കൊച്ചി: സുരക്ഷിതയാത്ര ഉറപ്പുനല്കുന്നതില് തലസ്ഥാനത്തു വന്‍ വിജയമായി മാറിയ ഷീടാക്സിയുടെ രണ്ടാംഘട്ടം കൊച്ചിയില്‍. അതിനു മുന്നോടിയായി ഷീടാക്സിയുടെ പ്രദര്‍ശനം നാളെ ഒബ്രോണ്‍മാളില്‍ നടക്കും. സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകള്‍ ഓടിക്കുന്ന ടാക്സിയെ കൊച്ചി നഗരത്തിനു പരിചയപ്പെടുത്തുന്നതിനാണ് ഇത്. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെന്റര്‍ പാര്‍ക്കിന്റെ സംരംഭമാണ് ‘ഷീടാക്സി’. നടി മഞ്ജുവാര്യരാണ് ഗുഡ്വില് അംബാസിഡര്‍.
എല്ലാദിവസവും 24 മണിക്കൂറും സേവനസജ്ജമായ, വനിതകളുടെ ഉടമസ്ഥതയിലുള്ളതും വനിതകള്ഓടിക്കുന്നതുമായ അഞ്ച് ടാക്സിക്കാറുകള്‍ കഴിഞ്ഞ നവംബര്‍ 19ന് തിരുവനന്തപുരത്ത് നിരത്തിലിറങ്ങിയത്. രണ്ടാംഘട്ടത്തില്‍ കൊച്ചി കൂടാതെ കോഴിക്കോട്ടേക്കും പദ്ധതി വ്യാപിപ്പിക്കും. കൊച്ചിയിലെ പ്രീ ലോഞ്ച് ഡെമോയില് ജെന്റര്പാര്ക്ക് സിഇഒ പിടിഎംസുനീഷ്, ശീമാട്ടി ഗ്രൂപ്പ് സിഇഒ ബീനാ കണ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും.
മാരുതി സുസുക്കി ഇന്‍ഡ്യ ലിമിറ്റഡാണ് പിങ്കും വെളുപ്പും നിറം ചാര്ത്തിയകാറുകള് നല്കി ജെന്റര്‍ പാര്‍ക്കുമായി ഈ പദ്ധതിയില്‍ സഹകരിക്കുന്നത്. ജിപിഎസ്, കൃത്യതയാര്‍ന്ന മീറ്ററുകള്‍, അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ജാഗ്രതാസന്ദേശത്തിനുള്ള സംവിധാനം, വിനോദോപാധികള്‍ തുടങ്ങി ആഡംബരവും സുരക്ഷിതത്വവും ചേര്‍ത്തുവച്ചാണ് ഷീടാക്സി തുടങ്ങുക.
വനിതാ ഡ്രൈവര്‍മാര്‍ക്ക് മാരുതി ഡ്രൈവിംഗ് സ്കൂള്‍ ആവശ്യമായ പരിശീലനം നല്‍കും. വനിതാ ഗുണഭോക്താക്കളെ കണ്ടെത്തി സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് മുഖേന കുറഞ്ഞ പലിശ നിരക്കില്‍വായ്പ ലഭ്യമാക്കുന്നതും ജെന്റര്പാര്ക്കാണ്. അതോടൊപ്പം വനിതാ ഡ്രൈവര്‍മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും സ്വയം സംരക്ഷണത്തിനുള്ള പരിശീലനവും നല്‍കും.
ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ചുള്ള റെയിന്‍ കണ്‍സേര്‍ട്ട് ടെക്നോളജീസ് ലിമിറ്റഡാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്സെന്റര്വഴി ‘ഷീടാക്സി’ സേവനം നിയന്ത്രിക്കുക. മുഴുവന്‍സമയവും കണ്‍ട്രോള്‍റൂമിന് ടാക്സികാറുകളുമായി ബന്ധപ്പെടാനുള്ള സംവിധാനമുണ്ട്. പോലീസിന്റെ സഹായവും ഇവയ്ക്കുണ്ടാകും.
വനിതകള്‍ക്ക് സുരക്ഷിതവും മാതൃകാപരവുമായയാത്രാസൗകര്യമെന്ന ദീര്‍ഘകാലമായുള്ള സ്വപ്നമാണ് ‘ഷീടാക്സി’യിലൂടെ സഫലമാകുന്നതെന്ന് സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. പൊതുമേഖലയില്‍ ഇതൊരു നാഴികക്കല്ലായിരിക്കും. സ്വകാര്യമേഖലയിലും സര്‍ക്കാരിതര സംഘടനകളുടെ നേതൃത്വത്തില്‍ വനിതകള്‍ ഓടിക്കുന്ന ടാക്സികളുണ്ട്. പക്ഷെ, സര്‍ക്കാര്‍ സംവിധാനത്തില്അത്തരമൊന്ന് ഇതാദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റയ്ക്കും കൂട്ടായും കുടുംബസമേതവും സഞ്ചരിക്കുന്ന വനിതാ യാത്രക്കാര്‍ക്കുവേണ്ടി മാത്രമായിരിക്കും ‘ഷീടാക്സി’ നിരത്തിലിറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: