നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ ഉത്പ്പന്നങ്ങളുടെ പുതുക്കിയ സംഭരണശാല പ്രവര്‍ത്തനസജ്ജമാകുന്നു. വിമാനത്താവളം വഴി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പുതുക്കിയ ഡ്യൂട്ടി ഫ്രീ സംഭരണശാലയുടെ ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് സംസ്ഥാന ധനമന്ത്രി കെ. എം. മാണി നിര്‍വ്വഹിക്കും. പന്ത്രണ്ടര കോടി മുടക്കി നിര്‍മ്മിച്ച പുതിയ വെയര്‍ ഹൗസിന്റെ മുഖ്യസവിശേഷത അത്യാധുനിക റാക്കിങ് സംവിധാനമാണ്. മികച്ച ശീതീകരണ സംവിധാനവും കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങളും ഇവിടെയുണ്ട്. വെയര്‍ഹൗസിലെ റാക്കിങ് ഏരിയക്ക് 32000 ചതുരശ്രയടി വിസ്തീര്‍ണമുണ്ട്. റാക്കിങ് നിരകളിലേക്ക് സാധനങ്ങള്‍ എടുത്തുവയ്ക്കുന്നത് ഫോര്‍ക്ക് ലിഫ്റ്റുകള്‍ ഉപയോഗിച്ചാണ്.
വിദേശ രാജ്യങ്ങളില്‍ നിന്ന് കപ്പല്‍മാര്‍ഗം കണ്ടെയ്നറുകളിലെത്തുന്ന സാധനങ്ങള്‍ അതേപടി തന്നെ വെയര്‍ഹൗസിനുള്ളില്‍ എത്തിക്കുന്നു. ഒന്നര ടണ്‍ ഭാരം വരെ ഉയര്‍ത്താന്‍ ശേഷിയുള്ളവയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ള ഫോര്‍ക്ക് ലിഫ്റ്റുകള്‍. 25 ലക്ഷം രൂപ വിലവരുന്ന ഇറ്റാലിയന്‍ നിര്‍മിതമായ രണ്ട് ഫോര്‍ക്ക് ലിഫ്റ്റുകള്‍ പുതിയ ഡ്യൂട്ടി ഫ്രീ വെയര്‍ ഹൗസില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഒരുതവണ ബാറ്ററി ചാര്‍ജ് ചെയ്താല്‍ എട്ട് മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍ ഇവയ്ക്കാകും. പ്രത്യേക അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കേണ്ട മിഠായികള്‍, മറ്റ് മധുര പദാര്‍ത്ഥങ്ങള്‍ എന്നിവ സൂക്ഷിക്കുന്നതിനായി നാല് ശീതീകരണ നിയന്ത്രണ അറകളുണ്ട്. 12 മുതല്‍ 15 ഡിഗ്രി സെന്റിഗ്രേഡ് വരെ തണുപ്പ് നിലനില്‍ക്കുന്ന ഇവിടുത്തെ ശീതീകരണ നില ഓരോ രണ്ട് മണിക്കൂറിലും പരിശോധനയ്ക്ക് വിധേയമാക്കും. മുറിക്ക് പുറത്ത് നിന്ന് ഇത് നിയന്ത്രിക്കാനുള്ള സംവിധാനവുമുണ്ട്. ഇതിനുപുറമെ, സാധാരണ ശീതീകരണ സംവിധാനമുള്ള ആറ് സംഭരണ മുറികളും വെയര്‍ഹൗസിലുണ്ട്.
വെയര്‍ഹൗസിനുള്ളില്‍ വ്യപകമായി നിരീക്ഷണ ക്യാമറകള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടുത്തെ വൈദ്യുതി വിതരണ സംവിധാനം പൂര്‍ണമായും അഗ്നി പ്രതിരോധ സൗകര്യമുള്ളവയാണ്. ട്യൂബുകള്‍, ഫാനുകള്‍, സ്വിച്ചുകള്‍ എന്നിവയ്ക്കെല്ലാം ഈ പരിരക്ഷ ലഭിക്കും. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വരുമാനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ നവീകരണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടുത്ത പതിനഞ്ച് വര്‍ഷത്തിന്റെ വളര്‍ച്ച മുന്നില്‍ കണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: