ജനീവ: ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനായി അസദ് ഭരണകൂടവുമായും സിറിയന്‍ വിമതരുമായും വെവ്വേറെ ചര്‍ച്ചകള്‍ നടത്തുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ഇതിനായി മധ്യസ്ഥനെയും നിയമിച്ചു. ജനീവ ചര്‍ച്ചയിലെ ആദ്യ ദിനം നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇരു വിഭാഗങ്ങളും തയാറായില്ല.
പ്രസിഡന്റ് ബഷര്‍ അല്‍ അസദ് സ്ഥാനമൊഴിയണമെന്ന കടുത്ത നിലപാടാണ് അമേരിക്കയും സിറിയന്‍ വിമതരും ചര്‍ച്ചയില്‍ സ്വീകരിച്ചത്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാനാകില്ലെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ചര്‍ച്ചയില്‍ സിറിയയിലെ ഭരണമാറ്റത്തെച്ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. പ്രസിഡന്റ് ബഷര്‍ അല്‍ അസദ് സ്ഥാനമൊഴിയണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് അമേരിക്ക ചര്‍ച്ചയില്‍ നിലപാടെടുത്തു. അസദ് ഭരണകൂടം രാജി വച്ച് ഇടക്കാല സര്‍ക്കാരിന് ഭരണം കൈമാറണമെന്ന് വിമതരും ആവര്‍ത്തിച്ചു.
എന്നാല്‍ വൈകാരികമായ അഭിപ്രായ പ്രകടനങ്ങളുമായി സിറിയന്‍ വിദേശകാര്യമന്ത്രി വാലിദ് മുല്ലേം ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കുന്ന ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ കാഴ്ചക്കാരനായി മാറി. വിമതരും സര്‍ക്കാര്‍ പ്രതിനിധികളും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയത് തര്‍ക്കങ്ങള്‍ക്കിടയാക്കി.
സിറിയയിലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍ വിമതരാണെന്നും രാജ്യത്തെ ശിഥിലീകരിക്കാനാണ് വിമതരുടെ ശ്രമമെന്നും മുല്ലേം ആരോപിച്ചു. പ്രസിഡന്റ് അധികാരമൊഴിയുന്നതിനെപ്പറ്റി തീരുമാനിക്കേണ്ടത് സിറിയയിലെ ജനങ്ങളാണെന്ന് പറഞ്ഞ സിറിയന്‍ വിദേശകാര്യമന്ത്രി തന്റെ പ്രസംഗത്തില്‍ ഇടപെടാന്‍ ശ്രമിച്ച ബാന്‍ കി മൂണിന് നേരെയും കയര്‍ത്തു. ചര്‍ച്ച പ്രശ്ന പരിഹാരത്തിന് ഉതകുന്ന രീതിയിലുള്ളതാകണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും സമാധാന ചര്‍ച്ച വിജയിപ്പിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് റഷ്യയും പ്രതികരിച്ചു.
നാല്‍പ്പതിലേറെ രാജ്യങ്ങലിലെ വിദേശകാര്യമന്ത്രിമാരാണ് സ്വിറ്റ്സര്‍ലന്റിലെ ജനീവയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: