ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. നാവികര്‍ക്കെതിരെ സുവാ നിയമം ചുമത്താതിരിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ നിയമമന്ത്രാലയത്തോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
നാവികര്‍ക്കെതിരെ വധശിക്ഷ ലഭിക്കാവുന്ന സുവാ നിയമം ചുമത്തിയാണ് ദേശീയ അന്വേഷണ ഏജന്‍സി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ വധശിക്ഷ ലഭിക്കില്ലെന്ന ഉറപ്പിനെ തുടര്‍ന്നാണ് നാവികരെ ഇന്തയിലേയ്ക്ക് വിടാന്‍ ഇറ്റലി തയാറായത്. എന്നാല്‍ വധശിക്ഷ ലഭിക്കാവുന്ന വകുപ്പ് ചുമത്തിയതില്‍ ഇറ്റലിക്ക് കടുത്ത അതൃപ്തിയുണ്ട്. യൂറോപ്യന്‍ യൂണിയനും നിലപാട് ശക്തമാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം.
കേസിലെ വിചാരണനടപടികള്‍ വൈകുന്നുവെന്ന് കാണിച്ച് ഇറ്റലി നല്കിയ ഹര്‍ജി അടുത്ത മാസം മൂന്നാം തീയതി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. നാവികര്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് യൂറോപ്യന്‍ യൂണിയന് ആവശ്യപ്പെട്ടു. കേസ് ഇന്ത്യ-ഇറ്റലി ബന്ധത്തെ ബാധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ജോസ് മാനുവര്‍ ബറോസ അറിയിച്ചു.
കേസിന്റെ പ്രത്യാഘാതങ്ങള്‍ യൂണിയന് ശ്രദ്ധയോടെ പരിശോധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്റികോ ലെറ്റയുമായി ബ്രസല്‍സില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ അനുകൂലമായ സ്ഥിതിയുണ്ടാക്കാനായി ഇറ്റലി യൂറോപ്യന്‍ രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഇന്ത്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അടുത്തയാഴ്ച റോമില്‍ ചുമതലയേല്‍ക്കുന്ന പുതിയ റഷ്യന്‍ അംബാസഡറുടെ സഹായവും തേടുമെന്ന് ഇറ്റലി വ്യക്തമാക്കി.
ഇറ്റലിയുടെ പ്രതിനിധി സ്റ്റഫന് ഡി മിസ്തുര ഇന്ന് ഇന്ത്യയിലെത്തുന്നുണ്ട്. ഒരു പ്രതിനിധി സംഘം ഇപ്പോള്‍ ഇന്ത്യയിലുള്ളതിനു പുറമെയാണിത്. ഇറ്റാലിയന്‍ നാവികരുടെ മേല്‍ കൊലക്കുറ്റം ആരോപിച്ചത് ഇറ്റലിയുടെ മേലുള്ള ആക്രമണമാണെന്ന് പ്രതിനിധി സംഘത്തിലെ അംഗം ഫാബ്രിസിയോ ചിക്കിറ്റോ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: