ന്യൂദല്‍ഹി: “കേജ്രിവാള് ഏറ്റവും വലിയ നിയമലംഘകനായ മുഖ്യമന്ത്രിയാണ്. ഒരു മുഖ്യമന്ത്രി ഇങ്ങനെയാണെങ്കില്‍ ഏതു നിയമമാണ് സാധാരണക്കാര്‍ അനുസരിക്കുക. പരസ്യമായാണ് നിയമലംഘനം. അദ്ദേഹം അധികാരത്തില്‍ തുടരുന്നല്ലൊ എന്ന് ഞാന്‍ അതിശയിക്കുകയാണ്,” പറയുന്നത് ഒരുകാലത്ത് കേജ്രിവാളിന്റെ ഉറ്റസഹപ്രവര്ത്തകയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുമായിരുന്ന കിരണ്‍ബേദി. ദല്‍ഹി പോലീസിനെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ തെരുവു സമരത്തോടു പ്രതികരിക്കുകയായിരുന്നു കിരണ്‍ ബേദി.
“അദ്ദേഹം ഒരു അരാജകവാദിയെപ്പോലെയാണ് പെരുമാറിയത്. കേന്ദ്രത്തില്‍ ശക്തമായ ഒരു സര്‍ക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ കേജ്രിവാളിന്റെ ദല്‍ഹി മന്ത്രിസഭയെ പുറത്താക്കിയേനെ. ദല്‍ഹി മന്ത്രിസഭ മുഴുവന്‍ തന്നെയാണ് 144-ാം വകുപ്പ് ലംഘിച്ചത്. എഎപി പ്രവര്‍ത്തകര്‍ക്ക് പകരം ഇവര്‍ക്കെതിരെയാണ് കേസെടുക്കേണ്ടത്,” ബേദി പറഞ്ഞു. എഎപിയുടെ ഈ രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള സൂചനകള്‍ മുമ്പേ കണ്ടിരുന്നുവെന്ന് കിരണ്‍ ബേദി പറഞ്ഞു. “ഇതൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാമായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന് നോക്കി. അണ്ണായുടെ സാന്നിധ്യം ചില വിലക്കുകള്ക്കിടയാക്കി.
ഇവിടെ ഒറ്റയാളേ ഉള്ളൂ, എന്തു തീരുമാനവും എടുക്കാമെന്ന സ്ഥിതിയാണ്. ദല്ഹിക്കുവരും മുമ്പ് അദ്ദേഹം ഇതെല്ലാം കാട്ടിയിരുന്നത് ഹിമാചലിലാണ്,” ബേദി പറഞ്ഞു.
തന്റെ പാര്‍ട്ടിയില്‍ ആളെ കൂട്ടാന്‍ കേജ്രിവാള് മാധ്യമങ്ങളെ ഉപയോഗിക്കുകയാണ് ബേദി കുറ്റപ്പെടുത്തി. “ദല്‍ഹി പോലീസിന് ഉത്തരവാദിത്തം പാര്‍ലമെന്റിനോടാണ്. ആ ചട്ടത്തില്‍ മാറ്റം വരുത്തണമെങ്കില്‍ പാര്‍ലമെന്റ് തീരുമാനിക്കണം. അതിന് ചര്‍ച്ചകള്‍ വേണം, ക്ഷമ വേണം, അല്ലാതെ അരാജകത്വം ഉണ്ടാക്കുകയല്ല വേണ്ടതെന്ന് ചോദ്യത്തിനുത്തരമായി ബേദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: