കൊച്ചി: കാര്‍ബണ്‍ കമ്പനിയുണ്ടാക്കിയ പാരിസ്ഥിതിക പ്രശ്നങ്ങളും തുടര്‍ന്നു നടന്ന സമരങ്ങളുടെ മുറിപ്പാടുകളും ഉണങ്ങുന്നതിനു മുന്‍പെ കരിമുകള്‍ നിവാസികള്‍ വാണ്ടും പ്രക്ഷോഭത്തിലേക്ക്. ജനവാസ കേന്ദ്രമായ കരിമുകള്‍ ഇഎസ്ഐ കേന്ദ്രീയവിഹാര് പ്രദേശത്ത് ജീവനു ഭിഷണിയായ എക്സ്റേ റേഡിയേഷന് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫാബ്രിക്കേഷന്‍ യാര്‍ഡ് തുടങ്ങുന്നതിനുള്ള ജി.ആര്. കമ്പനിയുടെ നീക്കത്തിനെരെയാണ് നാട്ടുകാര്‍ സംഘടിച്ച് വെള്ളൂര്‍ ജനകീയ സമരസമിതി രൂപികരിച്ചത്. ബിപിസിഎല്ലിന്റെ പ്രോജക്ടുമായി ബന്ധപ്പെട്ടാണ് ഫാബ്രിക്കേഷന്‍ യാര്‍ഡ് വരുന്നതെന്നും സമരസമിതി ജോയിന്റ് കണ്‍വീനര്‍ എ.കെ.വര്‍ഗ്ഗിസ് ജന്മഭൂമിയോടു പറഞ്ഞു. ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് തുടങ്ങിയ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരിക്കുകയാണ്.
വടവുകോട് പുത്തന്‍ കുരിശ് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്നതാണ് ഈ സ്ഥലം. പഞ്ചായത്തിലെ ഇപ്പോഴത്തെ ജനസംഖ്യ 23000 ആണ്. പദ്ധതിയുടെ ഭാഗമായി 20000 അന്യസംസ്ഥാന തൊഴിലാളികള്‍ക്കു താമസസൗകര്യമൊരുക്കാന്‍ ലേബര്‍ക്യാമ്പ് തുടങ്ങുന്നതാണ് മറ്റൊരു പ്രധാന പ്രശ്നമായി നാട്ടുകാര്‍ ചൂണ്ടികാണിക്കുന്നത്. ജനസംഖ്യ ഇരട്ടിയായി ഉയരുന്നതുകൂടാതെ സാമൂഹിക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും നാട്ടുകാര്‍ ഭയപ്പെടുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്നതും ശ്രദ്ധേയമാണ്.
ബിപിസിഎല്ലിന്റെ ഏക്കറുകണക്കിനു സ്ഥലമാണ് ഉപയോഗിക്കാതെ കിടക്കുന്നത്. പദ്ധതിയുടെ ഭാഗമായി വരുന്ന യാര്‍ഡിന്റെ പ്രവര്‍ത്തനം ആ പ്രദേശങ്ങളിലൊന്നും തുടങ്ങാതെ തുടങ്ങാതെ ജനനിബിഡമായ പ്രദേശം തിരഞ്ഞെടുത്ത് സ്വകാര്യവ്യക്തിയെ ഏല്പിച്ചതിനു പിന്നില്‍ ഗൂഢോദ്ദേശ്യമുണ്ടെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഫാക്ട് ക്വാര്‍ട്ടേഴ്സ്, കേന്ദ്രീയ വിഹാര്‍ ക്വാര്‍ട്ടേഴ്സ് കൂടാതെ 550ഓളം കുടുംബങ്ങളും ഇവിടെകഴിയുന്നുണ്ട്. ഡോണ്‍, സെന്റ് ജൂഡ്, റിഫൈനറി തുടങ്ങി നിരവധി സ്കൂളുകളും ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും ഈ പ്രദേശത്തുണ്ട്. ഇതൊന്നും മുഖവിലക്കെടുക്കാതെ യാതൊരു മാനുഷിക പരിഗണനയും നല്‍കാതെ എടുത്ത ഈ തീരുമാനത്തില്‍ നിന്നും അധികൃതര്‍ പിന്‍വാങ്ങുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് നാട്ടുകരുടെ ഉറച്ച തീരുമാനം.
ഈ മാസം ആദ്യം വാര്‍ഡ് മെമ്പര്‍ കെ.എസ്.രമേശന്റെ നേതൃത്വത്തില്‍ ഗ്രാമസഭ ചേര്‍ന്ന് പദ്ധതിയെ പൂര്‍ണ്ണമായും എതിര്‍ക്കുന്നതിനു തീരുമാനമെടുത്ത് ആ തീരുമാനം പഞ്ചായത്തിന് കൈമാറിയിരുന്നു. പക്ഷെ നാളിതുവരെയായിട്ടും ഒരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല. പ്രത്യേകിച്ച് പദ്ധതിതുടങ്ങുന്നതിന് പഞ്ചായത്തിന്റെ മുന്‍കൂര്‍ അനുമതി എടുക്കാത്ത സാഹചര്യത്തില്‍. ഗിരിപൈ എന്നവ്യക്തിയുടെ സ്ഥലം മൂന്നു വര്‍ഷത്തേക്കാണ് ബിപിസിഎല്‍ കോണ്‍ട്രാക്ടറായ ജി.ആര്. കമ്പനി പാട്ടത്തിനെടുത്തിരിക്കുന്നത്. ഈ സ്ഥലത്തിന്റെ സമീപത്തുകൂടിയാണ് കുടിവെള്ളകനാല് ഒഴുകുന്നതും.
ബിപിസിഎല്‍ പദ്ധതി നേരിട്ടു നടത്താതെ സ്വകാര്യവ്യക്തിയെ ഏല്പിച്ചതുവഴി 20000 ത്തോളം മലയാളികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുന്നത്.
തൊഴിലില്ലായ്മയാണ് നമ്മള് അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം എന്ന് നമ്മുടെ ഭരണകര്‍ത്താക്കളും വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇതെന്നും ഓര്‍ക്കണം. നാട്ടുകാര്‍ക്ക് 500രൂപ വേതനം കൊടുക്കുമ്പോള്‍ അന്യസംസ്ഥാനതൊഴിലാളികള്‍ക്ക് 250രൂപ വേതനം കൊടുത്താല്‍ മതി എന്നാണ് കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നത്. കാര്‍ബണ്‍ കമ്പനിയുടെ മാലിന്യങ്ങള്‍ ശ്വസിച്ചും മറ്റും ഈ പ്രദേശത്തുള്ള നവജാത ശിശുക്കള്‍പോലും ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ പെട്ടുഴലുകയാണ്. തുടര്‍ന്നും റേഡിയോഗ്രാഫി ഉപയോഗിച്ചുള്ള അപകടകരമായ ഫാബ്രിക്കേഷന്‍ യാര്‍ഡുകളും അന്യസംസ്ഥാന തൊഴിലാളി കോളനികളും വരുന്നതില്‍ പ്രദേശ വാസികള്‍ ആശങ്കാകുലരാണ്.
കെ.എം.കനകലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: