മട്ടാഞ്ചേരി: കൊച്ചി കടപ്പുറത്തുനിന്ന് ‘മഹാത്മാഗാന്ധി’യുടെ പേര് ഒഴിവാക്കാന്‍ ഗൂഢനീക്കം നടക്കുന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ‘മഹാത്മഗാന്ധി’യുടെ പാദസ്പര്‍ശമേറ്റ കൊച്ചി കടപ്പുറം സ്വതന്ത്രാനന്തരം ഗാന്ധി നാമധേയത്തിലാണറിയപ്പെട്ടിരുന്നത്. വര്‍ഷങ്ങളായി മഹാത്മാഗാന്ധി കടപ്പുറം എന്ന നാമധേയവുമായി കൊച്ചിന് കോര്പ്പറേഷന് വക ബോര്‍ഡും ഇവിടെ നിലനിന്നിരുന്നു. 90കളുടെ മധ്യത്തില്‍ ബോര്‍ഡ് അപ്രത്യക്ഷമായെങ്കിലും, തുടര്‍ന്ന് കോര്പ്പറേഷന് അധികൃതര്‍ ഇത് പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചിട്ടില്ല.
ഇതിനിടെ കൊച്ചി കടപ്പുറം പോര്‍ച്ചുഗീസ് നാവികനായ വാസ്കോഡിഗാമയുടെ പേരും, ക്രൈസ്തവ മതമേലധ്യക്ഷന്റെ പേരും പോര്‍ച്ചുഗീസ് ഭരണാധികാരിയായിരുന്ന മരിയോ സോറസിന്റെ സന്ദര്ശനസ്മാരകമാക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനുള്ള തുടര്‍ ശ്രമങ്ങളായാണ് കൊച്ചി കോര്പ്പറേഷന് മഹാത്മാഗാന്ധി കടപ്പുറം നാമകരണബോര്ഡ് പുനഃസ്ഥാപിക്കാന്‍ വൈകുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
സ്വതന്ത്രസമര കാലഘട്ടത്തില്‍ കേരള സന്ദര്‍ശനവേളയില്‍ 1924ലും 1926ലും മഹാത്മാഗാന്ധിയുടെ സാന്നിധ്യത്തില്‍ കൊച്ചി കടപ്പുറത്ത് സമരസന്ദേശ മഹാസമ്മേളനങ്ങള്‍ നടന്നിരുന്നു. ഇതിന്റെ സ്മരണയുമായാണ് ഗാന്ധി സമാധിക്കുശേഷം കൊച്ചി മുനിസിപ്പാലിറ്റിയും തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷനും കടപ്പുറം മഹാത്മാഗാന്ധി നാമധേയ സ്മരണയില്‍ നിലനിര്‍ത്തിയിരുന്നത്.
കൊച്ചി കടപ്പുറം കവാടമായ ചീനവല സ്ക്വയറിന് സമീപത്തെ ബാസ്റ്റിന് ബംഗ്ലാവിന് സമീപവും തെക്കന്‍ കടപ്പുറത്തും മഹാത്മാഗാന്ധി കടപ്പുറം ബോര്‍ഡ് നിലനിന്നിരുന്നതായി പഴമക്കാര്‍ പറയുന്നു. മഹാത്മഗാന്ധി കടപ്പുറം നാമം ഒഴിവാക്കാനുള്ള രഹസ്യനീക്കത്തിന് പിന്നില്‍ രാഷ്ട്രീയ സാമൂഹ്യ മത സംഘടനകളും പ്രവര്‍ത്തിക്കുന്നതായാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: