കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ സിപിഎം ജില്ലാസെക്രട്ടറിയേറ്റ് അംഗം പി. മോഹനന് ഉള്‍പ്പെട്ട ഓര്‍ക്കാട്ടേരിയിലെ പൂക്കടയിലെ ഗൂഢാലോചന തെളിയിക്കപ്പെടാതെ പോയത് വ്യക്തമായ ഒത്തുകളിയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. ഇക്കാര്യത്തില്‍ ഒത്തുകളി നടന്നെന്ന ബിജെപിയുടെ ആരോപണം ശരിവെക്കുന്നതാണ് ടിപി കേസ് വിധിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ കെ.സി. രാമചന്ദ്രനെ പൂക്കടയിലെ തെളിവെടുപ്പിന് കൊണ്ടുപോയത് വൈകിട്ട് അഞ്ച് മണിക്കെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ അറസ്റ്റ് ചെയ്ത രാമചന്ദ്രനെ ആ ദിവസം പോലീസ് കുണ്ടമംഗലം കോടതിയില്‍ ഹാജരാക്കുന്നത് ഇതേ സമയത്താണ്.
രാമചന്ദ്രനെ കുണ്ടമംഗലം കോടതിയില്‍ വൈകിട്ട് 4.30 നാണ് ഹാജരാക്കുന്നത്. ഇവിടെ നിന്ന് കോടതി നടപടികള്‍ക്ക് ശേഷം ഒന്നര മണിക്കൂറിന് ശേഷമാണ് രാമചന്ദ്രനെ തിരിച്ചു കൊണ്ടുപോകുന്നത്. പൂക്കടയിലെ ഗൂഢാലോചനയുടെ പേരില്‍ മോഹനനെതിരായ തെളിവ് വ്യാജമാണെന്ന പ്രതിഭാഗത്തിന്റെ വാദത്തെ ന്യായീകരിക്കുന്ന രീതിയിലാണ് ഈ നടപടി ഉണ്ടായത്.
ടി.പി. കേസില്‍ പ്രോസിക്യൂട്ടര്‍മാരുടെ ഇടപെടല്‍ കേസ് അന്വേഷണ ഘട്ടത്തില്‍ തന്നെ ഉണ്ടായിരുന്നു. അന്വേഷണസംഘത്തെ സഹായിക്കാനായിരുന്നു ഇത്. എന്നാല്‍ അന്വേഷണ ഘട്ടത്തിലും തെളിവെടുപ്പ് സമയത്തും സാക്ഷികളെ ഉള്‍പ്പെടുത്തുന്നതിലും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഇത് സ്വാഭാവികമല്ലെന്നും സര്‍ക്കാരും കോണ്‍ഗ്രസ്സും സിപിഎം നേതൃത്വവും നടത്തിയ വ്യക്തമായ ഒത്തുതീര്‍പ്പിന്റെ ഭാഗമായിരുന്നെന്നും സുരേന്ദ്രന് ആരോപിച്ചു. ഇതിന് സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബോധപൂര്‍വ്വമാണ് ആര്‍എംപിയുടെ നേതാക്കളെ സാക്ഷി പട്ടികയില്‍ ചേര്‍ത്തത്. ഇത് പ്രതിഭാഗത്തിന് അനുകൂലമാകുകയായിരുന്നു. കേസ് തെളിയിക്കുന്നതിന് ശക്തരായ സാക്ഷികളെ കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് തയ്യാറായില്ല. മഹസര്‍ സാക്ഷിയായത് ഒരു മുസ്ലിം ലീഗ് നേതാവാണ്.
പ്രത്യേക സാഹചര്യത്തില്‍ ഈ സാക്ഷി കോടതിയില്‍ ഹാജരാകാന്‍ തയ്യാറായിട്ടുമില്ല. ടി.പി. കേസില്‍ പ്രതിയായിരുന്ന പി. മോഹനനെ ചോദ്യം ചെയ്യാന്‍ ഒരു സന്ദര്‍ഭത്തിലും പോലീസ് തയ്യാറായിട്ടില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതൃത്വവും സിപിഎമ്മും ടിപി വധക്കേസില്‍ ഗൂഢാലോചന നടത്തിയവരെ രക്ഷപ്പെടുത്താന്‍ നടത്തിയ ഒത്തുകളി ആര്‍എംപി നേതൃത്വം തിരിച്ചറിയണമെന്ന് സുരേന്ദ്രന് പറഞ്ഞു. കേസില്‍ വമ്പന്‍ സ്രാവുകളെ പിടിച്ചില്ലെന്ന് മാത്രമല്ല ചെറുമീനുകളെ പോലും രക്ഷപ്പെടുത്താനാണ് ശ്രമം നടന്നത്.
അതുകൊണ്ട് തന്നെ ടിപി കേസില്‍ സിബിഐ അന്വേഷണം വേണമന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: