ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശവും ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനവും രാഷ്ട്രപതിഭവന് മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും കൂടി ചേര്‍ന്ന് ദല്‍ഹിയിലെ സിഖ് കൂട്ടക്കൊല വീണ്ടും അന്വേഷിക്കാനുള്ള സാഹചര്യമൊരുങ്ങുന്നു. മുപ്പത് വര്‍ഷത്തിനുശേഷവും കോണ്‍ഗ്രസ് പാര്‍ട്ടിയെ അവര്‍ നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ ആസൂത്രിത വംശഹത്യ വേട്ടയാടുകയാണ്. ദല്‍ഹിയില്‍ മാത്രമല്ല, രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും നിന്നുപോലും സിഖുകാര്‍ സംഘടിതമായി പ്രതികരിച്ചുകഴിഞ്ഞിരിക്കുന്നു. കടുത്ത സമ്മര്‍ദ്ദത്തിനൊടുവില്‍ ദല്‍ഹി സര്‍ക്കാരിന്റെ ആവശ്യത്തിനു വഴങ്ങാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായേക്കുമെന്നാണ് സൂചനകള്‍. ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് ദല്‍ഹിയില്‍ വന്‍ സിഖ് കൂട്ടക്കൊല നടന്നത്.
സ്വകാര്യ ചാനലിനു നല്കിയ ആദ്യ അഭിമുഖത്തില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് സിഖ് കൂട്ടക്കൊല വീണ്ടും ദേശീയ രാഷ്ട്രീയത്തില്‍ സജീവമാക്കിയിരിക്കുന്നത്. 1984-ല്‍ നടന്ന സിഖ്കൂട്ടക്കൊലയില് ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന രാഹുലിന്റെ കുറ്റസമ്മതം പൊതു തെരഞ്ഞെടുപ്പടുത്ത സമയം കോണ്‍ഗ്രസിനു വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നരേന്ദ്രമോദിക്കെതിരെ ഗുജറാത്ത് കലാപം ഉയര്‍ത്തിക്കൊണ്ടു വരാനുള്ള രാഹുലിന്റെ ശ്രമം തിരിച്ചടിച്ചതിന്റെ അങ്കലാപ്പിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി.
രാഹുലിന്റെ വിവാദ പരാമര്‍ശത്തിനു പിന്നാലെ ദല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ കൂട്ടക്കൊല വീണ്ടുമന്വേഷിക്കാന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന ആവശ്യവുമായി ലഫ്.ഗവര്‍ണ്ണറെ സമീപിച്ചു. വിവിധ സിഖ് സംഘടനകള്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധവും സംഘടിപ്പിച്ചു. ശിരോമണി അകാലിദള്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. എഐസിസി ഓഫീസിലേക്കും മറ്റു കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിലേക്കും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മിക്കയിടങ്ങളിലും ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തിയാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.
സിഖ് കൂട്ടക്കൊലയില്‍ പങ്കുണ്ടെന്ന് രാഹുല്‍ഗാന്ധി വെളിപ്പെടുത്തിയ കോണ്‍ഗ്രസ് നേതാക്കളാരൊക്കെയാണെന്ന് പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായാണ് സിഖ് സംഘടനകള്‍ സമരരംഗത്തേക്കിറങ്ങിയിരിക്കുന്നത്. സിഖ് കലാപവുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയ രാഹുല്‍ഗാന്ധിക്ക് കോടതി സ്വമേധയാ നോട്ടീസ് അയക്കണമെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിഘ് ബാദല്‍ ആവശ്യപ്പെട്ടു.
അതിനിടെ സിഖ് വിരുദ്ധ കലാപത്തില്‍ രാജീവ്ഗാന്ധി സ്വീകരിച്ച നടപടികള്‍ക്കെതിരെ മുന്‍രാഷ്ട്രപതി ഗ്യാനി സെയില്‍സിങ്ങിന്റെ പ്രസ് സെക്രട്ടറിയായിരുന്ന തര്‍ലോചന്‍സിങ് രംഗത്തെത്തി പുതിയ വെളിപ്പെടുത്തലുകള്‍ നടത്തി. 1984ലെ കലാപം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചെന്ന രാഹുലിന്റെ അവകാശവാദം കളവാണെന്നാണ് തര്‍ലോചന്‍സിങ് പറയുന്നത്. ഗ്യാനി സെയില്‍സിങ്ങിന്റെ ഫോണ്‍ കോള്‍ എടുക്കാന്‍ പോലും പ്രധാനമന്ത്രിയുടെ ചുമതലവഹിച്ചിരുന്ന രാജീവ് ഗാന്ധി തയ്യാറായില്ലെന്ന്രാഷ്ട്രപതിയുടെ മുന്‍ പ്രസ് സെക്രട്ടറി വെളിപ്പെടുത്തി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: