ധാക്ക: ഇന്ത്യ തിരയുന്ന ഉള്‍ഫാ ഭീകരന് പരേഷ് ബറുവയടക്കം 14 പേര്‍ക്ക് ബംഗ്ലാദേശില്‍ വധശിക്ഷ. പത്തുവര്‍ഷം മുമ്പു നടന്ന ആയുധ കള്ളക്കടത്തിലെ മറ്റു പ്രതികള്‍ ജമാ അത്തെ ഇസ്ലാമി നേതാക്കളാണ്. ബംഗ്ലാദേശിലെ മെട്രോപൊളിറ്റന്‍ സ്പെഷ്യല്‍ ട്രൈബ്യൂണല്‍ ജഡ്ജ് എസ്.എം. മൊജീബുര് റഹ്മാനാണ് ശിക്ഷ വിധിച്ചത്.
ആസാമില്‍ ഉള്‍ഫയുടെ (യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസാം) നേതൃത്വത്തില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ബറുവയെ ഇന്ത്യ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ബറുവ എവിടെയാണെന്ന് ആര്‍ക്കും വ്യക്തമല്ല. ജമാഅത്ത് ഇസ്ലാമി നേതാവും മുന്‍ മന്ത്രിയുമായ മതിയൂര് റഹ്മാന് നിസാമി, മുന്‍ ആഭ്യന്തര സഹമന്ത്രി ലുത്ഫോസാമന് ബാബര്‍ എന്നിവരും വധശിക്ഷ ലഭിച്ചവരില്‍ പെടുന്നു.
അനധികൃതമായി പത്ത് ട്രക്ക് ആയുധങ്ങള്‍ ബംഗ്ലാദേശ് വഴി കടത്തിയെന്നതായിരുന്നു കേസ്. 15,00 ബോക്സ് തോക്ക്, എ.കെ-47, ചൈനാ നിര്‍മ്മിത തോക്ക്, റോക്കറ്റ് ലോഞ്ചര്‍, 27,000 ഗ്രനേഡ്, 11.41 മില്യണ്‍ ബുള്ളറ്റ് എന്നിവയാണ് കടത്തിയത്. 2004 ഏപ്രില്‍ രണ്ടിനാണ് വിവാദ കള്ളക്കടത്ത് നടന്നത്.
2001-06 കാലഘട്ടങ്ങളില്‍ വ്യവസായ മന്ത്രിയായിരുന്നു ശിക്ഷിക്കപ്പെട്ട റഹ്മാന് നിസാമി. ബംഗ്ലാദേശ് മുന്‍ ആഭ്യന്തരമന്ത്രി ലുദ്ദൂസ്മന് ബാബര്‍, മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 1971ലെ വിമോചനസമരങ്ങളുടെ പേരില്‍ നടന്ന കുറ്റകൃത്യങ്ങളിലും റഹ്മാന് നിസാമി വിചാരണ നടപടികള്‍ നേരിടുന്നുണ്ട്.
അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സംഘടനക്കെതിരായ ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഫലമാണ് കോടതി വിധിയെന്നും ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: