കൊച്ചി: ഭാരത സര്‍ക്കാര്‍ പുറത്തിറക്കിയ ‘മാതാ വൈഷ്ണവദേവീ’ നാണയത്തിന് വിലക്കുമായി മുസ്ലിം സംഘടനകള്‍ രംഗത്ത്. ജമ്മുകാശ്മീരിലെ ശ്രീമാതാ വൈഷ്ണവദേവീ ക്ഷേത്ര ബോര്‍ഡിന്റെ സില്‍വര്‍ ജൂബിലി ആഘോഷ സ്മരണയുമായാണ് ദേവീ ചിത്രം ആലേഖനം ചെയ്ത നാണയങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. അഞ്ച്, പത്ത് രൂപയുടെ നാണയങ്ങളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ജനുവരി മദ്ധ്യത്തില്‍ പുറത്തിറക്കിയത്. നാണയങ്ങള്‍ പ്രചാരത്തിലായതോടെ അവയ്ക്കെതിരെ വിലക്കും പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.
ജമ്മുകാശ്മീരി ജനതയുടെ ആരാധ്യദേവതയാണ് ഹിമാലയന്‍ സാനുക്കളില്‍ സ്വയംഭൂവായി രൂപംകൊണ്ട ശ്രീമാതാ വൈഷ്ണവദേവി.. കട്ര താഴ്വരയില് നിന്ന് 12 കിലോമീറ്റര്‍ ദൂരം കാല്‍നടയും കുതിരസവാരിയും നടത്തിയാണ് ഭക്തജനങ്ങള്‍ വൈഷ്ണവദേവീ ദര്‍ശനം നടത്തുന്നത്. 700ലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സന്യാസി ശ്രേഷ്ഠന്മാര് കണ്ടെത്തിയ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള സ്വയംഭൂ ദേവീ സാന്നിധ്യം തുടര്‍ന്ന് ക്ഷേത്രമായി പ്രസിദ്ധമാകുകയും ചെയ്തു. സമുദ്ര നിരപ്പില്‍നിന്ന് 5300 അടി ഉയരത്തില്‍ ഗുഹയിലാണ് മാതാ വൈഷ്ണവദേവി ആരാധന നടക്കുന്നത്. രാജഭരണത്തിന് കീഴിലായിരുന്ന ക്ഷേത്രം സ്വാതന്ത്ര്യാനന്തരം ജമ്മുകാശ്മീര്‍ സര്‍ക്കാരിന്റെ അവഗണനയെ തുടര്‍ന്ന് ക്ഷേത്ര ഭരണകാര്യങ്ങള്‍ക്കായി 1988ല്‍ രൂപീകരിച്ച പ്രത്യേക നിയമപ്രകാരം മാതാ വൈഷ്ണദേവീ ക്ഷേത്രബോര്‍ഡ് നിലവില്‍ വന്നു. തുടര്‍ന്ന് ക്ഷേത്രദര്‍ശന സൗകര്യവും ഭരണവും യാത്രാ സൗകര്യവുമൊരുക്കുന്നത് ക്ഷേത്രബോര്‍ഡാണ്. പ്രതിദിനം ശരാശരി 30,000ത്തോളം ഭക്തജനങ്ങള്‍ ദര്‍ശനം നടത്തുന്ന വൈഷ്ണവദേവീ ക്ഷേത്രത്തില്‍ ഉത്സവകാലങ്ങളിലിത് ഒന്നരലക്ഷം വരെയായി തുടരുകയും ചെയ്യും. കനത്ത മഞ്ഞുകാലത്തും മഴയത്തും കാല്‍നടയായി ദേവീദര്‍ശനത്തിന് ആയിരക്കണക്കിന് ഭക്തജനങ്ങളെത്തുന്നു. ജമ്മുകാശ്മീരിലെ വൈഷ്ണവദേവീ ക്ഷേത്രദര്‍ശന മാതൃകയില്‍ ഇന്ത്യയില്‍ ഇതിനകം ആറോളം സംസ്ഥാനങ്ങളില്‍ വൈഷ്ണവദേവീ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടുമുണ്ട്.
മാതാ വൈഷ്ണവദേവീ ക്ഷേത്രബോര്‍ഡിന്റെ ജൂബിലി സ്മരണിക നാണയം ഇന്ത്യ കോയിനേജ് ആക്ട് 1906 പ്രകാരമാണ് സര്‍ക്കാര്‍ അനുമതിയോടെ ആര്‍ബിഐ പുറത്തിറക്കിയത്. 2014ല്‍ സ്വാമി വിവേകാനന്ദന്, മദനമോഹന മാളവ്യ, മോട്ടിലാല്‍ നെഹ്റു എന്നീ മഹാന്മാരുടെ 150-ാം ജന്മവാര്ഷിക സ്മരണയായും കുക്ക മൂവ്മെന്റ് സ്മരണയുമായും ആര്‍ബിഐ അഞ്ച്, പത്ത് രൂപയുടെ നാണയങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. 1913 നവംബറില്‍ അബ്ദുള്‍കലാം ആസാദിന്റെ 125-ാം ജന്മവാര്‍ഷികം പ്രമാണിച്ചും നാണയങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. 2014 ജനുവരിയിലാണ് റിസര്‍വ്ബാങ്ക് മാതാ വൈഷ്ണവദേവീ ചിത്രം ആലേഖനം ചെയ്ത് നാണയങ്ങള്‍ പുറത്തിറക്കിയത്. ഹൈന്ദവ ആരാധനമൂര്‍ത്തിയായ ദേവീചിത്രം ആലേഖനം ചെയ്ത നാണയങ്ങള്‍ തങ്ങളുടെ മതവിശ്വാസത്തിന് എതിരാണെന്നും, ഇത് കൈകാര്യം ചെയ്യുന്നതിന് കഴിയില്ലെന്നാണ് മുസ്ലീം സംഘടനകള്‍ പറയുന്നത്. മാതാ വൈഷ്ണവദേവീ രൂപം ആലേഖന നാണയങ്ങള്‍ ഒഴിവാക്കണമെന്ന് ദല്‍ഹി ഫത്തേപുരി മോസ്കിലെ ഇമാം മുഫ്തി മുഹമ്മദ് മുഖറാം അഹമ്മദ് ഷാ പറഞ്ഞു. സര്‍ക്കാര്‍ നടപടി മതേതരത്വത്തിന് എതിരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാതാ വൈഷ്ണദേവീ ആലേഖന നാണയമടക്കം പത്ത് ലക്ഷത്തോളം നാണയങ്ങളാണ് ആര്‍ബിഐ 2014ല്‍ പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഭാരതത്തിലെ വിവിധ ആഘോഷവേളയിലും മഹാന്മാരുടെ സ്മരണകളുമായും ഇതിനകം ഒട്ടേറെ നാണയങ്ങളും തപാല്‍ സ്റ്റാമ്പുകളും ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: