കോയമ്പത്തൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ കാര്‍ഷിക നയം മൂലമാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഇന്ത്യയില്‍ 1,45,000 കര്‍ഷകര്‍ ആത്മഹത്യചെയ്തെന്ന് കിസാന്‍ മോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി പി.സി. മോഹനന് മാസ്റ്റര്‍. കിസാന്‍ മോര്‍ച്ച കോയമ്പത്തൂരില്‍ സംഘടിപ്പിച്ച ധര്‍ണ്ണയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ അരമണിക്കൂറിലും ഒരു കര്ഷകന് സാമ്പത്തിക പരാധീനതകള്‍മൂലം ആത്മഹത്യചെയ്യുന്നു. കാര്‍ഷിക രാജ്യമായ ഇന്ത്യയുടെ യശസ് തകര്‍ക്കുന്ന വസ്തുതയാണിത്. സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴാണ് കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥയാകുന്നത്. രാജ്യത്തിന്റെ നട്ടെല്ല് കര്‍ഷകനാണെന്ന് സര്‍ക്കാരുകള്‍ മാറിമാറി പ്രഖ്യപിക്കുന്ന വേളയിലാണ് ഈ ദുര്യോഗമെന്നോര്‍ക്കണം.
കാര്‍ഷിക മേഖലയിലെ സാമ്പത്തിക പ്രശ്നങ്ങള്‍ പലവിധത്തില്‍ കര്‍ഷകനെ ബാധിക്കുന്നു. വിളകളുടെ നാശവും ഉത്പന്നങ്ങള്‍ക്ക് ആവശ്യമായ വിലകിട്ടാത്തതും പ്രകൃതി ക്ഷോഭവും സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച തെറ്റായ കൃഷികളും കൃഷിരീതികളും കര്‍ഷകനെ അനുദിനം കടക്കെണിയില്‍പ്പെടുത്തുന്നു. കാര്‍ഷികരംഗത്തെ പരിപോഷിപ്പിക്കന് വിവിധ കമ്മീഷനുകള്‍ മുന്നില്‍വെച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവമാണ് കര്‍ഷക ആത്മഹത്യക്ക് കാരണമാകുന്നത്.
ഇതിന് അറുതി വരുത്തിയേ മതിയാകൂ. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ സ്വാമിനാഥന് കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഏഴു കൊല്ലമായി കോള്‍ഡ് സ്റ്റോറേജിലാണ്. ഹരിയാന മുഖ്യന് ഭൂപേന്ദ്രസിംഗ് ഹൂഡയുടെ നേതൃത്വത്തില്‍ അഞ്ച് മുഖ്യമന്ത്രിമാര്‍ അടങ്ങുന്ന കമ്മറ്റി 2010ല്‍ കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. അതുപോലെ ഡിഎപി,എംഒപി, സള്‍ഫേറ്റ്, ഫോസ്ഫറസ് തുടങ്ങിയ വളങ്ങളുടെ സബ്സിഡി സര്‍ക്കാര്‍ വെട്ടികുറച്ചു.
അതു മാത്രമല്ല അവയുടെ ലഭ്യതയും ഏറെക്കുറെ ഇല്ലാതാക്കി. രാജ്യത്തെ 60 ശതമാനം കൃഷിഭൂമിയിലും അവശ്യംവേണ്ട ജലസേചന സൗകര്യംപോലുമില്ല. ഷൈലോക്കിനെ പോലെയാണ് കര്‍ഷകരോട് സര്‍ക്കാര്‍ ഇടപെടുന്നത്.
പ്രത്യേക സാമ്പത്തിക മേഖലയുടെപേരില് കൃഷിഭൂമി ആവശ്യത്തിനും അനാവശ്യത്തിനും ഏറ്റെടുക്കുന്ന സര്‍ക്കാര്‍, ഉപയോഗിക്കാതെ കിടക്കുന്ന ഇത്തരം ഇടങ്ങള്‍ കര്ഷകന് തിരികെ നല്കാന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കാര്‍ഷിക മേഖലയോട് സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത അവഗണനയാണ് ഇതിലൂടെ വെളിപ്പെടുന്നത്.
കാര്‍ഷിക മേഖലയെ രക്ഷിക്കാന്‍ സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട്, ഗുഡാ കമ്മറ്റി റിപ്പോര്‍ട്ട് എന്നിവ ഉടന്‍ നടപ്പിലാക്കാനും വളങ്ങള്‍ ന്യായവിലക്ക് യഥേഷ്ടം ലഭ്യമാക്കാനും ജലസേചന സൗകര്യം വര്‍ധിപ്പിക്കാനും വിള ഇന്‍ഷ്വറന്‍സ് നല്‍കാനും മധ്യപ്രദേശ് സര്‍ക്കാര്‍ ചെയ്തപോലെ പലിശരഹിത വായ്പ നല്കി കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാനും സര്‍ക്കാര്‍ തയാറാകണമെന്നും മോഹനന് മാസ്റ്റര്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഫെബ്രുവരി ഏഴിന് രാജ്യത്തെ വിവിധയിടങ്ങളില്‍ റെയില്‍ തടയല്‍ സമരം നടത്താന്‍ കിസാന്‍ മോര്‍ച്ച തീരുമാനിച്ചിട്ടുണ്ട്. കിസാന്‍മോര്‍ച്ച തമിഴ്നാട് ഘടകം പ്രസിഡന്റ് മലയന്‍ സമ്പത്ത്, സെക്രട്ടറി എം.ആര് അറുമുഖം, ബിജെപി സംസ്ഥാന ട്രഷറര്‍ എസ്.ആര്. ശേഖര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: