കൊല്‍ക്കത്ത: അന്യമതക്കാരനെ പ്രണയിച്ചതിന് ആദിവാസി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. സംഭവസ്ഥലം സന്ദര്‍ശിച്ച് ഒരാഴ്ചയ്ക്കകം നിര്‍ദേശം നല്കാന് ജില്ലാ ജഡ്ജിക്ക് സുപ്രീംകോടതി നിര്‍ദേശം നല്കി.
ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് പശ്ചിമബംഗാള്‍ സര്‍ക്കാരിനോടും ചീഫ് ജസ്റ്റിസ് പി.സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ഡിവിഷന് ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുപത് വയസുള്ള യുവതിയെ ഗ്രാമസഭയുടെ ഉത്തരവ് അനുസരിച്ച് പൊതു സ്ഥലത്ത് വച്ച് പതിമൂന്ന് പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്ത സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പരാതിയെത്തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
പോലീസ് ഇടപെടല്‍ ശക്തമല്ലെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ സ്ഥലം എം.പിയെ സസ്പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടു. കൊല്‍ക്കത്തയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ലാഭ്പൂരിലാണ് സംഭവം നടന്നത്. വൃദ്ധന്മാരടക്കമുള്ളവരാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെണ്‍കുട്ടിയെയും കാമുകനെയും കെട്ടിയിട്ടശേഷം ശിക്ഷ വിധിക്കുകയായിരുന്നു. 25,000 രൂപ പിഴയൊടുക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്. പണമില്ലാത്തതിനാലാണ് പകരം മാനഭംഗം ശിക്ഷയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: