കോഴിക്കോട്: എടിഎമ്മില്‍ നിന്നും ഉപഭോക്താവിനെ കബളിപ്പിച്ച് പണം തട്ടുന്ന അന്തര്‍സംസ്ഥാന തട്ടിപ്പ് സംഘം അറസ്റ്റില്‍. ബീഹാര്‍, ഒറീസ, സ്വദേശികളായ രാഹുല്‍രാജ് (28), മുഹമ്മദ് റബാനിഖാന് (22), ചന്ദന്‍സിംഗ്(26), എന്നിവരെയാണ് കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രിന്‍സ് അബ്രഹാം, മെഡിക്കല്‍ കോളജ് സി.ഐ. ഉല്ലാസ്, മെഡിക്കല്‍ കോളജ് എസ്. ഐ. ശശിധരന് ചാലില്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
ഇടുക്കി, വയനാട് ജില്ലകളിലൊഴികെ സംസ്ഥാനത്തെ മറ്റു ജില്ലകളിലെ എടിഎമ്മുകളില്‍ നിന്നും ഇവര്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
2013 മാര്‍ച്ചിലാണ് സംഘം ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തിലെത്തുന്നത്. ലോഡ്ജുകളില്‍ താമസിച്ച് എടിഎമ്മുകളില്‍ നിന്ന് പണം കവര്‍ച്ച നടത്തി ബാങ്ക് അക്കൗണ്ട് വഴി നാട്ടിലേക്ക് അയച്ചുകൊടുക്കുന്ന രീതിയാണ് ഇവര്‍ സ്വീകരിച്ചിരുന്നത്. ഉപഭോക്താവ് എടിഎം കൗണ്ടറിലെത്തുന്നതിന് മുമ്പ് ഇവര്‍ കൗണ്ടറിനുള്ളില്‍ കവര്‍ച്ചക്കുള്ള നടപടികള്‍ സജ്ജീകരിക്കുന്നു. പിന്നീട് ഉപഭോക്താവിനെ സഹായിക്കാനെന്ന വ്യാജേന എത്തിയാണ് കവര്‍ച്ച നടത്തുന്നത്. ടൂത്ത്പിക്ക് ഉപയോഗിച്ച് ഉപഭോക്താവിന്റെ എടിഎമ്മിലെ എന്റര്‍ ബട്ടന് തടസ്സപ്പെടുത്തിയാണ് കവര്‍ച്ച നടത്തുന്നതെന്ന് സിറ്റി പോലീസ് ചീഫ് ജി. സ്പര്‍ജന്‍കുമാര്‍ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ട 15 പരാതികള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തു നിന്ന് ഒമ്പതും കോഴിക്കോട്ടു നിന്ന് മൂന്നും പരാതികള്‍ നിലവിലുണ്ട്.
കോഴിക്കോട് കോട്ടൂളിയിലെ മഠത്തില്‍ സുരേഷ്ബാബുവിന്റെ 40,000 രൂപ കവര്‍ച്ച ചെയ്ത കേസിലാണ് എടിഎം കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്. ഡെപ്യൂട്ടി പോലീസ് മേധാവി കെ.ബി. വേണുഗോപാലന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ച പ്രത്യേക സംഘം കോഴിക്കോട്ടെ ഒരു ലോഡ്ജില്‍ രണ്ട് ഉത്തരേന്ത്യക്കാര്‍ താമസിച്ചതായി കണ്ടെത്തിയിരുന്നു. അവിടെ നിന്ന് ലഭിച്ച മേല്‍വിലാസത്തിന്റെയും 9 അക്ക ഫോണ്‍ നമ്പറിന്റെയും അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒരു അക്കം കുറച്ചാണ് രജിസ്റ്ററില്‍ ഫോണ്‍ നമ്പര്‍ നല്‍കിയത്.
വിവിധ എടിഎമ്മുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ ഇതിനിടെ തട്ടിയെടുക്കപ്പെട്ട സാഹചര്യത്തില്‍ അന്വേഷണം വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. കുണ്ടമംഗലം എസ്.ഐ.എസ്.സജീവ്, സി.പി.ഒ.മാരായ ബാബു മണാശ്ശേരി, ഷാജു പാലത്ത്, ജി.എസ്. ജിജേഷ് എന്നിവര്‍ ബീഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ വിശദമായി അന്വേഷണം നടത്തി. വ്യാജ മേല്‍വിലാസമായതിനാല്‍ പ്രതികളെ കണ്ടെത്താനായില്ല. ഇതിനിടയില്‍ തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ പണം കവര്‍ച്ച ചെയ്യപ്പെട്ടു. എടിഎമ്മുകളിലെ പണമിടപാടുകള്‍ നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മെഡിക്കല്‍ കോളജ് കാമ്പസിന് സമീപത്തെ എടിഎമ്മിനടുത്ത് വച്ച് ഇവരെ കസ്റ്റഡിയിലെടുത്തത്. എസ്.ഐ. രാജന്, എ.എസ്.ഐ. വിശ്വനാഥന്, സി.പി.ഒ. മാരായ ബാബുമണാശ്ശേരി, ഷാജുപാലത്ത്, ജി.എസ്. ശ്രീജീഷ്, ഫെബിന്, ഷൈബു, ഹോംഗാര്‍ഡ് ഷിനോദ്കുമാര്‍ തുടങ്ങിയവരുടെ സംഘമാണ് പ്രതികളെ പിടിച്ചത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: