കൊച്ചി: ആലുവ – വരാപ്പുഴ റൂട്ടിലെ സ്വകാര്യബസ് ജീവനക്കാരനായ നാരായണന് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വത്തിന് വഴിയൊരുക്കി സുതാര്യകേരളം ജില്ലാതല പരാതിപരിഹാര സെല്‍. 2004 മുതല്‍ സ്വകാര്യ ബസിലെ കണ്ടക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്ന കൈതാരം മഠത്തിപ്പറമ്പ് കെ.നാരായണന് തന്റെ ന്യായമായ അവകാശം അട്ടിമറിക്കുന്നതിനെതിരെയാണ് സുതാര്യകേരളത്തെ സമീപിച്ചത്. തന്റെ പേരില്‍ വാഹന ഉടമ ഒടുക്കേണ്ടതായ ക്ഷേമനിധിയെക്കുറിച്ച് നാരായണന് ചിന്തിക്കുന്നത് കാര്യമായ അസുഖങ്ങള്‍ അലട്ടിയതിനെത്തുടര്ന്നായിരുന്നു. 2012ല്‍ ജില്ല മോട്ടോര്‍വാഹന ക്ഷേമനിധി ഓഫീസിനെ സമീപിച്ച ഇദ്ദേഹത്തിന് മുന്‍കാലങ്ങളില്‍ അടച്ച ക്ഷേമനിധി രസീതുമായി വരുവാനുള്ള മറുപടിയാണ് ലഭിച്ചത്. തന്റെപേരില്‍ അടച്ച ക്ഷേമനിധി രസീതിനായി വാഹന ഉടമയെ സമീപിച്ച നാരായണന് നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്.
വിവരാവകാശനിയമപ്രകാരം ക്ഷേമനിധിഓഫീസില് നിന്നും ലഭിച്ച മറുപടിയിലാണ് നാരായണന് താന്‍ വഞ്ചിതനാവുകയായിരുന്നു എന്ന് മനസ്സിലായത്. തൊഴിലാളിയുടെ പേരില്‍ അടയ്ക്കേണ്ട ക്ഷേമനിധി വാഹനഉടമ അദ്ദേഹത്തിന്റെയും സുഹൃത്തിന്റെയും പേരിലായിരുന്നു അടച്ചിരുന്നത്. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ചട്ടങ്ങളെ അപ്പാടെ മറികടന്നായിരുന്നു മുതലാളിയുടെ റൂട്ട് തെറ്റിച്ചുള്ള ഓട്ടം. വിവരങ്ങള്‍ ക്ഷേമനിധി ഓഫീസറെ നേരില്‍ അറിയിച്ച നാരായണന് മോട്ടോര്‍ തൊഴിലാളി ജില്ലാ സെക്രട്ടറിയുടെ സഹായത്തോടെ രേഖാമൂലം പരാതി സമര്‍പ്പിച്ചു. ഈ പരാതിയില്‍ നടപടി അനന്തമായി നീണ്ട് പോയതിനെത്തുടര്‍ന്നായിരുന്നു നാരായണന് സുതാര്യകേരളം ജില്ലാതല സെല്ലിനെ സമീപിച്ചത്.
നാരായണന്റെ പരാതിയില്‍ ജില്ലാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി എക്സിക്യൂട്ടീവ് ഓഫീസര്‍ മുന്‍കാല പ്രാബല്യത്തോടെ നടപടി സ്വീകരിക്കുകയായിരുന്നു. പരാതിയില്‍ നടപടി സ്വീകരിക്കുന്നതിനായി ജില്ലാ ഓഫീസര്‍ വാഹന ഉടമയോട് വേജസ് രജിസ്റ്റര്‍, മസ്റ്റര്‍ റോള്‍ എന്നിവയും വാഹനത്തെ സംബന്ധിക്കുന്ന ആര്.സി പെര്‍മിറ്റ് എന്നിവ സഹിതം ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയും തൊഴിലാളിക്ക് 2004 മുതലുള്ള ക്ഷേമനിധി ആനുകൂല്യം ഉറപ്പ് വരുത്തുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: