കൊച്ചി : ആഗോള തലത്തില്‍ ഗണിക്കപ്പെടുന്ന വലിയ ബാങ്കുകള്‍ ഇന്ത്യക്കാവശ്യമാണെന്ന് കാത്തലിക് സിറിയന്‍ ബാങ്ക് മാനേജിങ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രാകേഷ് ഭാട്യ അഭിപ്രായപ്പെട്ടു. നമ്മുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പോലും ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗ്രേറ്റര്‍ കൊച്ചി ബാങ്കേഴ്സ് ക്ലബ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു ഭാട്യ പറഞ്ഞു.
ലോകത്തെ ഏറ്റവും വില പിടിപ്പുള്ള 10 ബാങ്കുകളില്‍ മൂന്നെണ്ണം ചൈനയിലാണെന്ന് ഭാട്യ ചൂണ്ടിക്കാട്ടി. രാജ്യത്ത് ചെറിയ സ്വകാര്യ ബാങ്കുകള്‍ക്കും പ്രസക്തിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിലെ പ്രത്യേക ജനവിഭാഗങ്ങളെ കേന്ദ്രീകരിച്ച് മികച്ച സേവനം ലഭ്യമാക്കുന്ന ചെറിയ ബാങ്കുകള്‍ക്ക് തുടര്‍ന്നും ഭാവിയുണ്ട്. അമേരിക്കയില്‍പ്പോലും നിരവധി ചെറിയ ബാങ്കുകള്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി നിലവില്‍ മോശമാണെങ്കിലും അടുത്ത പൊതു തൊരഞ്ഞെടുപ്പിനുശേഷം സ്ഥിതി മെച്ചപ്പെടുമെന്നാണ് കരുതുന്നതെന്ന് രാകേഷ് ഭാട്യ പറഞ്ഞു.
ഗ്രേറ്റര്‍ കൊച്ചി ബാങ്കേഴ്സ് ക്ലബ് പ്രസിഡന്റ് പീറ്റര്‍ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി കെ.യു. ബാലകൃഷ്ണന് സ്വാഗതവും ട്രഷറര്‍ ജേക്കബ് എം. ജോണ്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: