കൊച്ചി: യുവചിത്രകാരി പി.എസ് ജലജയുടെ ആദ്യത്തെ സോളോ പ്രദര്‍ശനത്തിന് കൊച്ചി അരങ്ങൊരുക്കുന്നു. പൊലീസ് പീഡനങ്ങളും ഭരണകൂടത്തിന്റെ കൈകടത്തലുകളുമാണ് പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളിലെ പ്രധാന വിഷയം. ഫോര്‍ട്ട് കൊച്ചി കാശി ആര്‍ട്ട് ഗ്യാലറിയിലാണ് ശനിയാഴ്ച മുതല്‍ ഒന്‍പത് ആഴ്ച നീണ്ടു നില്ക്കുന്ന പ്രദര്‍ശനം നടക്കുന്നത്. വിദേശത്തും സ്വദേശത്തും അനവധി പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുള്ള 30കാരിയായ ജലജയുടെ ആദ്യത്തെ ഏകാംഗപ്രദര്ശനമാണിത്. സമീപകാലത്ത് വരച്ച 16 ചിത്രങ്ങളാണ് കാശി ആര്‍ട്ട് ഗ്യാലറിയിലെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പേപ്പറില്‍ ജലച്ചായത്തിലുള്ള ചിത്രങ്ങളാണ് എല്ലാം.
2011 മുതല്‍ സമീപകാലം വരെ വരച്ച ചിത്രങ്ങളാണ് പ്രദര്ശനത്തിലുള്പ്പെടുത്തുന്നതെന്ന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്ന് ഫൈന്‍ ആര്‍ട്സില്‍ മാസ്റ്റര്‍ ഡിഗ്രി നേടിയിട്ടുള്ള പെരുമ്പാവൂര്‍ കീഴില്ലം സ്വദേശിയായ ജലജ പറഞ്ഞു. പേരിട്ടിട്ടില്ലാത്ത പ്രദര്‍ശനത്തിലെ ചിത്രങ്ങളില്‍ രണ്ടെണ്ണം കേരളത്തെ കേന്ദ്രീകരിച്ചുള്ളതാണ്. ഒന്‍പതെണ്ണം ‘നവരസം’ എന്നു പേരിട്ടിട്ടുള്ള പരമ്പരയാണ്. സാമൂഹ്യ സാംസ്കാരിക രംഗത്തെ നവോത്ഥാനനേതാക്കളെപ്പറ്റിയുള്ളതാണ് അഞ്ച് ചിത്രങ്ങള്‍. 50 ചതുരശ്ര അടി ക്യാന്‍വാസില്‍ വരച്ച രണ്ടു ചിത്രങ്ങള്‍ പ്രാഗ് ബിനാലെയില്‍ പ്രദര്ശിപ്പിച്ചവയാണ്. മുംബൈ ഗ്യാലറിയിലെ പ്രദര്‍ശനത്തിനുശേഷം അവ കഴിഞ്ഞദിവസം തിരിച്ചുവന്നതേയുള്ളുവെന്ന് ജലജ സൂചിപ്പിച്ചു.
സാമൂഹ്യ, രാഷ്ട്രീയ ആശങ്കകള്‍ ആഴത്തില്‍ പങ്കുവയ്ക്കുന്നവയാണ് ജലജയുടെ സൃഷ്ടികളെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് കൂടിയായ ബോസ് കൃഷ്ണമാചാരി പറഞ്ഞു. പ്രാദേശികവും ആഗോളവുമായ പ്രശ്നങ്ങളെ സാമ്പത്തിക, രാഷ്ട്രീയ, വംശീയ, സാമുദായിക കാഴ്ചപ്പാടോടെ വിശകലനം ചെയ്യുന്നവയാണ് ജലജയുടെ ചിത്രങ്ങളെന്ന് കാശി ആര്‍ട് ഗ്യാലറിയിലെ എഡ്ഗാര്‍ പിന്റോ ചൂണ്ടിക്കാട്ടി. കൃത്യമായ പ്രതിബദ്ധതയോടെ തന്റെ ക്രിയാത്മക ഇടങ്ങളിലേക്ക് ജലജ അവയെ കൊണ്ടുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗ്വാങ്ങ്ചു ബിനാലെ ഫൗണ്ടേഷന് പ്രസിദ്ധീകരിച്ച 35 എമര്‍ജിംഗ് ഏഷ്യന്‍ ആര്‍ട്ടിസ്റ്റ്സ് എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ജലജ വഡോദര, കൊടൈക്കനാല്‍, ഗോകര്‍ണം, കൊല്ലം, തൃശൂര്‍, വാഗമണ്‍ എന്നിവടങ്ങളില്‍ നടന്ന മുന്‍നിര കലാ ക്യാംപുകളിലും പങ്കെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: