിരക്കില്‍ അമ്പതു ശതമാനം കുറവു വരുത്തുമെന്ന വാഗ്ദാനം നല്കി അധികാരത്തിലെത്തിയ ആംആദ്മി പാര്‍ട്ടി വൈദ്യുത കമ്പനികളുമായി പരസ്യമായി യുദ്ധം പ്രഖ്യാപിച്ചതോടെയാണ് സാധാരണക്കാരന് ഇരുട്ടടി കിട്ടിത്തുടങ്ങിയിരിക്കുന്നത്.
വൈദ്യുതി നിരക്കില്‍ പത്തു ശതമാനത്തോളം വര്‍ദ്ധനവു വരുത്തുന്നതിന് റഗുലേറ്ററി അതോറിറ്റി വൈദ്യുതി കമ്പനികള്‍ക്ക് അനുമതി നല്‍കുകയും ഫണ്ടുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി സ്വകാര്യ വൈദ്യുതി കമ്പനികള്‍ 8 മുതല്‍ 10 മണിക്കൂര്‍ വരെ വൈദ്യുതി മുടക്കം പ്രഖ്യാപിച്ചതും ദല്‍ഹിയിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയാണ്.
ടാറ്റായും റിലയന്‍സും ഉള്‍പ്പെടെയുള്ള ദല്‍ഹിയിലെ സ്വകാര്യവൈദ്യുതി കമ്പനികളുമായി ഏകപക്ഷീയമായി യുദ്ധം പ്രഖ്യാപിച്ച് മുന്നോട്ടു പോകുന്ന ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ നടപടിയാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. കമ്പനികളുമായി ചര്‍ച്ച നടത്താന്‍ പോലും തയ്യാറാവാത്ത സംസ്ഥാന സര്‍ക്കാര്‍ സിഎജി റിപ്പോര്‍ട്ട് വന്നശേഷം നടപടിയുണ്ടാകുമെന്നാണ് പറയുന്നത്. ഇന്നലെ മുതല്‍ രാജ്യതലസ്ഥാനത്ത് വൈദ്യുതി മുടക്കം ആരംഭിച്ചിട്ടുണ്ട്.
പണമില്ലെന്നു പറഞ്ഞാണ് വൈദ്യുതി കമ്പനികള്‍ വൈദ്യുതി മുടങ്ങുമെന്ന് പറയുന്നതെന്നും അന്യായ വിലയ്ക്ക് വൈദ്യുതി വിറ്റുണ്ടാക്കിയ പണം എവിടെപ്പോയെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ചോദിച്ചു. സിഎജി റിപ്പോര്‍ട്ട് വന്നശേഷം ഇക്കാര്യത്തില്‍ നടപടിയുണ്ടാകും. ടാറ്റയും റിലയന്‍സും മാത്രമല്ല രാജ്യത്തെ വൈദ്യുതി കമ്പനികളെന്നും മറ്റു സേവന ദാതാക്കളെ തേടുമെന്നും കെജ്രിവാള് പറഞ്ഞു.
സിഎജി ഓഡിറ്റിംഗുമായി വൈദ്യുതികമ്പനികള് സഹകരിക്കുന്നില്ലെന്നു കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി വൈദ്യുത കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ മടിക്കില്ലെന്നും വ്യക്തമാക്കി.
അധികാരത്തിലെത്തിയാല്‍ നിരക്കുകളില്‍ വലിയ കുറവു വരുത്തുമെന്ന പ്രഖ്യാപനം നടപ്പാക്കാന്‍ കഴിയാത്തത് ആംആദ്മി പാര്‍ട്ടിക്കെതിരായ വികാരം ജനങ്ങളില്‍ ശക്തമാക്കിയിട്ടുണ്ട്. നിരക്ക് കുറച്ചതുതന്നെ ചില പ്രത്യേക സ്ലാബുകളിലുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമാണ് പ്രയോജനപ്പെട്ടിരിക്കുന്നത്. ഭൂരിപക്ഷത്തിനും പ്രയോജനമുണ്ടാകാത്ത തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നതെന്നാണ് ആക്ഷേപം. വൈദ്യുതികമ്പനികളുമായി കോര്‍ത്ത് ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതമുണ്ടാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കിഴക്കന്ദല്ഹിയിലെ കജൂരി ചൗക്കില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വിജയ് ഗോയലിന്റെ നേതൃത്വത്തില്‍ ദല്‍ഹി സര്‍ക്കാരിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭവും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: