ആലുവ: ദേശീയപാതയ്ക്കരികില്‍ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. ആനയ്ക്ക് പനയോലയമായി വന്ന മിനി ലോറി മറിച്ചിട്ടതൊഴിച്ചാല് മറ്റ് അനിഷ്ടസംഭവങ്ങളില്ല. മണിക്കൂറുകള്‍ക്ക് ശേഷം തൃശൂരില്‍ നിന്നെത്തിയ എലിഫന്റെ സ്ക്വാഡ് ആനയെ തന്ത്രപൂര്‍വം തളച്ചു.
ഇന്നലെ വൈകിട്ട് നാല് മണിയോടെ കടുങ്ങല്ലൂര്‍ സ്വദേശി അന്പാട്ട് കൃഷ്ണകുമാറിന്റെ ശിവസുന്ദര്‍ എന്ന ആനയാണ് ഇടഞ്ഞത്. കടുങ്ങല്ലൂരില്‍ നിന്നും ഉടമയുടെ ബന്ധുവിന്റെ പറമ്പില്‍ കെട്ടിയിടാന്‍ കൊണ്ടുവന്നതാണ് ആന. ശിവസുന്ദറിനൊപ്പം കാശിനാഥന് എന്ന മറ്റൊരു ആനയുമുണ്ടായിരുന്നു. തോട്ടയ്ക്കാട്ടുകര കവലയിലെ ഒഴിഞ്ഞ പറമ്പില്‍ കാശിനാഥനെ കെട്ടിയിട്ടപ്പോഴേക്കും ശിവസുന്ദര്‍ ഇടഞ്ഞു. പിന്നാലെ പനയോലയുമായി വന്ന മിനി ലോറി കുത്തി മറിച്ചു. ്രെഡെവര്‍ ചാടിമാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
തുടര്‍ന്ന് സമീപത്തെ പറമ്പില്‍ നിലയുറപ്പിച്ച ആന നിലത്ത് നിന്ന് മണ്ണ് വാരിയെറിഞ്ഞും മറ്റ് വിക്രിയകള്‍ കാട്ടിയും മണിക്കൂറുകളോളം ജനങ്ങളെ ആശങ്കയിലാക്കി. സംഭവമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും കാഴ്ച്ചക്കാരായി നിന്നു. ജനം തടിച്ചുകൂടിയതോടെ ദേശീയപാതയില്‍ ഗതാഗതകുരുക്കായി. എറണാകുളത്ത് നിന്ന് മയക്കുവെടി വിദഗ്ധന്‍ ഡോ. എബ്രഹാം തരകന് എത്തിയെങ്കിലും ആനയുടമയുടെ അഭ്യര്‍ത്ഥനയനുസരിച്ച് വെടിവെച്ചില്ല. ഇതിനിടെയാണ് തൃശൂരില്‍ നിന്ന് ആന പരിശീലന സ്ക്വഡ് അംഗങ്ങളെത്തിയത്.
ഇവര്‍ ആനയുടെ ശ്രദ്ധതിരിച്ച ശേഷം ചങ്ങലയില്‍ കൊളുത്തുകളിട്ട് വടവുമായി ബന്ധിപ്പിച്ചു. തുടര്‍ന്ന് രണ്ട് വടത്തിന്റെയും അറ്റം സമീപത്തെ തെങ്ങുകളില്‍ കെട്ടിയാണ് ആനയെ കുരുക്കിയത്. 6.45ഓടെയാണ് ആനയെ തളച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: