കോഴിക്കോട്: ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന് വധക്കേസ്സിന്റെ സാക്ഷി വിസ്താരം എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേകകോടതി ജഡ്ജി ആര്. നാരായണപിഷാരടി മുമ്പാകെ ആരംഭിച്ചത് കഴിഞ്ഞവര്‍ഷം ഫെബ്രുവരി 11 മുതലാണ്. 94 ദിവസമെടുത്താണ് 166 പ്രോസിക്യൂഷന് സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയത്. അന്വേഷണ സംഘാംഗം ഡി.വെ.എസ്.പി ജോസി ചെറിയാനെയാണ് അവസാനമായി കോടതി മുമ്പാകെ വിസ്തരിച്ചത്.
284 പേരാണ് സാക്ഷിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. രണ്ട് പേരെ പട്ടികയിലേക്ക് പിന്നീട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സാക്ഷിപ്പട്ടികയില്‍ ഉണ്ടായിരുന്ന 120 പേരെ വിസ്തരിക്കുന്നതില്‍ നിന്നും പ്രോസിക്യൂഷന് ഒഴിവാക്കിയിരുന്നു. ശേഷിച്ച 166 പേരെയാണ് വിചാരണക്കോടതി മുമ്പാകെ വിസ്തരിച്ചത്. സാക്ഷി വിസ്താരത്തിനിടയില്‍ 52 പേര് കൂറുമാറി. 10,0000 ത്തോളം പേജുകളിലായാണ് സാക്ഷികളുടെ മൊഴികള്‍ ജഡ്ജി രേഖപ്പെടുത്തിയിരിക്കുന്നത്. 574 രേഖകളും 105 തൊണ്ടി മുതലുകളുമാണ് പ്രോസിക്യൂഷന് തെളിവിനായി കോടതിയില്‍ ഹാജരാക്കിയത്. പ്രതികളടക്കമുള്ളവരുടെ 1000ത്തോളം മൊബൈല്‍ കാള്‍ അടക്കമുള്ള വിശദാംശങ്ങളും, ടി.പി ചന്ദ്രശേഖരന് കൊല്ലപ്പെടുമ്പോള്‍ സഞ്ചരിച്ച ബൈക്ക്, ടി.പി ഉപയോഗിച്ച വസ്ത്രങ്ങള്‍, കൈവശം ഉണ്ടായിരുന്ന വസ്തുക്കള്‍, കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാളുകള്‍, കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍, ടി.പി കൊല്ലപ്പെടുമെന്ന സൂചന നല്കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. 31 രേഖകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. 18 രേഖകള്‍ കോടതി നേരിട്ടും രേഖപ്പെടുത്തി.
76 പ്രതികളാണ് കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടു പേരെ വിചാരണയ്ക്ക് മുമ്പ് തന്നെ കോടതി ഒഴിവാക്കിയിരുന്നു. 15 പേരുടെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സാക്ഷി വിസ്താരത്തിനിടെയാണ് കേസിലെ 9-ാം പ്രതിയും സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയും എന്‍.ജി.ഒ യൂണിയന് നേതാവുമായിരുന്ന സി.എച്ച് അശോകന് മരിച്ചത്. പ്രതികളായ രണ്ട് പേരെ പിടികൂടാനായിട്ടില്ല. 20 പ്രതികളെ തെളിവിന്റെ അഭാവത്തില്‍ വിട്ടയച്ചു. കേസില്‍ അവശേഷിച്ചത് 36 പ്രതികളാണ്. 2013 ഡിസംബര്‍ 29 വരെയാണ് വിചാരണ നീണ്ടുനിന്നത്. ഇതില്‍ സിപിഎം പാനൂര്‍ ഏരിയ കമ്മറ്റി അംഗം പി.കെ. കുഞ്ഞനന്തന്, കുന്നുമ്മക്കര ലോക്കല്‍ സെക്രട്ടറി കെ.സി. രാമചന്ദ്രന്, പാര്‍ട്ടി അംഗം ട്രൗസര്‍ മനോജ് അടക്കം കൊലയാളി സംഘത്തിലെ 7 പേര് ഉള്‍പ്പെടെ 12 പേരെയാണ് കോടതി കേസില്‍ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്.അഡ്വ. സി.കെ ശ്രീധരന് സ്പെഷ്യല്‍ പ്രോസിക്യൂട്ടറും അഡ്വ. പി. കുമാരന് കുട്ടി അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുമാണ്. അഡ്വ. ബി. രാമന്‍പിള്ള, അഡ്വ. എം. അശോകന്, അഡ്വ. പി.വി. ഹരി, അഡ്വ. കെ. വിശ്വന്, അഡ്വ. കെ. ഗോപാലകൃഷ്ണകുറുപ്പ്, അഡ്വ. സി. ശ്രീധരന് നായര്‍, അഡ്വ. രാംദാസ്, അഡ്വ. ദാമോദരന്‍ നമ്പ്യാര്‍, അഡ്വ. പി.എന്‍, സുകുമാരന്‍, അഡ്വ. പി. ശശി തുടങ്ങി 14 ഓളം പേരാണ് പ്രതികള്‍ക്കായി കോടതിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: