പാലക്കാട്: ശബരിമലയില്‍ എത്തുന്ന അയ്യപ്പന്മാര്ക്ക് ഭക്ഷണം, കുടിവെള്ളം, താമസം, ദര്‍ശനം, ചികിത്സ തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ക്ക് വേണ്ടസൗകര്യങ്ങള്‍ നല്‍കേണ്ടത് സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റെയും ഭരണഘടനാപരമായ ബാധ്യതയും ധാര്‍മ്മിക ചുമതലയുമാണെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു.
കഴിഞ്ഞ മണ്ഡലവ്രതകാലത്ത് അയ്യപ്പന്മാര് വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നു. റെയില്‍വേ വകുപ്പ് സ്പെഷ്യല്‍ സര്‍വ്വീസുകള്‍ അനുവദിക്കുന്നതില്‍ കുറ്റകരമായ അലംഭാവം കാട്ടി. തന്മൂലം കിട്ടിയ വണ്ടിയില്‍ തള്ളിക്കയറിയാണ് അന്യസംസ്ഥാനങ്ങളിലെ തീര്‍ത്ഥാടകര്‍ യാത്ര ചെയ്തത്. വിഐപികള്‍ക്ക് വേണ്ടി ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതുമൂലം തീര്‍ത്ഥാടകര്‍ നന്നേ കഷ്ടപ്പെട്ടു. കെട്ടുനിറച്ച് എത്തിയ അയ്യപ്പന്മാരെയും ഗുരുസ്വാമിമാരെയും മകരവിളക്ക് ദിവസം ശബരിമല തിരുമുറ്റത്തു നിന്നും ഒഴിവാക്കി വിഐപികളെക്കൊണ്ട് നിറച്ചു. വളരെക്കാലമായി ജ്യോതി ദര്‍ശിക്കാന്‍ വരുന്ന സ്വാമിമാരെ ദുരേയ്ക്ക് ഒഴിച്ചുനിര്‍ത്തി. തിരുവാഭരണ പേടകവുമായി വന്ന അയ്യപ്പന്മാരെ പോലീസ് ഒഴിവാക്കുകയും പേടകം ബലപ്രയോഗത്താല്‍ അവരില്‍ നിന്ന് പിടിച്ചു വാങ്ങിക്കുകയും ചെയ്തത് ആചാര ലംഘനമാണെന്നും കുമ്മനം പറഞ്ഞു.
ദര്‍ശനത്തിനു വന്നവരില്‍ നിന്നും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പണം വാങ്ങുന്നത് ധര്മ്മശാസ്തൃ സങ്കല്പ്പത്തിന് എതിരാണ്. മുറികള്‍ക്ക് വില ഇരട്ടിയായിരുന്നു. അന്നദാന പ്രഭുവായ സ്വാമിയുടെ തിരുസന്നധിയില്‍ അന്നദാനം നടത്തുവാന്‍ ജനുവരി പത്തുമുതല്‍ പ്രതിദിനം ഒരുലക്ഷം രൂപയും അതിനുമുമ്പുള്ള ദിവസങ്ങളില്‍ പതിനായിരം രൂപയും തറവാടക ഇനത്തില്‍ വാങ്ങി. അത് മൂലം അന്യസംസ്ഥാനങ്ങളിലെ ട്രസ്റ്റുകളും സംഘടനകളും അന്നദാനം നടത്താതെയാണ് മടങ്ങിയത്.
ഭക്ഷണം, താമസം, കുടിവെള്ളം, ചികിത്സ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ അയ്യപ്പന്മാരുടെ അവകാശമാണ്. കുന്നാര്‍ ഡാമിലെ ജലശേഖരം അപര്യാപ്തമാണെന്ന് ബോധ്യപ്പെട്ടിട്ടും ഡാം ഭിത്തിയുടെ ഉയരം വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകുന്നില്ല. അതിനാല്‍ അവിടെ ശേഖരിച്ചിട്ടുള്ള പരിമിതമായ വെള്ളം ഉപയോഗിച്ചാണ് വിതരണ സംവിധാനം ക്രമീകരിച്ചത്. മാലിന്യ സംസ്ക്കരണ പ്ലാന്റും വേണ്ട വിധത്തില്‍ ശുചീകരിച്ച് ശബരിമലയെ പരിരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: