കൊച്ചി: ക്രിക്കറ്റെന്ന കായികവിനോദം സമയംകൊല്ലിയാണെന്നും കളിയുടെ പകുതിയില്‍തന്നെ കാണികളുടെ ആകാംക്ഷ കളയുന്ന ഒന്നാണെന്നുമാണ് തൊടുപുഴ സ്വദേശിയും ഹോമിയോ ഡോക്ടറുമായ ജിന്സണ് എസ്.വേളാംകുന്നേലിന്റെ അഭിപ്രായം. അതിന് ജിന്സണ് പ്രതിവിധി കണ്ടതാകട്ടെ, ക്രിക്കറ്റിന് സമാനമായ ട്രിക്കറ്റെന്ന ഒരു പുതിയ കളിക്കുതന്നെ രൂപം നല്‍കിയും. ക്രിക്കറ്റിനോട് സാമ്യതകളേറെയുണ്ടെങ്കിലും വളരെ രസകരമാണ് ജിന്സണ് പുതിയതായി രൂപപ്പെടുത്തിയ ട്രിക്കറ്റ്.
ക്രിക്കറ്റിനെപ്പോലെ തന്നെ രണ്ട് ടീമുകള്‍ തമ്മിലാണ് ട്രിക്കറ്റും കളിക്കുന്നത്. ക്രിക്കറ്റില്‍ 11 പേരാണ് ഒരു ടീമിലെങ്കില്‍ ട്രിക്കറ്റില് അത് പന്ത്രണ്ടാണ്. 11 സാധാരണ കളിക്കാരനും ഒരു ഫീല്‍ഡറും. ഇയാള്‍ക്ക് ബൗളിങ്ങോ ബാറ്റിങ്ങോ ചെയ്യാന്‍ കഴിയില്ല. ഓരോ ടീമും 20 ഓവര്‍ കളിക്കണം. കളിയില്‍ ഒരു ബൗളര്‍ക്ക് പരമാവധി നാല് ഓവര്‍ എറിയാം. ബൗളിങ്ങിനും ഏറെ പ്രത്യേകതകളുണ്ട്. ഒരേസമയം രണ്ട് ബൗളര്‍മാര്‍ പന്തെറിയും. ഒരാള്‍ എറിയുമ്പോള്‍ മറ്റെയാള്‍ ബൗളിംഗ് മാര്‍ക്കിലേക്ക് നടക്കുന്നു. അങ്ങനെ ഇരുവരും കൂടി ഒരേസമയം 12 പന്തുകള്‍ എറിയും. മാര്‍ക്കിലേക്ക് നടക്കുന്ന ബൗളര്‍ക്ക് ഫീല്‍ഡ് ചെയ്യാന്‍ കഴിയില്ല. മാര്‍ക്കിലേക്ക് നടക്കുന്ന ബൗളറുടെ ദേഹത്ത് പന്ത് തട്ടിയാല്‍ എതിര് ടീമിന് ആറ് റണ്‍സ് അധികമായും ലഭിക്കും. എറിയുന്ന പന്ത് സ്റ്റമ്പിന് നേരെയും ഓഫ്സ്റ്റമ്പിന് കുറച്ച് പുറത്തോ മാത്രമായേ എറിയാന്‍ പാടുള്ളൂ. ബൗണ്‍സറുകളും ഷോര്‍ട്ട്പിച്ച് പന്തുകളും എറിയാന്‍ പാടില്ല. നോബോള്‍, ഷോര്‍ട്ട് പിച്ച്, വൈഡ് പന്തുകള്‍ക്ക് ആറ് റണ്‍സാണ് പിഴ. 12 പന്തുകള്‍ക്കുശേഷം വീണ്ടും അടുത്ത രണ്ടുപേര്‍ ബൗള്‍ ചെയ്യണം.
1, 2, 3, 4, 6 എന്ന രീതിയില്‍ തന്നെയാണ് റണ്ണുകള്‍. ഇവയ്ക്കൊപ്പം 20 റണ്ണിന്റെ ബീസറും 50 റണ്ണിന്റെ ജിന്സറും ഉണ്ടാകും. ബാറ്റ്സ്മാന് അടിക്കുന്ന പന്ത് പ്രത്യേകം ഒരു അടയാളത്തിന് മുകളില്‍ പോയി ഗ്രൗണ്ടില്‍തന്നെ എത്തിയാല്‍ അത് ബീസറായി. ലോങ്ങോണിലും ലോങ്ങോഫിലും വച്ചിരിക്കുന്ന ലക്ഷ്യത്തില്‍ കൊള്ളുന്ന സിക്സര്‍ ആണ് ജിന്‍സര്‍. ബീസര്‍ ക്യാച്ചെടുത്താല്‍ ഔട്ട് അനുവദിക്കില്ല. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് അവസാന പന്തിലെ ജിന്സറിന്റെ വില സ്കോര്‍ ചെയ്യാന്‍ ശേഷിക്കുന്ന മുഴുവന്‍ റണ്ണുമാണ്.
ക്ലീന്‍ ബൗള്‍ഡ് മാത്രമാണ് തീര്‍ച്ചയായ ഔട്ട്. ബാക്കിയെല്ലാ ഔട്ടുകളും പാര്‍ഷ്യല്‍ ഔട്ടുകളാണ്. ഒരു ബാറ്റ്സ്മാന് മൂന്ന് പാര്‍ഷ്വല്‍ ഔട്ടുകളായാല് കളിയില്‍നിന്ന് പുറത്താകും. ബാറ്റ്സ്മാന് എല്ലാ പന്തിലും റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കണം. തുടര്‍ച്ചയായി രണ്ട് പന്തുകള്‍ വെറുതെ വിട്ടാല്‍ ഒരു പാര്‍ഷ്യല്‍ ഔട്ടായി പരിഗണിക്കും.
ഇത്തരത്തില്‍ വളരെ രസകരമായ ഒരു കളിയുടെ ഉപജ്ഞാതാവായി മാറിയെങ്കിലും തൊടുപുഴ മൂലമറ്റം വേളാംകുന്നേല് ജിന്സണ് എന്ന ഭിഷഗ്വരന് അത് കേരളത്തിലെയോ രാജ്യത്തെയോ സ്പോര്‍ട്ട്സ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല. ട്രിക്കറ്റിന്റെ ഒരു അസോസിയേഷന് രൂപീകരിക്കാനാണ് തന്റെ ശ്രമമെന്ന് ജിന്സണ് പറഞ്ഞു. ക്രിക്കറ്റിനെപ്പോലെ തന്നെ തന്റെ ട്രിക്കറ്റിനും ജനപ്രീതി ലഭിക്കുമെന്നാണ് ജിന്‍സന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: