ന്യൂദല്‍ഹി: 65-ാം റിപബ്ലിക് ദിനത്തിന്റെ തലേന്നാളായ ഇന്ന്, ഇന്ത്യയിലും, വിദേശത്തുമുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഊഷ്മളമായ ആശംസകള്‍ നേരുന്നു. സായുധസേനയിലെയും, അര്‍ദ്ധസൈനിക വിഭാഗങ്ങളിലെയും, ആഭ്യന്തര സുരക്ഷാ സേനയിലെയും അംഗങ്ങളെ ഞാന്‍ പ്രത്യേകമായി അഭിവാദ്യം ചെയ്യുന്നു.
എല്ലാ ഇന്ത്യക്കാരുടെയും ആദരവ് നേടിയെടുത്ത ദിനമാണ് റിപബ്ലിക് ദിനം. അറുപത്തി നാല് വര്‍ഷം മുന്‍പ്, ഇതേ ദിവസമാണ്, നമ്മള്, ഇന്ത്യയിലെ ജനങ്ങള്‍, നീതിയും, സ്വാതന്ത്ര്യവും, തുല്യതയും നേടിയെടുക്കുന്നതിനായി, ആദര്‍ശനിഷ്ഠയുടെയും, ധീരതയുടെയും സവിശേഷമായ പ്രകടനത്തിലൂടെ, ഒരു പരമാധികാര, ജനാധിപത്യ റിപബ്ലിക്കായി മാറിയത്. എല്ലാ പൗരന്മാര്ക്കുമിടയില് സാഹോദര്യവും, വ്യക്തിഗത അന്തസ്സും, രാഷ്ട്രത്തിന്റെ ഒത്തൊരുമയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുമതല നാം ഏറ്റെടുത്തു. ഈ ആദര്‍ശങ്ങള്‍ ആധുനിക ഇന്ത്യന്‍ രാഷ്ട്രത്തിന്റെ ആകര്‍ഷണകേന്ദ്രമായി മാറി. നമ്മുടെ ഭരണഘടനയിലെ വിശാലമായ വ്യവസ്ഥകള്‍ വഴി, ഇന്ത്യ മനോഹരവും, ചലനാത്മകവും, ഇടയ്ക്കൊക്കെ ശബ്ദമാനവുമായ ജനാധിപത്യ രാഷ്ട്രമായി മാറി. ജനാധിപത്യം ജനങ്ങളുടെയും അടിസ്ഥാന അവകാശമാണ്; അധികാരത്തിലിരിക്കുന്നവര്‍ക്ക് ജനാധിപത്യം ഒരു പവിത്ര വിശ്വാസമാണ്. ഈ വിശ്വാസം ഭഞ്ജിക്കുന്നവര് രാജ്യത്തെ നിന്ദിക്കുകയാണ് ചെയ്യുന്നത്.
ജനാധിപത്യത്തോടുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയെ ചില ദോഷൈകദൃക്കുകള്‍ അപഹസിച്ചേക്കാം, പക്ഷേ ഭാരതത്തിലെ ജനങ്ങള്‍ ഒരിക്കലും ജനാധിപത്യത്തെ വഞ്ചിച്ചിട്ടില്ല; ഇപ്പോള്‍ കാണപ്പെടുന്ന പിഴവുകള്‍, അധികാരം അത്യാഗ്രഹത്തിന്റെ മാര്ക്ഷമാക്കിയ ചിലരുടെ സൃഷ്ടിയാണ്. അലംഭാവത്തിലൂടെയും, കഴിവില്ലായ്മയിലൂടെയും ജനാധിപത്യ സ്ഥാപനങ്ങള്‍ ദുര്‍ബലമാക്കപ്പെടുമ്പോള്‍ ഭാരതീയര്‍ ക്ഷുഭിതരായേക്കാം, അത് തികച്ചും ഉചിതവുമാണ്.
ജനാധിപത്യത്തെ കാര്‍ന്നുതിന്നുന്ന അര്‍ബുദമായ അഴിമതി, നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാനത്തെ ശിഥിലമാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ജനങ്ങള്‍ അഴിമതിയ്ക്കും, ദേശീയ വിഭവങ്ങള്‍ പാഴാക്കുന്നതിനും സാക്ഷിയാണ്. ഈ വൈകല്യങ്ങള്‍ മാറ്റാന്‍ ഗവണ്മെന്റുകള് തയ്യാറായില്ലെങ്കില്‍, വോട്ടര്‍മാര്‍ വിധിയെഴുതും.
പൊതുജീവിതത്തില്‍ ഉദയം കൊണ്ടിരിക്കുന്ന കാപട്യം തുല്യമായ രീതിയില്‍ അപകടകരമാണ്. തിരഞ്ഞെടുപ്പുകള്‍ ഒരാള്‍ക്കും മിഥ്യകളുമായി സല്ലപിക്കാനുള്ള അനുവാദം നല്‍കുന്നില്ല. വോട്ടര്‍മാരുടെ വിശ്വാസം തേടുന്നവര്‍, സാധ്യമായ വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കേണ്ടത്. ഗവണ്മെന്റ് ഒരു ഔദാര്യവിതരണ സ്ഥാപനമല്ല. ജനപ്രിയ അരാജകത്വവാദം ഭരണത്തിന് പകരം വെയ്ക്കാവുന്നതുമല്ല. കപട വാഗ്ദാനങ്ങള്‍ മോഹഭംഗങ്ങളിലേക്കു നയിക്കുകയും, വിദ്വേഷം സൃഷ്ടിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു, ആ വിദ്വേഷത്തിന്റെ ന്യായമായ ഏക ലക്ഷ്യം അധികാരത്തിലിരിക്കുന്നവരാണ്.
എന്ത് നിര്‍വഹിക്കാനാണോ ഗവണ്മെന്റുകളെ തിരഞ്ഞടുത്തത് അത് നിറവേറ്റപ്പെടുമ്പോള്‍ ഈ വിദ്വേഷം ശമിക്കുന്നു: ഇന്ത്യന്‍ യുവത്വം രാഷ്ട്രഭാവിയോടുള്ള വഞ്ചനയ്ക്ക് മാപ്പു തരില്ല. തങ്ങള്‍ക്കും, ജനങ്ങള്‍ക്കുമിടയിലെ ഈ വിശ്വാസരാഹിത്യം അധികാരത്തിലുള്ളവര്‍ തുടച്ചു മാറ്റേണ്ടതാണ്. എല്ലാ തിരഞ്ഞെടുപ്പുകളും വരുന്നത് പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ നശിക്കുക എന്ന മുന്നറിയിപ്പോടു കൂടിയാണെന്ന് അധികാരത്തിലിരിക്കുന്നവര്‍ മനസ്സിലാക്കേണ്ടതുണ്ട്.
ലോകത്തെ ദ്രുതഗതിയില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറുന്നതിന് കഴിഞ്ഞ ദശാബ്ദം സാക്ഷിയായി. കഴിഞ്ഞ രണ്ട് വര്‍ഷമായി നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായ മാന്ദ്യം ആശങ്കാകുലമായ കാര്യമാണെങ്കിലും, ഇതില്‍ തീരെ നിരാശപ്പെടേണ്ടതില്ല. പുനരുജ്ജീവനത്തിന്റെ പച്ചപ്പ് ഇപ്പോള്‍ തന്നെ ദൃശ്യമാണ്. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലുള്ള കാര്‍ഷിക വളര്‍ച്ച 3.6 ശതമാനത്തിലെത്തിയിരിക്കുകയും, ഗ്രാമീണ സമ്പദ് വ്യവസ്ഥ ഊര്ജ്ജസ്വലമായിരിക്കുകയുമാണ്.
ഒരു സുസ്ഥിര ഗവണ്മെന്റ് ഉണ്ടായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഈ അവസരം ലഭിക്കുകയില്ല. ഈ വര്‍ഷം നാം ലോക്സഭയിലേക്കുള്ള പതിനാറാം പൊതു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുകയാണ്. ക്ഷണിക ബുദ്ധിയുള്ള അവസരവാദികളുടെ കയ്യില്‍ അകപ്പെട്ട ഭിന്നിക്കപ്പെട്ട ഒരു ഗവണ്മെന്റ് എപ്പോഴും നിര്‍ഭാഗ്യകരമായ ഒരു പര്യവസാനമാകും. 2014ല്‍ അത് ഒരു ദുരന്തമായേക്കും. വോട്ടര്‍മാരായ നാം ഓരോരുത്തര്‍ക്കും രാജ്യത്തെ പരാജയപ്പെടുത്താതിരിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തമുണ്ട്. ഇത് ആത്മപരിശോധനയ്ക്കും പ്രവര്‍ത്തനത്തിനുമുള്ള സമയമാണ്.
വാഗ്വാദങ്ങള്‍ നീതിയുക്തമാണെങ്കിലും അത് ജനാധിപത്യ മര്യാദകള്‍ക്ക് ഉള്ളില്‍ നിന്നു കൊണ്ടാകണം. ഭിന്നിപ്പിച്ച് ഭരിക്കുന്ന നയത്തിന് നമ്മുടെ ഉപഭൂഖണ്ഡം വലിയ വില നല്‍കേണ്ടി വന്നിട്ടുണ്ട്.
ഇന്ന് നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് 650 ല്‍ അധികം സര്‍വകലാശാലകളും 33,000 ല്‍ അധികം കോളജുകളും ഉണ്ട്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലാണ് ഇന്ന് നാം ശ്രദ്ധയൂന്നേണ്ടത്. ഇച്ഛാശക്തിയും നേതൃത്വവും ഉണ്ടെങ്കില്‍ നമുക്ക് വിദ്യാഭ്യാസ രംഗത്ത് ലോക ഔന്നത്യം നേടാം. വിദ്യാഭ്യാസമെന്നത് വരേണ്യവര്ക്ഷത്തിന്റെ പ്രത്യേകാനുകൂല്യമല്ല മറിച്ച് സാര്‍വത്രികമായ അവകാശമാണിന്ന്. ഇന്ത്യയുടെ ഭാഗധേയത്തിന്റെ വിത്തുകളാണ് അവ. ദേശീയ പുനരുത്ഥാനത്തിന് വിക്ഷേപണ അടിത്തറയാകുന്ന ഒരു വിദ്യാഭ്യാസ വിപ്ലവത്തെ നാം ആനയിക്കണം.
ലോകത്തിനു തന്നെ ഒരു മാതൃകയായി ഇന്ത്യയ്ക്കു മാറാം. മനുഷ്യ മനസ്സ് ഏറ്റവുമധികം പുഷ്ടിപ്പെടുന്നത് മഹാ ജ്ഞാനി രബീന്ദ്രനാഥ ടാഗോര്‍ പറഞ്ഞതു പോലെ ഭയത്തില്‍ നിന്നും മുക്തമാകുമ്പോഴും, അറിയപ്പെടാത്ത ലോകങ്ങളിലേക്ക് അറിവ് തേടി വ്യാപരിക്കുമ്പോഴും, അഭിപ്രായം പറയാനും എതിര്‍ക്കാനും ജനത്തിന് മൗലികാവകാശം ഉണ്ടാവുമ്പോഴുമാണ്.
വരുന്ന തിരഞ്ഞെടുപ്പില്‍ ആരു ജയിക്കും എന്നത് അത്ര പ്രധാനമല്ല. ആരു ജയിച്ചാലും അവര്‍ക്ക് ഇന്ത്യയുടെ സ്ഥിരതയിലും സത്യസന്ധതയിലും വികസനത്തിലും കലര്‍പ്പില്ലാത്ത ഉത്തരവാദിത്തം ഉണ്ടായിരിക്കണം എന്നതാണ് പ്രധാനം. ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ നമ്മുടെ പ്രശ്നങ്ങളെല്ലാം ഇല്ലാതാവില്ല. അസ്ഥിരതയുടെ ഘടകങ്ങള്‍ അടുത്ത കാലത്തായി വളര്‍ന്നു വരുന്ന വളരെ പ്രക്ഷുബ്ധമായ മേഖലയിലാണ് നാം ഇന്ന് ജീവിക്കുന്നത്. നമ്മുടെ ജനങ്ങള്‍ക്കിടയിലെ ഐക്യവും രാജ്യത്തിന്റെ അഖണ്ഡതയും അസ്ഥിരമാക്കാന്‍ വര്‍ഗീയ ശക്തികളും തീവ്രവാദികളും ഇനിയും ശ്രമിക്കുമെങ്കിലും അവര്‍ ഒരിക്കലും അതില്‍ വിജയിക്കില്ല. അതിര്‍ത്തി കാക്കുന്ന അതേ ചാതുര്യത്തോടെ രാജ്യത്തിനുള്ളിലുള്ള ഏതു ശത്രുവിനെയും ജനപിന്തുണയോടെ അടിച്ചമര്‍ത്താന്‍ കഴിയുമെന്ന് നമ്മുടെ സുരക്ഷാ, സായുധ സേനകള്‍ തെളിയിച്ചതാണ്. നമ്മുടെ സായുധ സേനകളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന നിരുത്തരവാദികളായ ഭിന്നാഭിപ്രായക്കാര്‍ക്ക് പൊതുജീവിതത്തില്‍ ഇടം ലഭിക്കാന്‍ പാടില്ല.
ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തി അതിന്റെ റിപബ്ലിക്കിലും നിശ്ചയദാര്‍ഢ്യത്തിന്റെ ധീരതയിലും, ഭരണഘടനയുടെ വിവേകത്തിലും, ജനങ്ങളുടെ രാജ്യസ്നേഹത്തിലുമാണ് കുടികൊള്ളുന്നത്. 1950 ല്‍ നാം റിപബ്ലിക്കിന്റെ പിറവി കണ്ടു. 2014 അതിന്റെ പ്രത്യുത്ഥാനത്തിന്റെ വര്‍ഷമാകുമെന്ന് എനിക്കുറപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: