വാഷിംഗ്ടണ്‍: അന്താരാഷ്ട്ര അമേരിക്കന്‍ ബ്രോഡ്കാസ്റ്ററായ സിഎന്‍എന്നിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളും ബ്ലോഗുകളും ഹാക്ക് ചെയ്തു. സിറിയന്‍ ഇലക്ട്രോണിക് ആര്‍മിയെന്ന പേരിലുള്ള ഹാക്കര്‍മാരുടെ ഗ്രൂപ്പാണ് അക്കൗണ്ടുകളില്‍ നുഴഞ്ഞ് കയറിയത്. സിഎന്‍എന്നിന്റെയും സിഎന്‍എന്‍ പൊളിറ്റിക്സിന്റെ പ്രധാന ഫേസ്ബുക്ക് അക്കൗണ്ടുകള്‍, ട്വിറ്റര്‍ പേജുകള്‍, സിഎന്‍എന്നിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് എന്നീ സോഷ്യല്‍ മീഡിയകളും പൊളിറ്റിക്കല്‍ ട്രിക്കര്, ദി ലീഡ്, സെക്യൂരിറ്റി ക്ലിയറന്‍സ്, ദി സിറ്റുവേഷന് റൂം, ക്രോസ്ഫയര് തുടങ്ങിയ ബ്ലോഗുകളുമാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്ത അക്കൗണ്ടുകളില്‍ ഹാക്കര്‍മാരുടെ സന്ദേശങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നെന്നും പക്ഷേ പ്രശ്നം പരിഹരിച്ചുവെന്നും പ്രത്യക്ഷപ്പെട്ട അനധികൃത സന്ദേശങ്ങള്‍ നീക്കം ചെയ്തതായും സിഎന്‍എന്‍ അറിയിച്ചു. ഇപ്പോള്‍ അക്കൗണ്ടുകള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതായി ബ്രോഡ്കാസ്റ്റിങ്ങ്് കമ്പനി വ്യക്തമാക്കി. അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാന്‍ പോകുന്നു എന്ന രീതിയിലുള്ള തലക്കെട്ടില്‍ സിഎന്‍എന്നിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് ബ്ലോഗില്‍ ഹാക്കര്‍മാര്‍ വ്യാജ സന്ദേശങ്ങളും പോസ്റ്റ് ചെയ്തു.
സിഎന്‍എന്നിന്റെ അക്കൗണ്ടുകള്‍ എങ്ങനെ ഹാക്ക് ചെയ്യാന്‍ സാധിച്ചുവെന്ന് സിറിയന്‍ ഇലക്ട്രോണിക് ആര്‍മി അംഗം വ്യക്തമാക്കിയതായി ടെക്വോം റിപ്പോര്‍ട്ട് ചെയ്തു. സിഎന്‍എന്‍ വ്യാജ വാര്‍ത്തകള്‍ നല്കുന്നതിലുള്ള പ്രതിഷേധമായാണ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതെന്ന് സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്ത സന്ദേശങ്ങളില്‍ പറയുന്നു. ഇതിന് മുമ്പ് സ്കൈപ്, ദി ന്യൂയോര്‍ക്ക് ടൈംസ്, ഏജന്‍സ് ഫ്രാന്‍സ് പ്രസ് തുടങ്ങിയവയുടെ അക്കൗണ്ടുകളും സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ഹാക്ക് ചെയ്തിട്ടുണ്ട്.
അമേരിക്കയുടെ സുരക്ഷാ വിഭാഗമായ എന്‍എസ്എ പൗരന്മാരുടെ വിവരങ്ങള്‍ ഹാക്ക് ചെയ്തതായുള്ള സ്നോഡന്റെ വെളിപ്പെടുത്തലോടെ മിക്ക രാജ്യങ്ങളും സ്ഥാപനങ്ങളും തങ്ങളുടെ അക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമായാണ് കൈകാര്യം ചെയ്തു പോരുന്നത്. ഇതിനോടനുബന്ധിച്ച് അന്താരാഷ്ട്ര കമ്പനികള്‍ അവരുടെ സൈറ്റുകള്‍ക്ക് സുരക്ഷ ശക്തമാക്കിയിരുന്നു. സിഎന്‍എന്നും ഏതാനം മാസം മുമ്പ് വെബ്സൈറ്റ് ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍ ശക്തിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് എസ്സിഎയുടെ ഹാക്കിങ്ങ് എന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: