ടെക്സാസ്: മസ്തിഷ്ക മരണം സംഭവിച്ച ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന് രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ അമേരിക്കന്‍ കോടതി അനുമതി നല്കി. സാങ്കേതികപരമായി സ്ത്രീ മരിച്ചുവെന്നും അവര്‍ക്ക് ഗര്‍ഭിണി എന്ന പരിഗണന നല്കാന് കഴിയില്ലെന്നും ടെക്സാസ് കോടതി ജഡ്ജി ജോണ്‍ പീറ്റര്‍ സ്മിത് ആശുപത്രിയോട് ഉത്തരവിട്ടു.
തിങ്കളാഴ്ച വൈകുന്നേരത്തിനകം ജീവന് രക്ഷാ സംവിധാനം നീക്കാന്‍ യുവതിയെ പ്രവേശിപ്പിച്ചിട്ടുള്ള ജോണ്‍ പീറ്റര്‍ സ്മിത്ത് ആശുപത്രി അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്കി. ഭാര്യയുടെ ജീവന്‍രക്ഷാ യന്ത്രങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് തന്നെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മൂന്നരമാസം ഗര്‍ഭിണിയായിരുന്ന മര്ലെസ് മ്യുണോസ് എന്ന 33കാരി കഴിഞ്ഞ നവംബറിലാണ് ബോധരഹിതയാകുന്നത്. രക്തം കട്ടപിടിച്ചതാണ് മര്ലെസിന്റെ മസ്തിഷ്ക മരണത്തിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഗര്‍ഭിണിയാണെന്നുള്ളത് കൊണ്ട് മാത്രമാണ് മര്ലെസിന്റെ ജീവന് ആശുപത്രി അധികൃതര്‍ നിലനിര്‍ത്തുന്നത്.
ഗര്‍ഭിണികളായ രോഗികള്‍ക്ക് ജീവന് രക്ഷാ ഉപകരണങ്ങള്‍ നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ജനുവരി പതിനാലിനാണ് എറിക് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ജീവന് രക്ഷാ ഉപകരണങ്ങള്‍ തുടരുന്നത് തന്റെ ഭാര്യയുടെ ആഗ്രഹത്തിന് എതിരാണെന്നാണ് എറികിന്റെ വാദം. നിയമപരമായി മര്ലെസ് മരിച്ചുകഴിഞ്ഞു. ജീവനില്ലാത്ത ശരീരത്തില്‍ ശസ്ത്രക്രിയ നടപടികള്‍ ചെയ്യുന്നത് മര്യാദാലംഘനമാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ എറിക് പറഞ്ഞു.
എറികിന്റെ വാദങ്ങളെ അംഗീകരിച്ച കോടതി സാങ്കേതികപരമായി മര്ലെസ് മരിച്ചുകഴിഞ്ഞു. ടെക്സാസ് ആരോഗ്യ സംരക്ഷണ നിയമങ്ങളനുസരിച്ച് ഗര്‍ഭിണിയായ രോഗി എന്ന ഗണത്തില്‍ മര്ലെസ് ഉള്‍പ്പെടില്ലെന്നും കോടതി നിരീക്ഷിച്ചു. മര്ലെസിന്റെ ഉദരത്തിലെ ഭ്രൂണത്തിന് ഇപ്പോള്‍ 22 ആഴ്ച വളര്‍ച്ചയാണ് ഉള്ളത്. എന്നാല്‍ ബോധരഹിതയാതിനു ശേഷം ചികിത്സ ലഭിക്കുന്നത് വരെ കുറച്ചുസമയം ഗര്‍ഭസ്ഥ ശിശുവിന് ഓക്സിജന്‍ ലഭിക്കാനിടയില്ല. അത് കൊണ്ട് തന്നെ കുഞ്ഞ് പൂര്‍ണ ആരോഗ്യവാനായിരിക്കാന്‍ ഇടയില്ലെന്ന് എറികിന്റെ അഭിഭാഷകര്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: