ചെന്നൈ: ആന്തമാന്‍ നിക്കോബാര്‍ ദ്വീപില്‍ പോര്‍ട് ബ്ലെയറിനടുത്ത് ഉല്ലാസബോട്ടു മുങ്ങി 21 പേര് കൊല്ലപ്പെട്ടു. വൈപ്പര്‍ ഐലന്റിലാണ് സംഭവം. രക്ഷാ പ്രവര്‍ത്തകര്‍ 28 പേരുടെ ജീവന് രക്ഷിച്ചു. 25 പേര്‍ക്കു കയറാവുന്ന അക്വാ മറീന എന്ന ബോട്ടില്‍ 50 പേര് കയറി യാത്രചെയ്തതാണ് വന്‍ ദുരന്തത്തിനു കാരണമായത്. ഞായറാഴ്ചയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ പെട്ട ഒരാളെ കണ്ടെത്താനായിട്ടില്ല. ഇവിടെ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഉണ്ടായ നാലാമത്തെ വന്‍ ദുരന്തമാണിത്.
തമിഴ്നാട്ടിലെ കാഞ്ചീപുരം സ്വദേശികളാണ് കൊല്ലപ്പെട്ടവരില്‍ 13 പേര്. മൂന്നു പേര് ചെന്നൈക്കാരും മൂന്നുപേര്‍ മുംബൈക്കാരുമാണ്. കൊല്‍ക്കൊത്ത, യുപിയിലെ ഷഹാരണ്‍പൂര്‍ എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തരും ദുരന്തത്തിനിരയായവരില്‍ പെടുന്നു. ഇവരില്‍ 11 പേര് സ്ത്രീകളാണ്.
ഏഴുവയസുള്ള ഒരു കുട്ടിയുമുണ്ട്. ബോട്ടില്‍ പെട്ടെന്ന് ചോര്‍ച്ചയുണ്ടാകുകയും വെള്ളം കയറുകയുമായിരുന്നു.
മൃതദേഹങ്ങള്‍ ഇന്നലെ ചെന്നൈയില്‍ എത്തിച്ചു. ബോട്ടിലെ മൂന്ന് ജീവനക്കാരെ അറസ്റ്റുചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സൗത്ത് ആന്റമാന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണം നടത്തും.കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രി ജയലളിത ഒരുലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: