തിരുവനന്തപുരം: സാധാരണക്കാരുടെ നിത്യജീവിതത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങളടങ്ങിയതാണ് ധനമന്ത്രി കെ.എം.മാണി അവതരിപ്പിച്ച ബജറ്റ്. വന്‍കിട സ്വര്‍ണ്ണ വ്യാപാരികള്‍ക്കും ഹോട്ടലുകള്‍ക്കും ആനുകൂല്യങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചപ്പോള്‍ സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല.
അടിസ്ഥാന ഗതാഗത മേഖലയ്ക്ക് വലിയ അടിയാണ് ബജറ്റിലൂടെ നല്‍കിയിരിക്കുന്നത്. ഇതുമൂലം സാധാരണക്കാരന്റെ ഗതാഗതച്ചെലവ് വര്‍ദ്ധിക്കുകയും തൊഴില്‍ മേഖലയെന്ന നിലയില്‍ ഇതില്‍ പിന്നാക്കം പോകുകയും ചെയ്യും. മൂന്നു യാത്രക്കാര്‍ക്ക് യാത്രചെയ്യാവുന്ന മോട്ടോര്ക്യാബുകള്ക്ക് ടാക്സ് ഏര്‍പ്പെടുത്താനാണ് ബജറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവില്‍ മൂന്ന് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന മോട്ടോര്‍ ക്യാബുകള്‍ക്ക് നികുതി ഈടാക്കുവാന്‍ പ്രത്യേക വ്യവസ്ഥയില്ല. ഇവയ്ക്കും നികുതി ഏര്‍പ്പെടുത്താനാണ് ബജറ്റ് നിര്‍ദ്ദേശം. ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഒന്നിച്ചടയ്ക്കല് നികുതിയിലും വര്‍ദ്ധന വരുത്തി. ടാക്സി കാറുകളുടെ നികുതിയും കൂട്ടിയിട്ടുണ്ട്.
മോട്ടോര്‍ ക്യാബുകളുടെയും ആള് ഇന്ത്യാ മോട്ടോര്‍ ക്യാബുകളുടെയും വാര്‍ഷിക നികുതിയിലും വര്‍ദ്ധന വരുത്തി. കഴിഞ്ഞ 17 വര്‍ഷങ്ങളായി വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് വന്‍ വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. സ്വകാര്യവാഹനങ്ങള്‍ ഒറ്റത്തവണ നികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാകുന്നതിന് ആഡംബര കാറുകള്‍ ടാക്സിയായി രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിക്കുന്നത് പതിവാണ്. ഇതു പരിഹരിക്കുന്നതിന് 1500 സിസിയില്‍ കൂടുതല്‍ ക്യുബിക് കപ്പാസിറ്റിയുള്ള ടാക്സികളെ ലക്ഷ്വറി വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. അത്തരം പഴയ ടാക്സികളുടെ ത്രൈമാസ നികുതി 1500 രൂപയായി നിജപ്പെടുത്തും. 1500 സിസിയില്‍ കുറവുള്ളതും 10 ലക്ഷം വരെ വിലയുള്ളതുമായ ക്യാബുകള്‍ക്ക് 7% ആണ് 15 വര്‍ഷത്തേക്ക് ഒറ്റത്തവണ നികുതി. 1500 സിസിയില്‍ കുറവുള്ളതും 10 ലക്ഷത്തിനു മുകളില്‍ വിലയുള്ളതുമായവയ്ക്ക് 13%, 10 ലക്ഷത്തിനു മുകളിലുള്ള ടൂറിസ്റ്റ് മോട്ടോര്‍ ക്യാബുകള്‍ക്കും 15 ലക്ഷം വരെ വിലയുള്ള ലക്ഷ്വറി ടാക്സികള്‍ക്കും 12%, ഇറക്കുമതി ചെയ്ത 1500 സിസിയില്‍ കുറവുള്ള, 10 ലക്ഷത്തിനു മുകളിലുള്ള ടൂറിസ്റ്റ് മോട്ടോര്‍ ക്യാബുകള്‍ക്കും 15 ലക്ഷം വരെ വിലയുള്ള ലക്ഷ്വറി ടാക്സികള്‍ക്കും 22%, 15 ലക്ഷത്തിനു മുകളില്‍ വിലയുള്ള ലക്ഷ്വറി ടാക്സികള്‍ക്ക് 17%, ഇറക്കുമതിചെയ്ത 15 ലക്ഷത്തിനു മുകളില്‍ വിലയുള്ള ലക്ഷ്വറി ടാക്സികള്‍ക്ക് 33% എന്നിങ്ങനെയാണ് 15 വര്‍ഷത്തേക്ക് ഒറ്റത്തവണ നികുതി ഏര്‍പ്പെടുത്തുന്നത്. ഇതുമൂലം സര്‍ക്കാരിന് ഈ വര്‍ഷം 80 കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
നിലവിലുള്ള ടാക്സികള്‍ക്കും ടൂറിസ്റ്റ് ടാക്സികള്‍ക്കും ഒറ്റത്തവണ നികുതി ഏര്‍പ്പെടുത്തും. മോട്ടോര്‍ ക്യാബുകള്‍ക്ക് 5 വര്‍ഷത്തേക്ക് 7000 രൂപയും ടൂറിസ്റ്റ് മോട്ടോര്‍ ക്യാബുകള്‍ക്ക് 5 വര്‍ഷത്തേക്ക് 8500 രൂപയും ലക്ഷ്വറി ടാക്സികള്‍ക്ക് 2 വര്‍ഷത്തേക്ക് 12000 രൂപയുമാണ് പുതിയ നികുതി. 32 കോടിയുടെ മുന്‍കൂര്‍ വരുമാനമാണ് ഇതുവഴി നേടുന്നത്. കഴിഞ്ഞ 17 വര്‍ഷമായി പലവട്ടം ഓട്ടോ റിക്ഷകളുടെ യാത്രാ നിരക്ക് കൂട്ടിയപ്പോഴും നികുതി വര്‍ദ്ധിപ്പിച്ചിരുന്നില്ല. പുതിയ ഓട്ടോകള്‍ക്ക് ഈടാക്കുന്ന 5 വര്‍ഷത്തേക്കുള്ള ഒറ്റത്തവണ നികുതി പഴയ ഓട്ടോകള്‍ക്കും ഏര്‍പ്പെടുത്തും. എല്ലാ ഓട്ടോകളുടെയും ഒറ്റത്തവണ നികുതി 5 വര്‍ഷത്തേക്ക് 2000ല്‍ നിന്ന് 2500 ആക്കാനും ബജറ്റ് നിര്‍ദ്ദേശിക്കുന്നു. 25 കോടിയുടെ വരുമാനമാണ് സര്‍ക്കാരിന് ഇതിലൂടെ ലഭിക്കുന്നത്.
നികുതി കുടിശിക വരുത്തുന്ന വാഹന ഉടമകള്‍ക്ക് അഡീഷണല്‍ ടാക്സിനൊപ്പം 12% പലിശ ഈടാക്കുന്നതാണ്. ഇപ്പോള്‍ വാഹന നികുതി കുടിശികയായി 254 കോടിയോളമാണ് പിരിഞ്ഞു കിട്ടാനുള്ളത്. വര്‍ഷങ്ങളോളം കുടിശിക വരുത്തിയിട്ടുള്ള വാഹനങ്ങള്‍ക്ക് ടാക്സ് അടയ്ക്കുമ്പോഴോ റിക്കവറി നടപടികള്‍ സ്വീകരിക്കുമ്പോഴോ ഇപ്പോള്‍ പരമാവധി 50% അഡീഷണല്‍ ടാക്സ് മാത്രമാണ് ഏര്‍പ്പെടുത്തുന്നത്. ഇത്തരം വാഹനങ്ങള്‍ 6% കൂടുതല്‍ കുടിശിക വരുത്തുകയാണെങ്കില്‍ അവയില്‍ നിന്ന് അഡീഷണല്‍ നികുതിക്കൊപ്പം 12% പലിശയും കൂടി ഈടാക്കും. ഇതിലൂടെ സര്‍ക്കാരിന് ഒരു കോടിയോളം രൂപയുടെ വരുമാനമുണ്ടാകും. നികുതി അടയ്ക്കാത്തതിന് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്യുന്നതിനുള്ള മോട്ടോര്‍വാഹനങ്ങള്‍ക്ക് നല്കുന്ന നിര്‍ദ്ദേശവും ബജറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: